മലപ്പുറം: പഠിപ്പിക്കുന്നത് ഇംഗ്ലീഷാണെങ്കിലും മനോജ് മാഷിന് ഏറെ പറയാനുള്ളത് പാട്ടുകളെക്കുറിച്ചും സിനിമയെക്കുറിച്ചുമാണ്. പാട്ടുകളേയും പാട്ടുകാരേയും വിടാതെ പിന്തുടരുകമാത്രമല്ല, വരുംതലമുറയ്ക്കായി അതെല്ലാം പുസ്തകമാക്കി സൂക്ഷിക്കുകയുംചെയ്തു ഈ അധ്യാപകൻ. പാട്ടും സിനിമയും വിഷയമാക്കി മുപ്പതോളം പുസ്തകങ്ങളാണ് ഇദ്ദേഹത്തിന്റേതായുള്ളത്. വെട്ടിച്ചിറ സ്വദേശിയായ ഡോ. എം.ഡി. മനോജ് ആതവനാട് മാട്ടുമ്മൽ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനാണ്.

കുട്ടിക്കാലത്തുതന്നെ പാട്ടിനോടും സിനിമയോടും അടങ്ങാത്ത താത്‌പര്യമുണ്ടായിരുന്നു. പ്രധാന പാട്ടുകളുടെയെല്ലാം വരികൾ ഹൃദിസ്ഥം. കലോത്സവങ്ങളിലൊക്കെ പാടുകയും ചെയ്യും. കുറച്ചുകാലം പാട്ടും, വയലിനും ഹാർമോണിയവുമെല്ലാം പഠിച്ചു. അധ്യാപകനായതിനുശേഷമാണ് പാട്ടുകളെക്കുറിച്ച് എഴുത്തുതുടങ്ങിയത്. സംഗീതസംവിധായകൻ രവീന്ദ്രൻ മരിച്ചപ്പോൾ അദ്ദേഹത്തെക്കുറിച്ച് ഒരു പ്രസിദ്ധീകരണത്തിൽ ലേഖനമെഴുതി. തുടർന്നാണ് രവീന്ദ്രനെക്കുറിച്ച് ഒരു പുസ്തകമെഴുതിയാലെന്താണെന്ന ചിന്തവരുന്നത്. വൈകാതെ 'രവീന്ദ്രസംഗീതം' എന്ന പുസ്തകം പുറത്തിറങ്ങി. തുടർന്ന് മാതൃഭൂമിയടക്കമുള്ള പ്രസാധകർക്കായി മിക്ക സംഗീതജ്ഞന്മാരുടേയും ജീവിതത്തെക്കുറിച്ച് പുസ്തകങ്ങൾ ചെയ്തു.

ചലച്ചിത്ര അക്കാദമിയുടെ ആവശ്യപ്രകാരവും പുസ്തകങ്ങളെഴുതി. സലിൻ ചൗധരി, കെ. രാഘവൻ, ഉദയഭാനു, പി. ഭാസ്കരൻ, എ.ആർ. റഹ്മാൻ തുടങ്ങി മുപ്പതോളം സംഗീതജ്ഞന്മാരെക്കുറിച്ച് മനോജ് എഴുതിക്കഴിഞ്ഞു.

പുതിയ സിലബസ് പ്രകാരം തിരക്കഥ, സിനിമ, ഫെസ്റ്റിവെൽ സംഘാടനം എന്നിവയൊക്കെ കുട്ടികൾക്ക് പഠിക്കാനുണ്ട്. ഇതെല്ലാം പഠിപ്പിക്കാൻ തന്റെ പാട്ടിനോടും സിനിമയോടുമുള്ള പ്രിയം വലിയ ഗുണംചെയ്യുന്നതായി മനോജ് പറയുന്നു. കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്, പുസ്തക എഡിറ്റിങ്ങിനുള്ള 'അല' അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. പൂളമംഗലം സ്കൂളിലെ അധ്യാപിക ലേഖയാണ് ഭാര്യ. മകൾ വിസ്മയ ബിരുദ വിദ്യാർഥിനിയാണ്.

Content Highlights: English teacher loves malayalam movie and songs