നിറക്കൂട്ട്, തൂവാനത്തുമ്പികൾ, ജാഗ്രത അങ്ങനെ ബാബു നമ്പൂതിരിയിലെ നല്ല നടനെ പ്രേക്ഷകർ തിരിച്ചറിഞ്ഞ സിനിമകൾ നിരവധിയാണ്. എന്നാൽ സിനിമയിലെത്തും മുമ്പ് ഒരു മുൻശുണ്ഠിക്കാരനായ അധ്യാപകനായിരുന്നു അദ്ദേഹമെന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഇമ്പോസിഷനെഴുതി പഠിപ്പിച്ച വിദ്യാർഥികൾക്കും മാത്രം അറിയാവുന്ന വസ്തുതയാണ്. വർഷങ്ങളോളം കെമിസ്ട്രി അധ്യാപകനായിരുന്ന അദ്ദേഹം കുറവിലങ്ങാട് ദേവമാത കോളേജിൽ നിന്നാണ് വിരമിച്ചത്. അധ്യാപകദിനത്തിൽ ആ നല്ലോർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹം.

പൊതുവെ കർക്കശസ്വഭാവമുള്ള ക്രിസ്ത്ര്യൻ മാനേജ്മെന്റിനു കീഴിലെ ഒരു കോളേജിൽ വർഷങ്ങളോളം ജോലി ചെയ്ത തന്റെ പഠിപ്പിക്കുന്ന രീതികളോടല്ല, വേഷവിധാനത്തോടായിരുന്നു അവിടുത്തെ പ്രിൻസിപ്പാളിനു വിരോധമെന്നു പറയുകയാണ് ബാബു നമ്പൂതിരി.

'വേഷത്തെക്കുറിച്ചൊക്കെ കുറെ കമന്റുകൾ പാസാക്കിയിട്ടുണ്ട് ഫാദർ. 'നമ്പൂതിരി സാർ പഠിപ്പിക്കാനൊന്നും കുഴപ്പമില്ല. പക്ഷേ അങ്ങേരുടെ വേഷം..' എന്നാണ് പരാതി. ഇന്നത്തെ ജീൻസ് പോലെ ടൈറ്റ് പാന്റ്സ് ആണ് അന്നത്തെ ട്രെൻഡ്. ഷർട്ട് ടക്ക് ഇൻ ചെയ്ത് ആ പാന്റ്സ് ധരിച്ചാണ് കോളേജിൽ പോയിരുന്നത്. മുൻകാലക്രിക്കറ്റ് താരം ബ്രിജേഷ് പട്ടേലിന്റെ മീശയുടേത് സമാനമായ താഴോട്ടിറങ്ങി നിൽക്കുന്ന മീശയും വളർത്തിയായിരുന്നു നടപ്പ്. വിദ്യാർഥികൾക്കിടയിൽ ഏറ്റവും നന്നായി വസ്ത്രം ധരിക്കുന്ന മാഷ് എന്ന പേരുമുണ്ട്. എന്നാൽ ഫാദറിന് നാണക്കേടാണ്. പെൺകുട്ടികളൊക്കെയുള്ള ക്ലാസിൽ പഠിപ്പിക്കേണ്ടതല്ലേയെന്നാണ് മറ്റ് അധ്യാപകരോട് അദ്ദേഹം സങ്കടം പറയാറുള്ളത്. ഇതൊക്കെ മാറ്റി മുണ്ടും ജുബ്ബയുമൊക്കെ ധരിച്ച് വരൂ. താനൊരു അധ്യാപകനല്ലേയെന്നു ചോദിക്കും. കാശു കൊടുത്തു വാങ്ങിച്ച വസ്ത്രങ്ങളല്ലേ. ഇടാതിരിക്കാനൊക്കുമോ? അതൊന്നും വക വെയ്ക്കാതെ ഞാൻ എന്റെ വസ്ത്രധാരണം തുടർന്നിരുന്നു.' ചിരിയോടെ ബാബു നമ്പൂതിരി തുടർന്നു.

