കൊല്ലപ്പരീക്ഷയുടെ കാലമാണ്,ആറില്‍ പഠിക്കുന്ന ഇളയപുത്രന്‍ നിര്‍മലിനെ കണക്ക് പഠിപ്പിച്ച് തലച്ചോര്‍ തിളച്ചിരിക്കുന്ന രാത്രി..ഒരു കണക്ക് ചെയ്യേണ്ട രീതിയെചൊല്ലി ഞാനും മകനും തമ്മില്‍ തര്‍ക്കിച്ച് തലകുത്തിയിരിക്കുന്ന നേരത്താണ് പരിചയമില്ലാത്ത ഒരു നമ്പരില്‍നിന്നും കോള്‍ വന്നത്.തലയില്‍ തെളിഞ്ഞുകിട്ടിയ കണക്കിന്റെ പിടിവള്ളി ഊര്‍ന്നുപോകുമെന്ന് പേടിച്ച് ആ കോളിന് ചെവിവെച്ചില്ല..നിമിഷങ്ങള്‍ക്കുള്ളില്‍ വീണ്ടും അതേ നമ്പരില്‍ നിന്നും വിളിവപ്പോള്‍ എടുക്കാതിരിക്കാനായില്ല.
          
 '' ടീച്ചറേ,ഞാന്‍ സയന്‍സിലെ വിദ്യയാ...ടീച്ചറെന്നെ ഒന്ന് സഹായിക്കണം...എന്റപ്പന്‍ മൂക്കറ്റം കുടിച്ച് വന്ന് ഭയങ്കര ബഹളമാ....എന്നെയും അമ്മയേയും തല്ലി വീട്ടീന്ന് ഇറക്കിവിട്ടു...കുറച്ച് ദിവസമായി് രാത്രി ഇങ്ങനെയാ..ഒരക്ഷരം പഠിക്കാന്‍ പറ്റുന്നില്ല...ഞാന്‍ പരീക്ഷക്ക് തോറ്റ് പോകും.എങ്ങിനെയും അപ്പനെ ഒന്ന് നിയന്ത്രിക്കണം''
 
   അടുത്ത വീട്ടിലെ ചേട്ടന്റെ ഫോണില്‍ നിന്നാണ് അവള്‍ കരഞ്ഞുവിളിക്കുന്നത്.സംഗതി കേട്ടപ്പോള്‍ അല്പനേരത്തേക്ക് സ്വബോധം പോയെങ്കിലും പിന്നീട് ആ സാധനം സടകുടഞ്ഞെണീറ്റു. സ്‌കൂളിലെ സൗഹൃദ ക്ലബ്ബ് കോര്‍ഡിനേറ്ററാണ് ഞാന്‍....വിദ്യാര്‍ഥികളുടെ മാനസിക വിഷമങ്ങള്‍ പരിഹരിക്കേണ്ടയാള്‍ ....കുട്ടികളെ ഉപദേശിക്കാം, പക്ഷേ അപ്പന്‍മാരെ എന്താ ചെയ്യുക... പല ഐഡിയകളും മനസ്സില്‍ മങ്ങിത്തെളിഞ്ഞു....
 
''നമുക്ക് പോലീസിനെ വിളിച്ചാലോ...?''
 
'' ഓ..അപ്പന് പോലീസിനെയൊും പേടിയില്ല..എന്നാലും ടീച്ചറൊന്ന് വിളിച്ച് പറഞ്ഞോ, അവരുവന്ന് പിടിച്ചോണ്ട് പോയാല്‍ ഇന്നത്തെ രാത്രി സമാധാനത്തോടെ പഠിക്കാല്ലോ. അമ്മക്ക് സമാധാനത്തോടെ ഉറങ്ങാനും പറ്റും ''
 
