ഉദിനൂർ/കാസർഗോഡ്: നാലു സഹോദരങ്ങൾ, അവരിൽ മുന്നുപേരും ജോലിചെയ്യുന്നത് ഒരേ വിദ്യാലയത്തിൽ. അധ്യാപകദിനത്തിൽ ഏറെ ആഹ്ലാദകരവും അഭിമാനകരവുമായ ഈ അപൂർവ നേട്ടം പങ്കുവെക്കുകയാണ് ഇവർ. പഠിച്ച വിദ്യാലയത്തിൽ അധ്യാപകരായതിലെ നിർവൃതിയോടൊപ്പം ഇവർക്ക് വിദ്യാലയകാര്യവും വീട്ടുകാര്യവും ഒന്നായിമാറുകയാണ്.

ഉദിനൂർ കിനാത്തിലെ സി.എം.പാറുക്കുട്ടി അമ്മയുടെയും പരേതനായ പുറവങ്കര കുഞ്ഞിക്കണ്ണൻ നായരുടെയും മക്കളായ സി.എം.സതി, സി.എം.സുധ, സി.എം.ബിന്ദു, സി.എം. സുരേഷ്കുമാർ എന്നിവരാണ് ഈ അധ്യാപകസഹോദരങ്ങൾ. സതി, സുധ, ബിന്ദു എന്നിവർ പാഠ്യപാഠ്യേതര പ്രവർത്തനരംഗങ്ങളിൽ സംസ്ഥാനത്തുതന്നെ മികച്ചുനിൽക്കുന്ന ഉദിനൂർ സെൻട്രൽ എ.യു.പി. സ്കൂളിലാണ് സേവനമനുഷ്ഠിക്കുന്നത്.

പടന്നക്കാട് എസ്.എൻ.ടി.ടി.ഐ.യിലെ അധ്യാപകനാണ് സുരേഷ്കുമാർ.

1985-ൽ ജോലിയിൽ പ്രവേശിച്ച സതിയാണ് അധ്യാപകപരമ്പരയ്ക്ക് തുടക്കംകുറിച്ചത്. രണ്ടു തലമുറയ്ക്ക് അക്ഷരവെളിച്ചം നൽകിയ ചാരിതാർഥ്യമുണ്ട്. 2001-ൽ ബിന്ദുവും 2002-ൽ സുധയും ഇവരുടെ പിന്തുടർച്ചക്കാരായി ഉദിനൂർ സ്കൂളിലെത്തി. സ്കൂളിന്റെ പാഠ്യപാഠ്യേതര മേഖലകളിൽ സക്രിയരാണ് ഇവർ. 2000-ൽ എസ്.എൻ.എ.യു.പി. സ്കൂളിൽ പ്രൈമറി അധ്യാപകനായി ആയിരുന്നു സുരേഷ്കുമാറിന്റെ അധ്യാപകരംഗത്തെ കാൽവെപ്പ്. പിന്നീടാണ് അധ്യാപകവിദ്യാർഥികളുടെ പരിശീലകനായി മാറിയത്.

പിലിക്കോട് പടുവളത്ത് താമസിക്കുന്ന സുധയുടെ ഭർത്താവ് സി.ചന്ദ്രനും അധ്യാപകനായിരുന്നു. സുരേഷ്കുമാറിന്റെ ഭാര്യ രമ്യയും അധ്യാപികയാണെന്നതും കണ്ണികൾ വിപുലപ്പെടുത്തുന്നു. സതിയുടെ ഭർത്താവ് ചെറുവത്തൂർ കുട്ടമത്തെ ഇ.വി. രത്നാകരൻ അങ്കമാലി ടെൽക്കിലെ ഉദ്യോഗസ്ഥനായിരുന്നു. ബിന്ദുവിന്റെ ഭർത്താവ് ചന്തേര പടിഞ്ഞാരെക്കരയിലെ പി.പി.ശൈലേഷ് കുമാർ ദൽഹി പോലീസ് ഉദ്യോഗസ്ഥനാണ്.

ഇവരുടെ അധ്യാപനത്തിലെ 'കുടുംബാധിപത്യ'ത്തിന് വേറെയും കണ്ണികളുണ്ട്. 1995 മുതൽ 2014 വരെ ഇവരുടെ പ്രഥമാധ്യാപകനായി പ്രവർത്തിച്ചത് അമ്മാവനായ സി.എം.മനോഹരനായിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ പി.പി.ശാലിനിയും ഇവർക്കൊപ്പം ജോലിചെയ്യുന്നുണ്ട്.

Content Highlights: Four siblings are doing Teaching as a profession, Teacher's Day 2020