തുള്ളല്‍ പാട്ടിലൂടെ നെഹ്റു ചരിതം കുട്ടികളെ പഠിപ്പിക്കുന്ന ഉഷ ടീച്ചറെ മലയാളികള്‍ മറന്നുകാണില്ല. വ്യത്യസ്തമായ പഠനരീതികള്‍ ആവിഷ്‌കരിച്ചാല്‍ പഠിക്കാനുള്ളത് കുട്ടികള്‍ എളുപ്പത്തില്‍ ഗ്രഹിക്കുമെന്നതില്‍ ആര്‍ക്കും സംശയമില്ല. അത് മറന്നുപോകുമെന്ന പേടിയും വേണ്ട. ഉഷ ടീച്ചര്‍ മാത്രമല്ല, വേറിട്ട രീതിയില്‍ പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്‍കുന്ന വേറെയും അധ്യാപകര്‍ നമുക്ക് ചുറ്റുമുണ്ട്. അങ്ങനെയൊരാളാണ് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയായ കൂമ്പാറ ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ നിയാസ് ചോല.

സ്‌കൂള്‍ അങ്കണത്തിലേക്ക് കയറിയാല്‍ ഹാര്‍മോണിയത്തിന്റെയും തബലയുടെയും ശബ്ദത്തോടൊപ്പം കുട്ടികള്‍ ഒന്നുചേര്‍ന്ന് ഈണത്തില്‍ ഗുണനപ്പട്ടിക ചൊല്ലുന്നതു കേട്ടാല്‍ അത്ഭുതപ്പെടേണ്ടതില്ല. മറ്റെവിടെയും കേട്ട് പരിചയമില്ലെങ്കിലും കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി (നിയാസ് മാഷ് വന്നതിനുശേഷം) ഇവിടെ എല്ലാ മാസവും നടക്കുന്ന പതിവ് പരിപാടി മാത്രമാണിതെന്ന് കുട്ടികളും അധ്യാപകരും പറയും. ഗണിതം മാത്രമല്ല, സയന്‍സ് വിഷയങ്ങളും സാമൂഹ്യ ശാസ്ത്രവും പഠിക്കാന്‍ കുട്ടികള്‍ക്കായി മാഷ് പാട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

നിയാസ് മാഷിന്റെ ക്ലാസില്‍ കയറുമ്പോള്‍ കുട്ടികള്‍ ആവേശഭരിതരാണ്. ഒരുനിമിഷം പോലും ബോറടിപ്പിക്കാന്‍ മാഷ് തയ്യാറല്ലെന്നും പാട്ടുകളിലൂടെ പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാനാവുന്നുണ്ടെന്നും കുട്ടികള്‍ പറയുന്നു. എളുപ്പത്തില്‍ പഠിക്കുന്നതുകൊണ്ടുതന്നെ പരീക്ഷാ സമയത്ത് പ്രത്യേകം പഠനം ആവശ്യമില്ലെന്നും ഇവര്‍ പറയും. മാറന്നാലല്ലേ വീണ്ടും പഠിക്കേണ്ടതുള്ളൂ!

വെറും പഠനത്തിനപ്പുറം കുട്ടികള്‍ക്ക് സ്‌കൂള്‍ ഒരു അനുഭവമാക്കി മാറ്റുകയാണ് നിയാസ് മാഷ്. വിദ്യാര്‍ഥികളെ രസിപ്പിപ്പ് പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ ഹൃദിസ്ഥമാക്കാന്‍ സഹായിക്കുന്നതോടൊപ്പം കുട്ടികളുടെ നൈപുണ്യവികസനത്തിനും പ്രാധാന്യം നല്‍കുന്നതാണ് അദ്ദേഹത്തിന്റെ രീതി. പത്താംക്ലാസ് കഴിഞ്ഞിറങ്ങുന്ന കുട്ടികള്‍ക്ക് സ്വയംതൊഴില്‍ ചെയ്യാനുള്ള നൈപുണ്യം വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച 'പത്തിനൊപ്പം പത്ത് തൊഴില്‍' എന്ന പദ്ധതിയും ഏറെ പ്രശംസ പിടിച്ചു പറ്റിയ ഒന്നാണ്.

കുട നിര്‍മാണം, മെഴുകുതിരി നിര്‍മാണം, ഫിനോയില്‍ നിര്‍മാണം, പരിസ്ഥിതി മലിനീകരണത്തിനുകാരണമാകുന്ന പ്ലാസ്റ്റിക് ബോട്ടിലുകളും തെര്‍മോക്കോളും ഉപയോഗിച്ച് അലങ്കാര വസ്തുക്കളും മറ്റും നിര്‍മിക്കുക തുടങ്ങിയവയെല്ലാം ഇവിടെ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുന്ന അറിവുകളുടെ ഭാഗമാണ്. ഒരുകാലത്ത് സ്‌കൂളുകളില്‍ തുന്നല്‍ പരിശീലനമുള്‍പ്പെടെയുള്ള നൈപുണ്യവികസന പരിപാടികള്‍ ഉണ്ടായിരുന്നെങ്കിലും വൈറ്റ് കോളര്‍ ജോലികള്‍ക്ക് കൂടുതല്‍ പ്രാധാന്യം വന്നപ്പോള്‍ ഇവ പടിക്കുപുറത്താവുകയായിരുന്നു. എന്നാല്‍ ഇത്തരം ചെറിയ അറിവുകള്‍ എപ്പോഴും ജീവിതത്തിന് മുതല്‍ക്കൂട്ട് തന്നെയാണെന്ന് തെളിയിക്കുകയാണ് നിയാസ് മാഷ്.

അധ്യാപന രംഗത്തെ മികവിന് നിരവധി പുരസ്‌കാരങ്ങള്‍ക്ക് നിയാസ് ചോല അര്‍ഹനായിട്ടുണ്ട്.​ 2013-ല്‍ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡും 2014-ല്‍ ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട്. ഇവയ്ക്കുപുറമേ ഗ്ലോബല്‍ ടീച്ചര്‍ റോള്‍മോഡല്‍ അവാര്‍ഡ്, ആചാര്യ അവാര്‍ഡ് എന്നിവയും കരസ്ഥമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും മികച്ച ലിറ്റില്‍ കൈറ്റ്സ് യൂണിറ്റിനുള്ള 2018-19ലെ അവാര്‍ഡ് ഫാത്തിമാബി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് നേടിയത്.

Content Highlights: Niyas Chola, HM of Fathimabi Memorial Higher Secondary School makes school an experience for students