തമിഴ്നാട്ടുകാരന്‍ അന്തോണി പശുവളര്‍ത്തലും പാലുകച്ചവടവുമായിട്ടാണ് നാട്ടില്‍ വന്നുകൂടിയത്. സ്വഭാവം പാലുപോലെ എന്ന് പറയാന്‍പറ്റില്ലെങ്കിലും ആള്‍ നല്ല അധ്വാനിയായിരുന്നു...ആ നിലയ്ക്കാണ് നാട്ടുകാരിയായ തങ്കയെ വിവാഹം ചെയ്തുകൊടുത്തത്.പിന്നെ അവര്‍ക്ക് കുട്ടികള്‍ രണ്ടായി, പശു നാലായി...വല്ലപ്പോഴും കുടിച്ചിരുന്ന അന്തോണി സ്ഥിരം കുടിയനായി.
 
പകല്‍ ഇത്രയും സ്നേഹമുള്ള ഒരാളില്ല,രാത്രി സംഗതി മാറും...വീട്ടില്‍ തെറിയുടെ, അടിയുടെ പൊടിപൂരമാണ്. വിദ്യ വീട്ടുവിശേഷങ്ങള്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് വേണ്ടവിധം ഉള്‍ക്കൊള്ളാന്‍ എനിക്കായില്ലെന്ന തോന്നല്‍ മനസ്സിനെ നോവിച്ചു. പല കുട്ടികളും അപ്പന്‍മാരുടെ കുടിയേപ്പറ്റി സങ്കടം പറഞ്ഞിട്ടുള്ളതുകൊണ്ടാകണം അതിനെ ഗൗരവത്തില്‍ എടുക്കാതെ പോയത്. സത്യത്തില്‍ അവളുടെ നടപ്പും മട്ടുമൊക്കെ കണ്ടാല്‍ വീട്ടിലത്ര പ്രശ്നമൊന്നും ഉണ്ടെന്ന് തോന്നുകയുമില്ല.
 
ഒരാണിന്റെ തന്റേടമാണവള്‍ക്ക്, അപ്പന് അവളെ മാത്രമാണ് വീട്ടില്‍ അല്‍പം പേടിയുള്ളത്.സങ്കടങ്ങളൊന്നും അവളുടെ മുഖത്ത് വായിച്ചെടുക്കാനാകില്ല, ക്ലാസില്‍ എപ്പോഴും ചിരിച്ചും വര്‍ത്തമാനം പറഞ്ഞും ഇരിക്കുന്നവള്‍.അവളുടെ കണ്ണിന്റെ ആഴങ്ങളില്‍ ഓളംവെട്ടിയിരുന്ന സങ്കടത്തിന്റെ ചുടുനീര്‍ ഒരിക്കലും താഴോട്ട് വീഴാതിരിക്കാനാകണം അവള്‍ ചിരിച്ചുല്ലസിച്ച് നടന്നത്. തീരെസഹിക്കാന്‍ പറ്റാഞ്ഞിട്ടാകണം ഈ രാത്രി എന്നെ വിളിച്ചത്... 
 
എന്റെ സ്വന്തം വീടിനടുത്താണ് വിദ്യയുടെ വീട്, ഞാനുടനെ എന്റെ അനുജനെ വിളിച്ച് വിവരം തിരക്കി  '' ചേച്ചീ,അവിടുത്തെ കാര്യം ആകെ ഡാര്‍ക്കാ,എന്നും അടീം ബഹളവും..ആ കൊച്ചിന് പഠിക്കാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞ് എപ്പോഴും കരച്ചിലാണ്,എന്താ ചെയ്യുക...''
 
പോലീസിനെ വിളിക്കാമെന്ന എന്റെ നിര്‍ദേശം അവന് ആദ്യം അത്ര ബോധിച്ചില്ല. പിന്നെ വിദ്യയും അമ്മയുമൊക്കെ ഇതാവശ്യപ്പെട്ടെന്ന് പറഞ്ഞപ്പോള്‍ അവന്‍ റെഡി.ആദ്യം നാട്ടുകാരനെന്ന മട്ടില്‍ അവന്‍ സ്റ്റേഷനിലേക്ക് വിളിച്ച് അന്തോണിയുടെ വിളയാട്ടത്തേക്കുറിച്ച് പരാതിപ്പെടും, അല്പം കഴിഞ്ഞ് ടീച്ചറെന്ന നിലയില്‍ ഞാന്‍ വിളിച്ച് കുട്ടിയുടെ അവസ്ഥ പറയും...
 
