''മേനകയുടെ (അപ്‌സരസ്ത്രീ) പുരികം, കാമദേവന്റെ സൈക്കിളിന്റെ മഡ്ഗാഡ് പോലെ.'' അലങ്കാരം പഠിപ്പിക്കുന്നതിനിടയില്‍ ഉപമാലങ്കാരം എന്താണെന്ന് വിശദീകരിക്കുകയായിരുന്നു ഭാഷാധ്യാപകന്‍. മഹാകാവ്യങ്ങളില്‍നിന്ന് ഉപമയുടെ ഉദാഹരണങ്ങള്‍ ഉദ്ധരിച്ചതിനുപുറമേ, സ്വന്തം ഭാവനയില്‍ വിരിഞ്ഞ ഒരു ഉദാഹരണം പറഞ്ഞ് വിദ്യാര്‍ഥികളുടെ മനോമുകുളങ്ങള്‍ ത്രസിപ്പിക്കുകയായിരുന്നു അദ്ദേഹം. പുനലൂര്‍ ഹൈസ്‌കൂളിലെ ഭാഷാധ്യാപകനായിരുന്ന പണ്ഡിതശിരോമണി കുഞ്ഞുരാമശാസ്ത്രികളായിരുന്നു അത്. ആറ് പതിറ്റാണ്ട് മുന്‍പായിരുന്നു സംഭവം. ഇപ്പോഴും മേനകയുടെ പുരികം മായാതെ മനസ്സിലുണ്ട്. 

എസ്.എസ്.എല്‍.സി. പാസാകുന്നതിന് മുന്‍പ് ആറ് സ്‌കൂളുകളില്‍ (കുടിപ്പള്ളിക്കൂടത്തിനു പുറമേ) പഠിക്കാന്‍ ഭാഗ്യം സിദ്ധിച്ച ആളായിരുന്നു ഞാന്‍.  കൊല്ലം ക്രേവന്‍, നീരാവില്‍ (തൃക്കടവൂര്‍) ശ്രീനാരായണ എന്നീ രണ്ടു സ്‌കൂളുകളിലായി ഫോര്‍ത്തുഫോം പൂര്‍ത്തിയാക്കി പുനലൂര്‍ പ്രൈവറ്റ് ഹൈസ്‌കൂളില്‍ ഫിഫ്ത്തില്‍ ചേര്‍ന്നു. അവിടെവെച്ചാണ് കുഞ്ഞുരാമശാസ്ത്രിയുടെ ശിഷ്യനാകാന്‍ ഭാഗ്യം സിദ്ധിച്ചത്.

ഭാഷാപണ്ഡിതനായിരുന്നു കുഞ്ഞുരാമശാസ്ത്രിസാര്‍. ഹൈസ്‌കൂളില്‍ അധ്യാപകനായിരുക്കുമ്പോള്‍തന്നെ എസ്.എസ്.എല്‍.സി. പാസായവര്‍ക്കുവേണ്ടി സാഹിത്യവിശാരദിന് അദ്ദേഹം ക്ലാസ് നടത്തുന്നുണ്ടായിരുന്നു. ദിനപത്രങ്ങള്‍ വായിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കുന്ന ഒരു പ്രത്യേകശീലമുണ്ടായിരുന്നു ശാസ്ത്രിസാറിന്. ഇന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്തയെന്തെന്ന് ക്ലാസ് തുടങ്ങുന്നതിന് മുന്‍പ് ശാസ്ത്രിസാര്‍ ചോദിക്കും. ആര്‍ക്കുവേണമെങ്കിലും ഉത്തരം പറയാം. പത്രവായന പൊതുവേ കുറവായിരുന്ന അക്കാലത്ത് ചില കുട്ടികളെങ്കിലും രാവിലെ സ്‌കൂള്‍ ലൈബ്രറിയില്‍ ചെന്ന് പത്രത്തിന്റെ തലക്കെട്ടുകള്‍ വായിക്കാന്‍ തുടങ്ങി. ഞാനും അക്കൂട്ടത്തിലുണ്ടായിരുന്നു. 

ശാസ്ത്രിസാറിന്റെ ചൂരല്‍ കഷായം കുട്ടികളെ പേടിപ്പിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ, ഞാന്‍ ചെല്ലുന്നതിനുമുന്‍പേ ചൂരല്‍ പ്രയോഗം ശാസ്ത്രിസാര്‍ നിര്‍ത്തിയിരുന്നു. 