'തൂവാനത്തുമ്പികൾ' റിലീസായ ശേഷം കോളേജിലേക്ക് ചെല്ലാൻ കുറച്ച് പേടിയുണ്ടായിരുന്നു. മുറിയിലേക്ക് ഒപ്പിടാൻ ചെന്നതു പോലും പേടിച്ചു പേടിച്ചാണ്. പ്രിൻസിപ്പാൾ പടം കണ്ടിരുന്നോ എന്നറിയില്ല. 'ലീവൊക്കെ കഴിഞ്ഞോ' എന്ന കുശലാന്വേഷണത്തിനു ശേഷം എന്നെ പിടിച്ചു മാറ്റി നിർത്തി ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു. ഞാൻ അമ്പരന്നു. 'ഗംഭീരമായിട്ടുണ്ടെന്നു കേട്ടു.' കേട്ടപ്പോൾ ആക്ഷേപഹാസ്യം പോലെയാണ് തോന്നിയത്. 'അതൊരു സിനിമയാണെന്നും അഭിനയം മാത്രമാണെന്നും ഞങ്ങൾക്കെല്ലാമറിയാം. ഇതിലും മോശം കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുണ്ടല്ലോ. മോഹൻലാലിനൊപ്പമല്ലേ ഇത്. വളരെ നന്നായി. അഭിനന്ദനങ്ങൾ. സഹായം എന്നുമുണ്ടാകും' എന്നു പറഞ്ഞു. അപ്പറഞ്ഞത് സത്യമായി. കരിയറിലുടനീളം അവരുടെയൊക്കെ പിന്തുണ എനിക്കു ലഭിച്ചിട്ടുണ്ട്.

ഡെന്നീസ് ജോസഫിനോടും ഗായത്രി അശോകിനോടും ഛായാഗ്രഹകൻ സണ്ണി ജോസഫിനോടും ചോദിച്ചാൽ അറിയാം. അവരെയൊക്കെ പഠിപ്പിച്ചിട്ടുണ്ട്. സ്ട്രിക്ട് മാഷ് ആയിരുന്നു ഞാനും. 'ടെറർ' ആയാണ് വിദ്യാർഥികൾക്കിടയിൽ അറിയപ്പെട്ടിരുന്നത്. ഒരു പീരിയഡ് മുഴുവൻ ഡെന്നീസിനെയൊക്കെ എഴുന്നേൽപ്പിച്ചു നിർത്തിയിട്ടുണ്ട് ഞാൻ. മാനസികമായി ഏറെ വിഷമിപ്പിച്ചത് ചിലപ്പോൾ ഞാനായിരിക്കും. (ചിരിക്കുന്നു) പഠിക്കുകയേ ഇല്ല. പുറത്താക്കാൻ തുനിഞ്ഞിട്ടുണ്ട്.

എന്നിട്ട് അതേ ഡെന്നീസിന്റെ തിരക്കഥയിലാണ് ഞാൻ അഭിനയിച്ചത്. നിറക്കൂട്ട് എന്ന ചിത്രത്തിൽ. കോളേജിൽ പഠിക്കുമ്പോഴല്ല, അതിനു ശേഷമാണ് ഡെന്നീസ് എഴുത്തിനു തുടക്കം കുറിച്ചത്. നിറക്കൂട്ട് റിലീസായ ശേഷം ഒരു വിമൻസ് കോളേജിൽ അവരുടെ ആർട്സ് ക്ലബ് ഉദ്ഘാടനത്തിനു പോയിട്ടുണ്ട്. അന്ന് നടനെ കാണാൻ തിടുക്കം കൂട്ടി വരുന്ന പെൺകുട്ടികളോട് അപ്പുറത്ത് നിന്നും 'പുള്ളിയുടെ അടുത്തു പോകുമ്പോൾ സൂക്ഷിക്കണേ'യെന്ന കമന്റ്സ് പാസാക്കിയതും ഓർമ്മയിലുണ്ട്. (നിറക്കൂട്ടിൽ മമ്മൂട്ടിയുടെ രവി വർമ എന്ന കഥാപാത്രത്തിന് എതിരാളിയായ അജിത് എന്ന വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.) പിന്നെയുള്ളത് നടൻ ശ്രീകാന്ത് മുരളിയാണ്. സിനിമാസെറ്റുകളിലും പുറത്തും നിരവധി പേർ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞ് അടുത്തു വന്നു സംസാരിക്കാറുണ്ട്.

