പിജിക്ക് മുവാറ്റുപുഴ നിര്‍മല കോളേജില്‍ ചെല്ലുമ്പോള്‍ മനു സാര്‍ അവിടെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റില്‍ ഗസ്റ്റ് ലെക്ചറര്‍ ആണ്. ആദ്യത്തെ ക്ലാസ്സില്‍ തന്നെ 'ഞാന്‍ ഒരു ഡിങ്കോയിസ്റ്റ് സദാചാരവാദിയൊന്നുമല്ല' എന്നുറക്കെ പ്രഖ്യാപിച്ച സാര്‍. 

ഫ്രന്റ്‌സ് സീരീസും മറ്റ് രസകരമായ കഥകളും പറഞ്ഞു സിംപിള്‍ ആയിട്ടാണ് സാര്‍ സ്ട്രക്ചറലിസം  പഠിപ്പിച്ചത്. കൊച്ച് ഒരു ക്രിസ്ത്യാനിയാണോ എന്നു മൂന്ന് വട്ടം എന്നോട് ചോദിച്ചാണ് പോസ്റ്റ് മോഡേണിസം പഠിപ്പിച്ചത്. 'ക്രിസ്ത്യാനിയാണ്' എന്നു നിസ്സംശയം പറഞ്ഞ ഞാന്‍ 'ശരിക്കും ആലോചിക്കണം' എന്ന ഉത്തരത്തില്‍ ചെന്നു നിന്നപ്പോ 'ദേ ഈ സംശയം ഉണ്ടല്ലോ.. അതാണ് പോസ്റ്റ് മോഡേണിസത്തിന്റെ ബേസിക് ഐഡിയ' എന്നു പറഞ്ഞ സാറിനെ പകച്ചു നോക്കിയിരുന്നു ഞങ്ങള്‍ എല്ലാവരും. 

'ഇത് വരെ കൊച്ചു വിചാരിച്ചോണ്ടിരുന്ന ആളല്ല കൊച്ചിന്റെ അച്ഛന്‍ എന്നു കൊച്ചിന്റെ അമ്മ കൊച്ചിനോട് പറഞ്ഞാല്‍ കൊച്ചിനെന്ത് തോന്നും?'  'നിങ്ങള്‍ക്ക് ഒരുപാട് ദേഷ്യം ഒള്ള ഒരാളെ നിങ്ങള്‍ക്ക് കൊല്ലാന്‍ അവസരം കിട്ടിയാല്‍ നിങ്ങള്‍ എങ്ങനെ കൊല്ലും?' 'ഞാനിപ്പോ ഈ ജനലില്‍ കൂടി പറന്നങ്ങ് പോയാല്‍ നിങ്ങളെന്ത് ചെയ്യും?' 'ലൈഫിലെ ഏറ്റവും വലിയ പേടി എന്താ?' എന്നിങ്ങനെ വെറൈറ്റി ചോദ്യങ്ങള്‍ ചോദിക്കുന്ന സാര്‍. 

കിന്‍സുകി ജീവിതത്തിന്റെ ഫിലോസഫി ആക്കിയ സാര്‍. ഒരുപാട് ചിന്തിപ്പിച്ച ഒരു മനുഷ്യനാണ്. ഒരുപാട് ഒരുപാട് ചോദ്യങ്ങള്‍ ചോദിച്ച മനുഷ്യനാണ്. ഞങ്ങടെ സ്റ്റിക്കി നോട്‌സും പുളി മിട്ടായിയും കൊണ്ട് പോകുന്ന, പള്ളി പെരുന്നാളിന് പോകുമ്പോ ബ്രിക് ഗെയിം വാങ്ങിക്കൊണ്ട് വരണമെന്ന് പറഞ്ഞ, സകല അധ്യാപകവാര്‍പ്പ് മാതൃകകളും ഉടച്ചു വാര്‍ത്ത ഞങ്ങളുടെ മനു സാര്‍. 

(മുവാറ്റുപുഴ നിര്‍മല കോളേജിലെ വിദ്യാര്‍ഥിയാണ് ലേഖിക)

Content Highlights: This is Professor Manu who taught us in a different way