കോട്ടയ്ക്കൽ: ഇതായിരുന്നു നമ്മുടെ പിൽക്കാലം എന്ന് പുതുതലമുറയെ ഓർമപ്പെടുത്താൻ മോഹൻമാഷിന്റെ കൈവശം ചില 'ആധികാരിക' രേഖകളുണ്ട്. സ്വകാര്യസ്വത്തെന്ന് മാഷ് പറയും. സ്വാതന്ത്ര്യസമരകാലം മുതലുള്ള രാഷ്ട്രീയം, ചരിത്രം, സാംസ്കാരികം, കായികം തുടങ്ങി എല്ലാ മേഖലകളിലും രാജ്യം എങ്ങനെ ലോകത്തിനൊപ്പം സഞ്ചരിച്ചെന്നറിയാൻ ഇദ്ദേഹം സൂക്ഷിക്കുന്ന പഴയകാല പത്രത്താളുകളിലൂടെ സഞ്ചരിച്ചാൽ മതി.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യംലഭിച്ച് ഇന്ത്യൻ ഭരണാധികാരികൾ ചുമതലയേറ്റ വാർത്ത നൽകിയ മാതൃഭൂമി പത്രം ഉൾപ്പെടെ രാജ്യത്തെ പ്രധാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത മലയാള പത്രങ്ങളുടെ ശേഖരം മാഷിന്റെ കൈയിലുണ്ട്. രാജ്യത്തെ തിരഞ്ഞെടുപ്പുകൾ, അധികാരത്തിൽ എത്തിയവർ, പ്രധാനമന്ത്രിമാർ, രാഷ്ട്രപതിമാർ, ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി, ഇ.എം.എസ്. തുടങ്ങിയ പ്രമുഖരുടെ മരണവാർത്തകൾ, 1985 മുതലുള്ള ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ, ഒളിമ്പിക്സ് തുടങ്ങിയ എല്ലാ വിവരങ്ങളും മാഷിന്റെ ശേഖരത്തിലുണ്ട്. അഞ്ചാം വയസ്സിൽ തുടങ്ങിയതാണ് ഈ പത്രശേഖരണം.

mathrubhumi
 ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിയെക്കുറിച്ചുള്ള മാതൃഭൂമിയുടെ എഡിറ്റോറിയൽ പേജ്

അച്ഛൻ നടത്തുന്ന കടയിൽ എത്തുന്നവയസ്സിൽ പ്രധാന ദിവസങ്ങളിലെ പത്രങ്ങൾ സൂക്ഷിച്ചുവെയ്ക്കാൻ മകന്റെ കൈവശം കൊടുക്കുമായിരുന്നു. അന്നൊന്നും എന്തിനാണെന്നുപോലുമറിയാതെ സൂക്ഷിച്ചു. അതിന്റെ വില തിരിച്ചറിഞ്ഞപ്പോഴേക്കും ചില പത്രങ്ങൾ നഷ്ടപ്പെട്ടിരുന്നു. പിന്നീട് ഇത് ഗൗരവത്തോടെ കാണുകയും ഇന്നും തുടരുകയും ചെയ്യുന്നു. ചരിത്രവിദ്യാർഥികൾക്കും ഗവേഷകർക്കും ഉപയോഗിക്കാൻ കഴിയുന്ന റഫറൻസ് ഗ്രന്ഥങ്ങൾ പത്രവാർത്തകൾകൊണ്ടും മാഗസിനിലെ ലേഖനങ്ങൾകൊണ്ടും മാഷ് തയ്യാറാക്കിയിട്ടുണ്ട്.

mathrubhumi
1947 ഓഗസ്റ്റ് 17-ലെ മാതൃഭൂമി പത്രത്തിന്റെ ഒന്നാംപേജ്

ഒളിമ്പിക്സും ലോകകപ്പ് മത്സരങ്ങളുൾപ്പെടെ കായികവാർത്തകൾ പ്രത്യേകം പുസ്തകരൂപത്തിലാക്കി സൂക്ഷിക്കുന്നു. പന്താരങ്ങാടി എ.എം.എൽ.പി. സ്കൂൾ അധ്യാപകനാണ് ഇദ്ദേഹം. സഹപ്രവർത്തകരും വിദ്യാർഥികളുമടക്കം പഴയകാല പത്രപ്രവർത്തനരീതികളും ഭാഷാപ്രയോഗങ്ങളുമൊക്കെ മനസ്സിലാക്കാൻ ഈ അധ്യാപകന്റെ അടുത്തെത്തുന്നു. കോഴിക്കോട് പെരവച്ചേരി സ്വദേശിയായ മാഷും കുടുംബവും കോട്ടയ്ക്കൽ പുതുപ്പറമ്പിലാണ് താമസം. പുതുപ്പറമ്പ് സ്കൂൾ അധ്യാപിക വി.പി. നീനയാണ് ഭാര്യ.

Content Highlights: A teacher Keeping old news papers as a treasure, Teacher's Day 2020