1998-99 അധ്യയനവര്‍ഷം വയനാട്ടില്‍ പനങ്കണ്ടി ഗവ. ഹൈസ്‌കൂളില്‍ മലയാളം അധ്യാപികയായി ജോലി നോക്കുകയാണ് ഞാന്‍. ആയിടയ്ക്ക് വിദ്യാരംഗം കലാസാഹിത്യവേദിയുടെ ചാര്‍ജ് കിട്ടി. വിദ്യാര്‍ഥികളിലെ കലാസാഹിത്യ അഭിരുചികള്‍ കണ്ടെത്തി പരിപോഷിപ്പിക്കുകയാണല്ലോ ഈ വേദിയുടെ ലക്ഷ്യം. എല്ലാ വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു കൈയെഴുത്ത് മാസിക ഉണ്ടാക്കാന്‍ പദ്ധതിയിട്ടു. കുട്ടികളില്‍നിന്ന് സാഹിത്യ സൃഷ്ടികള്‍ ക്ഷണിച്ചുകൊണ്ട് ഒരു നോട്ടീസും കൊടുത്തു. രചനകള്‍ അങ്ങനെ വന്നുകൊണ്ടിരിക്കുന്നു.

ആയിടയ്ക്കാണ് ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൈമറി വിദ്യാര്‍ഥികളുടെ കഥകള്‍ ചേര്‍ത്തുകൊണ്ട് ഒരു പുസ്തകമിറക്കാന്‍ ശ്രമിക്കുന്നത്.  കുട്ടികളുടെ മെച്ചപ്പെട്ട കഥകള്‍ അയച്ചുകൊടുക്കാനുള്ള അറിയിപ്പ് ഞങ്ങളുടെ സ്‌കൂളിലുമെത്തി.   കാര്യം മനസ്സിലാക്കിയപ്പോള്‍ കുട്ടികള്‍ മാഗസിനിലേക്കായി തന്ന കഥകളൊക്കെ ഞാന്‍ വിശദമായി വായിക്കാന്‍ തുടങ്ങി. കൊള്ളാവുന്നതെന്ന് പറയാന്‍ ഒന്നും കാണുന്നില്ല.

അങ്ങനെയിരിക്കുമ്പോള്‍ നിറയെ അക്ഷരത്തെറ്റോടുകൂടിയ ഒരു കഥ കാണാനിടയായി. ഒരു അഞ്ചാം ക്ലാസുകാരന്‍ വിജയരാഘവന്റെ കഥയാണ്. വെറുതെ സമയം കളയുകയാണെന്നാ തോന്നിയത്. 'ശരിയായെഴുതാന്‍പോലുമറിയാത്ത അക്ഷരവൈരിക്കെന്തു കഥ!' എന്നായിരുന്നു മനസ്സില്‍. ഏതായാലും മാഗസിനിലേക്ക് കഥ തരാന്‍ തയ്യാറായവനല്ലേ. എന്തെങ്കിലും കാണുമായിരിക്കും. നോക്കിക്കളയാം എന്ന് കരുതി. തപ്പിത്തടഞ്ഞ് ഒരുവിധം കഥ വായിച്ചെടുത്തു. പല ആശയങ്ങളും ഊഹിച്ചെടുക്കണം. 'പ്രാസംഗിക' എന്നാണ് കഥയുടെ പേര്. വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കും അന്തംവിട്ടുപോയി. നല്ല ആശയബോധമുള്ള കുട്ടി. പുറത്തേക്ക് പ്രകടിപ്പിക്കാനാവാത്ത ബുദ്ധിമുട്ടാണ്. ഇവനെങ്ങനെ അക്ഷരജ്ഞാനം ഉറയ്ക്കാതെപോയി?! അധ്യാപകന്റെ ജോലി... കടമ... എനിക്കും ചെറിയൊരു പേടി തോന്നി.