പോലീസിനെ വിളിക്കാമെന്നൊക്കെ ഈസിയായി തട്ടിയെങ്കിലും ഫോണെടുത്തപ്പോള്‍ ചങ്ക് പടപടാന്ന് മിടിക്കാന്‍ തുടങ്ങി. പിന്നെ രണ്ടും കല്‍പിച്ച് വിളിച്ചു.പോലീസ് സൗമ്യമായി കാര്യങ്ങള്‍ ചോദിച്ചറിയുന്നതനുസരിച്ച് എന്റെ ചങ്ക് സ്വസ്ഥാനത്ത് അടങ്ങിയിരിക്കാന്‍ തുടങ്ങി.എല്ലാം കേട്ട്് കഴിഞ്ഞപ്പോള്‍ '' ടീച്ചര്‍ വിഷമിക്കേണ്ട,ഞങ്ങള്‍ ഇപ്പോള്‍ തന്നെ പോയി ആളെ പൊക്കിയേക്കാം,ഇന്ന് സ്റ്റേഷനില്‍ കിടക്കട്ടെ..'
 
ഉപദ്രവിക്കരുത്, ഒന്ന് ഉപദേശിച്ചാല്‍ മതി എന്ന് ഞാന്‍ വീണ്ടും വീണ്ടും പറഞ്ഞതുകേട്ട് പോലീസിന് ബോറടിച്ചിട്ടുണ്ടാകണം.. 
 
പിന്നീട് ഒരു അരമണിക്കൂര്‍ എനിക്ക് ഇരിക്കപ്പൊറുതി ഉണ്ടായില്ല,അങ്ങോട്ടുമിങ്ങോട്ടും നടന്നു, പിന്നെ ഇരുന്നു, ഫോണ്‍ കൈയ്യിലെടുത്തു, പിന്നത് താഴെവെച്ചു..കുറച്ചധികം വെള്ളം കുടിച്ചു. കിട്ടിയ തക്കത്തിന് കണക്ക് ബുക്ക് മാറ്റിവെച്ച് മുറിക്കുള്ളില്‍ ഫുട്ബോള്‍ തട്ടിക്കളിക്കുന്ന നിര്‍മലിനെ ദയനീയമായി നോക്കി.
 
ഒടുവില്‍ അതാ വിദ്യയുടെ കോള്‍.. ഞാന്‍ ചാടിയെടുത്തു'' ടീച്ചറേ,ദേ ഇപ്പം പോലീസ് വന്ന് അപ്പനെ പൊക്കി ജീപ്പിലിട്ടോണ്ടു പോയി..എന്തായാലും താങ്ക്സുണ്ട്...ഇന്ന് സമാധാനത്തോടെ പഠിക്കാല്ലോ...ഞാനീ ഉപകാരം മറക്കില്ല...'' കോള്‍ കട്ടായെങ്കിലും  ഫോണ്‍ എന്റെ ചെവിയില്‍ തന്നെയിരിക്കുകയാണ്. അപ്പനെ പോലീസ് കൊണ്ടുപോയതിന്റെ ആശ്വാസം മകളുടെ വാക്കുകളില്‍ ഞാന്‍ കേട്ടറിഞ്ഞു. ഇനി എന്താ ചെയ്യേണ്ടത്? വിദ്യയേപ്പോലെ പഠിക്കാന്‍ സാഹചര്യം ഇല്ലാത്തവര്‍ വേറെയും ക്ലാസ്സില്‍ ഉണ്ടാകില്ലേ. ക്ലാസില്‍ ചിരിച്ച് മറിഞ്ഞുനടക്കുന്നവരുടെ ഉള്ളിലെ സങ്കടപെയ്ത്തുകള്‍ നമ്മളറിയാതെ പോകുന്നല്ലോ...
 
