ന്നാമത്തെ പീര്യഡ്. ഗോപാലന്‍മാഷ്‌ടെ ക്ലാസാണ്. മെമ്മോവും കൊണ്ടുവരികയാണ് പ്യൂണ്‍ ബാലേട്ടന്‍.

ഗോപാലന്‍മാഷ് കുട്ടികളെ ഉപദേശിക്കുകയായിരുന്നു.

''നാളത്തെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും ഗവര്‍ണ്ണര്‍മാരുമെല്ലാം ആകേണ്ടവരാണ് നിങ്ങള്‍... മാത്രമല്ല, എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, വക്കീലന്മാര്‍, അധ്യാ...''
ഗോപാലന്‍മാഷ് മെമ്മോപ്പുസ്തകം വാങ്ങുന്നതിനിടയില്‍ ബാലേട്ടന്‍ അദ്ദേഹത്തിന്റെ മുഖത്തും കുട്ടികളുടെ മുഖത്തും മാറിമാറി നോക്കി. മാഷ് ആത്മാര്‍ത്ഥമായാണോ ഈ ഉപദേശിക്കുന്നത്. ഇതെല്ലാം കുട്ടികള്‍ വിശ്വസിക്കുന്നുണ്ടോ?

കുട്ടികള്‍ക്ക് പ്രിയങ്കരനാണ് ഗോപാലന്‍മാഷെന്ന് ബാലേട്ടനറിയാം. ഇങ്ങനെയുള്ള മാഷന്മാര്‍ ഇക്കാലത്ത് അപൂര്‍വ്വമാണ്. ആ രണ്ടു കണ്ണുകളിലേയ്ക്ക് ക്ലാസിലെ എണ്‍പതു കണ്ണുകള്‍ ഉറ്റുനോക്കുന്നത് പലപ്പോഴും പുറത്തുനിന്ന് ശ്രദ്ധിച്ചിട്ടുണ്ട്... അതുകൊണ്ട്  അദ്ദേഹത്തെപ്പോലുള്ളവര്‍ ഓരോ വാക്കും സൂക്ഷിച്ചുപയോഗിക്കണം... ഇല്ലെങ്കില്‍...

ഓഫീസ് റൂമിലേയ്ക്കു മടങ്ങിയെത്തിയപ്പോള്‍ ആകെ ഒരു മരവിപ്പായിരുന്നു ബാലേട്ടന്. ഈ ഗോപാലന്‍മാഷെപ്പോലുള്ളവര്‍ എന്തിനാണ് കുട്ടികളെ ഇങ്ങനെ വ്യാമോഹിപ്പിക്കുന്നത്?

സ്‌കൂളില്‍ തന്റെ മാഷായിരുന്ന നാരായണക്കുറുപ്പിന്റെ ശബ്ദം ബാലേട്ടനോര്‍മ്മിച്ചു. നാളത്തെ പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും മുഖ്യമന്ത്രിമാരും ചീഫ് ജസ്റ്റിസുമെല്ലാം നിങ്ങളുടെ കൂട്ടത്തിലുണ്ട്.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന അന്ന് തലയില്‍ ഒരു വെള്ള ഖാദിത്തൊപ്പിവച്ച്, മേലുടുപ്പിന്റെ ഒരു കുടുക്കിനുള്ള ദ്വാരത്തില്‍ റോസാപ്പൂ ചൂടി നെഹ്‌റുവിനെപ്പോലെ ചിരിക്കുന്നത് പലപ്പോഴും മനസ്സില്‍ കണ്ടിരുന്നു. അവസാനം എത്തിപ്പെട്ടത് ഈ സ്‌കൂള്‍ ശിപായിയായിട്ടാണ്. ഇനി റിട്ടയര്‍ ചെയ്യാന്‍ കുറഞ്ഞകാലം മാത്രം... ജീവിതത്തില്‍ ഇതില്‍ക്കൂടുതല്‍ ആശിക്കാനൊന്നുമില്ല.
മാഷമ്മാര്‍ക്ക് പഠിപ്പിക്കണമെന്നും കുട്ടികള്‍ക്ക് പഠിക്കണമെന്നുമുള്ള ഒരുകാലത്ത് പഠിച്ച തനിക്ക് ഒരു ശിപായിയെങ്കിലുമാവാന്‍ കഴിഞ്ഞു. പക്ഷേ, എല്ലാം കുഴഞ്ഞുമാറിയ ഇക്കാലത്ത്...

''എന്താ ബാലാ സ്വപ്നം കാണുവാ... ബെല്ലടിക്കണ്ടെ?''
ബാലേട്ടന്‍ തലയുയര്‍ത്തി. ഹെഡ്മാഷാണ്.
''എത്ര കാലായി മാഷെ ബെല്ലടിക്ക്ന്ന്! എത്ര കുട്ട്യോളെ അകത്തേക്കും പുറത്തേക്കും വിട്ടു. എന്നിട്ടെന്തു കൂഞ്ഞുനേടി?''
തന്നത്താന്‍ മറന്ന് ബാലേട്ടന്‍ പറഞ്ഞുപോയി.
ഹെഡ്മാഷ് അന്തംവിട്ടു. ഈ ബാലനിന്നെന്തുപറ്റി?
ബാലേട്ടന്‍ നേരെ പോയത് ഗോപാലന്‍മാഷ്‌ടെ ക്ലാസിലേക്കാണ്.

''മക്കളേ.''
വാതില്‍ക്കല്‍വച്ചുതന്നെ അയാള്‍ കുട്ടികളെ നീട്ടിവിളിച്ചു.
ബാലേട്ടനെ പുതിയ ഭാവത്തില്‍ക്കണ്ട് ക്ലാസ് അമ്പരപ്പോടെ നോക്കി.
''നാളത്തെ തെങ്ങുകേറ്റക്കാരും ചുമടെടുക്കുന്നവരും കൈക്കോട്ടുപണിക്കാരും മുറുക്കാന്‍ കച്ചവടക്കാരുമെല്ലാമാണ് നിങ്ങളിലധികംപേരും... വേദന തിന്നാന്‍ ജനിച്ചവര്‍...''
അയാള്‍ ഒരു വല്ലാത്ത ശബ്ദത്തില്‍ പറഞ്ഞു. പിന്നെ പ്രതികരണത്തിനു കാത്തുനില്‍ക്കാതെ ക്ലാസില്‍ നിന്നിറങ്ങി ബെല്ലിന്നടുത്തേക്കോടി.
തുടര്‍ച്ചയായ ബെല്ലൊച്ച കേട്ട് പകച്ചുകൊണ്ട് സ്‌കൂള്‍ മുഴുവന്‍ ബാലേട്ടന്റെ ചുറ്റിലും ഓടിക്കൂടുമ്പോള്‍ അയാള്‍ ദണ്ഡ് രണ്ടു കൈകൊണ്ടും കൂട്ടിപ്പിടിച്ച് വളയത്തില്‍ ആഞ്ഞാഞ്ഞ് അടിക്കുകയാണ്.
''നിങ്ങള്‍ ഒന്നുമാവാന്‍ പോകുന്നില്ല മക്കളേ...''
അയാള്‍ ഇടറുന്ന ശബ്ദത്തില്‍ ഉച്ചത്തില്‍ പറഞ്ഞുകൊണ്ടിരുന്നു.

(അക്ബര്‍ കക്കട്ടിലിന്റെ 'അധ്യാപക കഥകള്‍' എന്ന പുസ്തകത്തില്‍നിന്ന് -ഓണ്‍ലൈനായി വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

Content Highlights: Akbar Kakkattil, Adhyapaka Kathakal, Teachers' Day 2020