അടുത്തിടെ ഓസ്ട്രേലിയയിൽ മകളുടെ അടുത്ത് പോയപ്പോൾ അനൂപ് ജേക്കബ് എന്നൊരാൾ എന്നെ കാണാൻ വന്നു. പുള്ളി അവിടെയാണ് താമസം. ശ്രീകാന്തിന്റെ ക്ലാസ്മേറ്റാണ്. ശ്രീകാന്ത് വഴിയാണ് എന്റെ നമ്പർ കിട്ടുന്നത്. അനൂപ് അന്നെനിക്ക് കുറെ സമ്മാനങ്ങളൊക്കെ തന്നിട്ടു പറഞ്ഞു. 'സാറെന്നെ കോളേജിൽ കെമിസ്ട്രി പഠിപ്പിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ഇമ്പോസിഷൻ എഴുതിച്ചിട്ടുള്ളതും സാറാണ്. മാത്രമല്ല, അന്ന് മലമ്പനി രോഗം പിടിപെട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കുമ്പോൾ സാറെന്നെ കാണാൻ വന്നിട്ടുണ്ട്. മറ്റുള്ളവരാരും വന്നിട്ടില്ല' എന്നു പറഞ്ഞു. അയാളെന്നെ ഓർക്കുന്നു എന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. കഥകളി നടൻ പീശപ്പള്ളി രാജീവൻ അക്കാലത്ത് കോളേജിൽ പഠിച്ചിരുന്നു. ഞാൻ പഠിപ്പിച്ചിട്ടില്ല. ഞങ്ങളുടെ കഥകളി ഗുരു ഒരാളായിരുന്നു. ഒരു സ്ഥാപനത്തിന്റെ മേൽവിലാസമില്ലാതെ വളർന്നുവരുന്ന നടനാണല്ലോ രാജീവൻ.

അധ്യാപകൻ എന്ന നിലയിൽ ശിഷ്യ സമ്പത്ത് എന്നത് വലിയൊരു സമ്പാദ്യം തന്നെയാണ്. സാറിന്റെ ശിഷ്യനാണെന്ന് സ്നേഹത്തോടെ നേരിട്ടും വിളിച്ചുമൊക്കെ ലോകത്തെ പല ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ പറഞ്ഞു കേൾക്കുന്നത് വലിയ സന്തോഷമാണ്.

ഒരിക്കൽ ഒരുപാട് വേദനിച്ച ഒരു അനുഭവമുണ്ടായിട്ടുണ്ട്. ക്ലാസിൽ എഴുന്നേൽപ്പിച്ചുനിർത്തി ദേഷ്യപ്പെടുന്നത് പതിവായിരുന്നു. 80 പേരെങ്കിലും ഉണ്ടായിരുന്ന ഒരു പ്രീഡിഗ്രീ ക്ലാസ്. അതിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. ഒരു പെൺകുട്ടിയെ എഴുന്നേൽപിച്ചു നിർത്തി നാണമില്ലേയെന്നൊക്കെ പരിഹസിച്ചു. ലോലമനസ്കയായിരുന്നു അവൾ. തലകറങ്ങി വീണു. അടുത്തിരുന്ന കുട്ടി അവളെ താങ്ങി. ഞാനാകെ വല്ലാതായി. അവളുടെ കൂട്ടുകാരികളോട് അവളെ റസ്റ്റ് റൂമിലാക്കാനും വെള്ളമോ ചായയോ കാപ്പിയോ വേണോ എന്നു ചോദിച്ചു മനസ്സിലാക്കി കാന്റീനിൽ നിന്നും വാങ്ങി നൽകാമെന്നും പറഞ്ഞു. വേണമെങ്കിൽ വീട്ടിൽ വിടാമെന്നും പറഞ്ഞു. അധ്യാപകനായി ജോലിയിൽ കേറിയ കാലത്താണ് ഈ അനുഭവം. റസ്റ്റ് റൂമിൽ ചെന്ന് കുറച്ച് വിശ്രമിച്ചതോടെ കുട്ടി ഉഷാറായി. അന്ന് വൈകുന്നേരം കൂട്ടുകാരികൾക്കൊപ്പം അവൾ എന്നെ വന്നു കണ്ടു. 'സാറിനു വലിയ വിഷമമായി എന്നു ഇവർ പറഞ്ഞു. അതിൽ കൂടുതൽ വിഷമം എനിക്കായി. ഞാനല്ലേ തെറ്റ് ചെയ്തത്. പഠിക്കാഞ്ഞതും. എന്നെ ഒന്നും ചെയ്തില്ലല്ലോ. വഴക്ക് പറഞ്ഞല്ലേയുള്ളൂ'വെന്നൊക്കെ പറഞ്ഞു.

ഓൺലൈൻ പാഠ്യപദ്ധതി രീതികൾ ശരിയായ ഗതിയിലാണോ പോകുന്നത് എന്ന് സംശയം..