പിറ്റേന്ന് കാലത്ത് പത്തുമണിയോടെയാണ് അന്തോണിയെ സ്റ്റേഷനില്‍ നിന്നും വിട്ടത്. ഉപദ്രവിച്ചൊന്നുമില്ല, കെട്ടിറങ്ങിക്കഴിഞ്ഞപ്പോള്‍ നന്നായി ഉപദേശിച്ചത്രെ.. കക്ഷി  പശുതലകുലുക്കും പോലെ എല്ലാം തലകുലുക്കികേട്ടു...നിക്കര്‍പുറത്താണ് രാത്രി പോലീസ് പൊക്കികൊണ്ടുപോയത്.. അതിനാല്‍ വീട്ടില്‍നിന്നും മുണ്ടും ഷര്‍ട്ടും വരുന്നതുവരെ അന്തോണിക്ക് സ്റ്റേഷനില്‍ വെയിറ്റ് ചെയ്യേണ്ടിവന്നു. പിന്നീടുള്ള രാത്രികളില്‍ അന്തോണിവിളയാട്ടം കുറയുകയും ചെയ്തു.
 
നാലഞ്ചുമാസം കഴിഞ്ഞിരിക്കണം, ഒരുദിവസം ഇടവഴിയില്‍ അതാ എതിരേ അന്തോണി വരുന്നു. ദൈവമേ... ഞാന്‍ ചെയ്തകാര്യങ്ങള്‍ അറിഞ്ഞിട്ടുണ്ടെങ്കില്‍.... എന്റെ കാലുകള്‍ പോസ്റ്റാകുന്നതുപോലെ.. നാവ് എവിടെപ്പോയോ ആവോ.. ഇയാളെന്നെ മിക്കവാറും തെറിപറയും... കൈയ്യേറ്റം ചെയ്തെന്നും വരാം... തലകുമ്പിട്ട് ചുളുങ്ങിനീങ്ങിയ എന്റെ അടുത്ത് എത്തിയപ്പോള്‍ അന്തോണി പറഞ്ഞു ''വണക്കം ടീച്ചറേ... മോള്‍ പരീക്ഷപാസ്സായി.. ഇപ്പോള്‍ ടൗണില്‍ പഠിക്കാന്‍ ചേര്‍ന്നു... ഭാഗ്യം,അന്തോണിയുടെ ജയില്‍രാത്രിക്ക് പിന്നില്‍ ഞാനാണെ് അറിഞ്ഞിട്ടില്ല എന്ന് വിചാരിച്ച് ആശ്വാസനിശ്വാസം വിട്ടപ്പോഴേക്കും  ബാക്കി ഡയലോഗെത്തി....''ഞാനിപ്പോഴും കുടിക്കാറുണ്ട്, പക്ഷേ ആരെയും ശല്യപ്പെടുത്തില്ല. വല്ലതും കഴിച്ച് കിടുറങ്ങും... പിന്നെ വീടുപണിയൊക്കെ കഴിഞ്ഞു...ടീച്ചര്‍ ഒരുദിവസം വീട്ടിലേക്ക് വരണം.....''
 
''അതിനെന്താ..ഒരുദിവസം വരാല്ലോ....'എന്നുപറഞ്ഞ് ഞാന്‍ അതിവേഗം സ്ഥലംകാലിയാക്കി.
               
(എറണാകുളം കോതാട് എച്ച്.എസ്.എസ്.ഓഫ് ജീസസില്‍ ഹയര്‍സെക്കന്‍ഡറി ടീച്ചറാണ് ലേഖിക)
 
Content Highlights: Teachers' Day Special Story