''സ്‌കൂളിലെ മത്സരത്തിനായി മൂന്നാം ക്ലാസുകാരിയായ മകളെ പ്രസംഗം പഠപ്പിക്കുകയാണമ്മ. പഠനത്തിനിടയില്‍ കുഞ്ഞിന് വഴക്കും പിച്ചുമൊക്കെ സുലഭം. എങ്കിലും അമ്മ അധ്യാപനത്തിലുള്ള തന്റെ കഴിവ് തെളിയിച്ചൂട്ടൊ. മകള്‍ പ്രസംഗം മനഃപാഠമാക്കി. മത്സരദിവസം അമ്മയും മകളും നേരത്തെതന്നെ സ്‌കൂളിലെത്തി. അപ്പോഴും അമ്മ നിര്‍ദേശങ്ങള്‍ നല്കുകയാണ്. മത്സരസമയമായി. മകളുടെ ഊഴമെത്തി. അമ്മ വേദിക്കരികില്‍ത്തന്നെയുണ്ട്. എന്തൊരു ടെന്‍ഷന്‍! മകള്‍ പ്രസംഗമാരംഭിച്ചു. പകുതിയായപ്പോഴേക്കും കുഞ്ഞ് നിശ്ശബ്ദയായി. പാവം! മറന്നുപോയതാണ്. പക്ഷേ, സദസ്യര്‍ പ്രസംഗത്തിന്റെ തുടര്‍ഭാഗം കേട്ടുകൊണ്ടേയിരിക്കുന്നു! ഇതെന്ത് കഥ! നോക്കിയപ്പോഴല്ലേ, അമ്മ കണ്ണടച്ചിരുന്ന് പ്രസംഗം കാച്ചുകയാണ്''

ഇതാണ് കഥയുടെ ചുരുക്കം. കഥ 'അനു' എന്ന അഞ്ചാംക്ലാസുകാരിയെക്കൊണ്ട് തെറ്റില്ലാതെ മാറ്റി എഴുതിച്ച് അയച്ചുകൊടുത്തു. വിജയരാഘവനെ പോയികണ്ട് കഥയുടെ കാര്യം പറഞ്ഞു. അക്ഷരത്തെറ്റുകൂടാതെ എഴുതാനും വായിക്കാനും ചില നിര്‍ദേശങ്ങളൊക്കെ നല്കി. 'കൂലിപ്പണിക്കാരുടെ മകനാണ്. അച്ഛന്‍ തമിഴ്‌നാട്ടില്‍ നിന്ന് ജോലി തേടി വയനാട്ടിലെത്തിയ ആളാണ്'- ക്ലാസ് ടീച്ചറാണ് വിവരങ്ങള്‍ പറഞ്ഞത്.

ദിവസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും എനിക്ക് കോഴിക്കോട്ടേയ്ക്ക് സ്ഥലംമാറ്റ ഓര്‍ഡര്‍ വന്നു. എത്രയും വേഗം നാടുപിടിക്കണം എന്ന ചിന്തയില്‍ ഞാന്‍ എന്റെ കാര്യത്തില്‍ മുഴുകി.

പിന്നീട് സുഹൃത്തില്‍ നിന്നാണ് ആ സന്തോഷവാര്‍ത്തയറിഞ്ഞത്. ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് തിരഞ്ഞെടുത്ത 15 കഥകളില്‍ ഒന്ന് വിജയരാഘവന്റേതായിരുന്നു. കഥാപുസ്തകം കൂടി സ്‌കൂളിലെത്തിയിട്ടുണ്ട്. സ്‌കൂള്‍ അസംബ്ലികൂടി സമ്മാനം നല്‍കി അവനെ അനുമോദിക്കുകയും ചെയ്തത്രെ. മാസങ്ങള്‍ക്കുശേഷമാണ് ഞാന്‍ വീണ്ടും പനങ്കണ്ടി സ്‌കൂളിലെത്തുന്നത്. വിജയരാഘവനെക്കുറിച്ചന്വേഷിച്ചു. അവന്‍ സ്‌കൂളില്‍ വരാറില്ലത്രെ. അച്ഛനും അമ്മയും തമ്മില്‍ എന്നും വഴക്കായിരുന്നെന്നും തികഞ്ഞ മദ്യപാനിയായ അച്ഛന്‍ അമ്മയെ ഉപേക്ഷിച്ചെന്നും മൂത്തമകന്‍ വിജയരാഘവന്‍ നാടുവിട്ടുപോയെന്നുമെല്ലാം കേട്ടപ്പോള്‍ വലിയ വിഷമം തോന്നി. മാതാപിതാക്കളുടെ ദുര്‍നടപ്പുകാരണം എത്രമൊട്ടുകളാണ് തകര്‍ന്നടിയുന്നത്. അവനെ നേര്‍വഴിക്കു നയിക്കാന്‍ ഞങ്ങള്‍ അധ്യാപകര്‍ക്കുമായില്ലല്ലോ എന്ന കുറ്റബോധവും എന്നെ അലട്ടിക്കൊണ്ടിരുന്നു. 

(കോഴിക്കോട് ജില്ലയിലെ അത്തോളി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപികയാണ് ലേഖിക)

-മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Teacher's memories of a tribal student in Wayanad