കുട്ടികളുടെ ശ്രദ്ധ ആകർഷിക്കുന്ന ചില ചേഷ്ടകൾ, ശബ്ദങ്ങൾ ചേർന്നുള്ള വിഷ്വൽ ഇഫക്ടുകൾ ഉണ്ടല്ലോ. അവ പൂർണതോതിൽ നൽകാൻ കഴിയുന്ന അധ്യാപകരെ കുട്ടികൾ സാകൂതം ശ്രദ്ധിക്കും. ചിലരുടെ ക്ലാസിലിരുന്നാൽ മാത്രം മതിയെന്നു പറയാറില്ലേ. നോട്ട്സും വേണ്ട, ഹോം വർക്കും വേണ്ട. അത് വിദ്യാർഥിയും അധ്യാപകനും നേരിട്ട് കണ്ടുകൊണ്ടുള്ള അധ്യാപനരീതിയിൽ നിന്നും ഉരിത്തിരിഞ്ഞതാണ്. അതു തന്നെയാണ് വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം മികച്ചത്. ഇന്നത്തെ രീതികളെ അപേക്ഷിച്ച്. ഓൺലൈൻ ടീച്ചിംഗ് രീതി വളരെ കൃത്രിമമാണ്. സിനിമ പോലെ. അധ്യാപകർ ക്യാമറയ്ക്കു മുന്നിൽ അഭിനയിക്കുക തന്നെയല്ലേ ഇപ്പോൾ. പറഞ്ഞിട്ടു കാര്യമില്ല. ഇപ്പോൾ ഇതേ മാർഗമുള്ളൂ. പക്ഷേ നൃത്തം ചെയ്തും ആക്ഷനുകൾ കാട്ടിയും ഇവർ കഷ്ടപ്പെടുന്നതിന് ഫലം ലഭിക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. പലരുടെയും താളക്രമം പലതാണ്. ചിലർക്ക് വളരെ വേഗതയുണ്ട്. ആകർഷകമായ രീതിയിൽ അവതരിപ്പിച്ചാൽ കുട്ടികൾ ശ്രദ്ധിക്കും. അവർക്ക് ഇഷ്ടമാണ്. പക്ഷേ ക്ലാസ് കഴിഞ്ഞ് അവരിൽ പലർക്കും ഒന്നും ഓർമ കിട്ടുന്നില്ല.

എന്റെ പേരക്കുട്ടികൾ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. ലോക്ഡൗൺ തൊട്ട് ഓൺലൈനിലാണ് പഠനം. ക്ലാസ് കഴിഞ്ഞ് ഇന്നെന്താ പഠിപ്പിച്ചതെന്നു ചോദിച്ചാൽ അവർക്ക് അറിയുന്നില്ല. പഠിപ്പിക്കുന്ന രീതികളും വ്യത്യസ്തമാണ്. കണക്കില ഗുണനപ്പട്ടികകൾ വരെ. പഴമനസ്സുകൾക്ക് പഴയ അധ്യാപനരീതികളോടായിരിക്കും താത്‌പര്യം. അറിയുന്ന കാര്യത്തെവച്ച് അറിയാത്തത് പഠിപ്പിക്കണം എന്നാണ് നമ്മെയൊക്കെ പറഞ്ഞുപഠിപ്പിച്ചിട്ടുളളത്. ഇന്ന് വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും പണിയും സ്ട്രെസും കൊടുക്കുന്ന രീതികളാണ്. കഷ്ടിച്ച് അക്ഷരം കൂട്ടിവായിക്കാൻ പഠിച്ചു തുടങ്ങുന്ന ചെറിയ ക്ലാസുകളിലെ കുട്ടികൾക്കാണ് കൂടുതൽ പ്രശ്നം. വലിയ ക്ലാസിലെത്തിയവർക്ക് കുറച്ചുകൂടി എളുപ്പമാണ്.

കുട്ടികൾ തെറ്റെഴുതുന്നത് രക്ഷിതാക്കൾക്ക് കണ്ടുകൂടാ. ഓൺലൈൻ പരീക്ഷ കഴിഞ്ഞ് അമ്പത് ശതമാനത്തോളം കറക്ഷൻ വരുത്തിയിട്ടാണ് പല രക്ഷിതാക്കളും അധ്യാപകർക്ക് ഉത്തരങ്ങൾ വാട്ട്സ്ആപ്പിൽ അയച്ചുകൊടുക്കുന്നത്. അധ്യാപകർക്ക് മുന്നിൽ മക്കൾ ഗുഡ് ബോയ്സും ഗേൾസും ആവണമെന്ന് രക്ഷിതാവിനും തങ്ങൾക്ക് ഗുഡ് കിട്ടണമെന്ന് കുട്ടികൾക്കുമുണ്ട്. ഇപ്പോഴത്തെ രീതികൾ കൊണ്ട് കുട്ടികൾക്ക് ഗുണമുണ്ടാകുന്നുണ്ടോ എന്ന് ഈ അക്കാദമിക് വർഷം അവസാനിക്കുമ്പോഴേ വിലയിരുത്താനാകൂ.

Content Highlights :actor babu namboothiri about past experience as chemistry professor in kuruvilangad college