വേളം/ കോഴിക്കോട്: വിരമിച്ചിട്ടും വിശ്രമമില്ലാത്ത ജോലിയിലാണ് ചിത്രകലാ അധ്യാപകനും പരിസ്ഥിതിപ്രവർത്തകനുമായ ശ്രീനി പാലേരി. ജൈവോദ്യാനനിർമാണത്തിന്റെ തിരക്കിലാണ് ഇന്നദ്ദേഹം. പാലേരിക്കടുത്തായി പ്രകൃതിരമണീയമായ വഞ്ചിമലയിലെ രണ്ടേക്കർസ്ഥലത്താണ് ജൈവോദ്യാനത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. പക്ഷി നിരീക്ഷകൻ അബ്ദുള്ള പാലേരിയും ഒപ്പമുണ്ട്.
വിവിധ തരം ചിത്രശലഭങ്ങളെയും പക്ഷികളെയും മറ്റ് ജീവിവർഗങ്ങളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അധ്യാപകർ ഉദ്യാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ഇവയെ ഉദ്യാനത്തിലേക്ക് ആകർഷിക്കുന്നതിനായി വിവിധതരം ചെടികൾ, പഴവർഗങ്ങൾ ഉണ്ടാകുന്ന ചെടികൾ, കാട്ടുപൂക്കൾ എന്നിവ വെച്ചുപിടിപ്പിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. പശ്ചിമഘട്ടത്തിൽമാത്രം കാണുന്ന വള്ളിമാങ്ങയ്ക്കുപുറമെ, കാട്ടുകാച്ചിൽ, പൂവാംകുറുന്തൽ, പൂവരശ്, എടന, കാട്ടുകഞ്ഞണ്ണി, കാട്ടുമുല്ല, മലതാങ്ങി തുടങ്ങിയ ചെടികൾ ഉദ്യാനത്തിൽ സമൃദ്ധമായി വളരുന്നുണ്ട്.
വിവിധതരം ചിത്രശലഭങ്ങളെ ആകർഷിക്കാൻ ഇത്തരം ചെടികൾക്ക് കഴിയുമെന്ന് ശ്രീനി പാലേരി പറയുന്നു. പേരക്ക, സപ്പോട്ട, വെണ്ണപ്പഴം തുടങ്ങിയവയും വെച്ചു പിടിപ്പിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് ഉദ്യാനത്തിൽവന്ന് വിവിധതരം സസ്യങ്ങളെക്കുറിച്ചും ജീവികളെക്കുറിച്ചും കണ്ടും അറിഞ്ഞും മനസിലാക്കാനാണ് ഇത്തരമൊരു പദ്ധതിക്ക് തുടക്കംകുറിച്ചതെന്ന് ശ്രീനി പാലേരി പറഞ്ഞു.
അടച്ചിടൽ കാലത്ത് മഹാഭാരതവുമായി ബന്ധപ്പെട്ട ഭീമ ഭാരതം എന്ന പേരിൽ വേറിട്ട പെയിന്റിങ് ശ്രദ്ധേയമായിരുന്നു. ചിത്രങ്ങളുടെ സഹായത്തോടെ ഇരുനൂറോളം ചിത്രകവിതകൾ രചിച്ചിട്ടുണ്ട്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം ചെമ്പുപാളികളിൽ പകർത്തിയതുകൂടാതെ പാലേരിയിൽ കേരളത്തിൽ ആദ്യമായി ഒ.വി. വിജയന്റെ ഓർമയ്ക്കായി ആർട്ട് ഗാലറിയും സ്ഥാപിച്ചിട്ടുണ്ട്.
Content Highlights: A retired teacher is making botanical garden for students