സ്‌കൂള്‍ തുറന്ന് രണ്ടാഴ്ച കഴിഞ്ഞാണ് നീരാവില്‍ ഹൈസ്‌കൂളില്‍ നിന്ന് ടി.സി. വാങ്ങി പുനലൂര്‍ ഹൈസ്‌കൂളില്‍ ഫിഫ്ത്‌ഫോമില്‍ പ്രവേശനത്തിന് ഞാന്‍ ചെന്നത്. ഹെഡ്മാസ്റ്ററെ കണ്ട് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ക്ലാസില്‍ ചെന്നപ്പോഴേക്കും ആദ്യ പീരിയഡ് കഴിഞ്ഞ് ശാസ്ത്രി സാറിന്റെ മലയാളം ക്ലാസ് ആരംഭിച്ചുകഴിഞ്ഞിരുന്നു. എനിക്ക് വയസ്സ് പതിന്നാല്. നിക്കറും അരക്കയ്യന്‍ ഷര്‍ട്ടുമാണ് വേഷം. മെലിഞ്ഞ് ഉയരം കുറഞ്ഞ എന്നെ ശാസ്ത്രിസാര്‍ ആകെയൊന്നു നോക്കി. മുന്‍വശത്തെ ബെഞ്ചില്‍ നിന്ന് ഒരാളെ പിന്നിലേക്കുമാറ്റി എനിക്ക് മുന്‍ബെഞ്ചിന്റെ ഒരറ്റത്ത് സീറ്റ് തന്നു. വല്ലാത്ത സന്തോഷം തോന്നി. സാറിനോട് ഇഷ്ടവും. മുണ്ടും ഷര്‍ട്ടുമായിരുന്നു പൊതുവേ ആണ്‍കുട്ടികള്‍ ധരിച്ചിരുന്നത്. സ്‌കൂളുകള്‍ മാറുന്നത് സ്ഥിരം പരിപാടിയായിരുന്നതുകൊണ്ട് എനിക്ക് വിശേഷിച്ച് യാതൊരു അങ്കലാപ്പും തോന്നിയില്ല. എങ്കിലും എതിര്‍വശത്തെ പെണ്‍കുട്ടികളുടെ നിരയില്‍നിന്ന് ചിലരൊക്കെ എന്നെ നോക്കി വല്ലാതെ ചിരിക്കുന്നത് ഞാന്‍ കാണാതെയുമിരുന്നില്ല.

രണ്ട് ദിവസം കഴിഞ്ഞുകാണും. ഉച്ചനേരത്ത് പ്യൂണിനെ വിട്ട് ശാസ്ത്രിസാര്‍ എന്നെ സ്റ്റാഫ് റൂമിലേക്ക് വിളിപ്പിച്ചു. ചെറിയ പരിഭ്രമത്തോടെ ഞാന്‍ സാറിന്റെ മുന്നിലെത്തി. എന്നെ മുറിയുടെ അരികിലേക്ക് കൊണ്ടുപോയി ശാസ്ത്രിസാര്‍ എന്റെ കൈയില്‍ ഒരു കടലാസ് പൊതി തന്നു. വീട്ടില്‍ ചെന്നിട്ട് തുറന്നുനോക്കിയാല്‍ മതിയെന്നും പറഞ്ഞു. ഞാനത് നിക്കറിന്റെ പോക്കറ്റിലിട്ടു. വീട്ടില്‍ ചെന്ന് തുറന്നുനോക്കിയപ്പോള്‍ ഞാനാകെ അന്ധാളിച്ചുപോയി. അതൊരു കോണകം (കൗപീനം) ആയിരുന്നു. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ കോണകം ധരിച്ച ഓര്‍മയുണ്ട്. കുടിപ്പള്ളിക്കൂടത്തില്‍ പോകാന്‍ തുടങ്ങിയതോടെ അതുനിര്‍ത്തി. മുട്ടിനുമുകളില്‍ തുടയുടെ പകുതിയോളമെത്തുന്ന നിക്കറായിരുന്നു പിന്നത്തെ വേഷം. ജെട്ടി അന്നു നിലവില്‍ വന്നിട്ടില്ല. ശാസ്ത്രിസാര്‍ തന്ന കോണകം കണ്ടപ്പോഴാണ് സൈഡ് ബെഞ്ചിലിരുന്ന് പെണ്‍കുട്ടികള്‍ എന്നെ നോക്കി ചിരിച്ചതിന്റെ പൊരുള്‍ എനിക്കു പിടികിട്ടിയത്. നിക്കര്‍ നഗ്നത മറയ്ക്കാന്‍ പര്യാപ്തമായിരുന്നില്ലെന്ന് വ്യക്തം. ഞാന്‍ മുണ്ടിലേക്കു മാറി.

അധ്യാപക വൃത്തിയില്‍ നിന്ന് വിരമിച്ചശേഷം ശാസ്ത്രിസാര്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. അസംബ്ലിയിലേക്ക് മത്സരിച്ചു. പക്ഷേ, വിജയിക്കാനായില്ല. വിഭാര്യനായ ശാസ്ത്രിസാറിന്റെ അന്ത്യകാലം ദുരിതപൂര്‍ണമായിരുന്നെന്ന് കേട്ടിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലായിരുന്നു അന്ത്യം.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: The incident which leads to wear dhoti instead of half trouser