കുടുംബസമേതം ഒരു യാത്രയിലായിരുന്നു. മൊബൈല്‍ ഫോണ്‍ മണിനാദം മുഴക്കി. ''ഹലോ, ഗോപിനാഥന്‍ മാഷല്ലേ?''  

''അതെ'' 
''ഞാന്‍ ജെല്‍സണ്‍. മാഷുടെ പഴയൊരു വിദ്യാര്‍ഥിയാണേ. മാഷ് ഓര്‍ക്കുന്നുണ്ടാകില്ല.'' 
''ജെല്‍സണ്‍ ജെ. ആളൂരാണോ?'' ഞാന്‍ ചോദിച്ചു. ''അതെ, മാഷ്‌ക്ക് ഭയങ്കര ഓര്‍മയാണല്ലോ?'' 
''ശരി, ജെല്‍സാ. വീട്ടിലെത്തിയാല്‍ ഞാന്‍ വിളിക്കാം. അപ്പോള്‍ വിശദമായി സംസാരിക്കാം.'' 

അങ്ങനെ ഞങ്ങളുടെ സംസാരത്തിന് അര്‍ധവിരാമമായി. 32 വര്‍ഷം പിന്നോട്ട്   ഓര്‍മകള്‍ ഊളിയിട്ടു. 1985-നവംബര്‍ മാസം തുടര്‍ച്ചയായി നാലുദിവസം ഒന്‍പത് ബി ക്ലാസില്‍ ജെല്‍സണ്‍ ഹാജരില്ല. ക്ലാസ് അധ്യാപകനായ ഞാന്‍ പല വഴിക്കും അന്വേഷിച്ചു. വീട്ടില്‍നിന്ന് പോരുന്നതായി മറ്റ് കുട്ടികളില്‍ നിന്നും സൂചന ലഭിച്ചു. 

തിങ്കളാഴ്ച ജെല്‍സണ്‍ ക്ലാസില്‍ വന്നപ്പോള്‍  ചെറിയൊരു ചൂരല്‍ പ്രയോഗം നടത്തി. അന്ന് മൂന്നാമത്തെ പീരിയഡ് സ്റ്റാഫ് റൂമിലിരുന്ന് അറ്റന്റന്‍സ് രജിസ്റ്റര്‍ വര്‍ക്ക് നടത്തുകയായിരുന്നു. സിസിലി ടീച്ചറുടെ ചോദ്യം: ''ഗോപ്യേ, രാവിലെ ജെല്‍സണെ ശിക്ഷിച്ചിരുന്നോ? വാട്ടര്‍ടാപ്പിന്റെ അടുത്ത നിന്ന് കഴുകുന്നത് കണ്ടു. സ്വല്പം മരുന്ന് തേച്ചുകൊടുത്തേക്കൂ.''

ചൂരലിന്റെ പരുപരുത്ത തുമ്പുകൊണ്ട് ഉരഞ്ഞതായിരുന്നു. ഉടനെ ജെല്‍സണെ വിളിച്ച് സ്വല്പം മരുന്നു പുരട്ടിക്കൊടുത്തു. അവന്റെ ശരീരം വേദനിച്ചതിനേക്കാള്‍ എന്റെ മനസ്സ് വേദനിച്ചു. പിറ്റേ ദിവസം അസംബ്ലി കഴിഞ്ഞ് പത്തു മണിയോടടുത്ത സമയം. ജെല്‍സന്റെ അമ്മ ഒരു കുടയും കയ്യില്‍ പിടിച്ച് ക്ലാസിനുനേരെ നടന്നുവരുന്നത് കണ്ടു. തെല്ലൊരമ്പരപ്പോടെ ഞാന്‍ ക്ലാസിന്റെ വാതില്‍ക്കലേക്ക് ചെന്നു.

'' ജെല്‍സന്റെ ക്ലാസ് മാഷാണോ? ഇന്നലെ അവനെ മാഷ് ശിക്ഷിച്ചിരുന്നോ?''
''ഉവ്വ്. നാലുദിവസമായി സ്‌കൂളിലേക്ക് വരാതെ കല്‍സ് കട്ട് ചെയ്ത് കറങ്ങി നടക്കുകയായിരുന്നു അവന്‍. അതുകൊണ്ടാ ശിക്ഷിച്ചത്.''
''അതു നന്നായി മാഷേ. അവന്‍ ഈയിടെയായി കുറച്ചധികം കുറുമ്പനായിട്ടുണ്ട്. അവന്റെ അപ്പന്‍ കിടപ്പിലാണ്. ഏഴു പെണ്‍മക്കളുടെ ഇടയിലുള്ള ഏക ആണ്‍തരിയാണ്. കുറച്ചു കൂടുതലായി ലാളിച്ചു പോയീന്നു തോന്നുണു. ഞാന്‍ പറഞ്ഞാലൊന്നും അവനൊരു വിലയുമില്ല. അതുകൊണ്ടാണ് ശിക്ഷ കൊടുത്തത് നന്നായി എന്നുപറഞ്ഞത്. ആരെയെങ്കിലും ഒരു പേടി വേണമല്ലോ.''

തെല്ലൊരാശ്വാസത്തോടെ ഞാന്‍ ജെല്‍സണെ ക്ലാസില്‍നിന്ന് വരാന്തയിലേക്ക് വിളിച്ചിറക്കി. അമ്മയുടെ കരംതൊട്ട് ഇനി മേലാല്‍ ചീത്ത കൂട്ടുകാരുമായി കറങ്ങി നടക്കില്ലെന്നും നല്ല പെരുമാറ്റം കാഴ്ചവെക്കുമെന്നും പ്രതിജ്ഞയെടുപ്പിച്ചു.

ദിവസങ്ങള്‍ കടന്നുപോയി. ആ വര്‍ഷാന്ത്യത്തില്‍ ജെല്‍സണ്‍ ടി.സി. വാങ്ങിപ്പോകുമ്പോള്‍ യാത്ര പറയാതിരുന്നത് ഒരു നൊമ്പരമായി അവശേഷിച്ചു. ഇപ്പോഴത്തെ അവന്റെ അവസ്ഥയെന്തായിരിക്കുമെന്ന ചിന്ത എന്നെ അലട്ടാറുണ്ടായിരുന്നു. ഫോണില്‍ സംസാരിച്ചപ്പോഴറിയിച്ച പ്രകാരം 2016- ലെ നവംബര്‍ മാസത്തെ ഉച്ചസമയത്ത് ജെല്‍സണ്‍ സ്‌കൂളിലേക്ക് വന്നു. അരോഗദൃഢഗാത്രനായ യുവ കോമളന്‍.

ജെല്‍സണെ സ്റ്റാഫ് റൂമിലേക്ക് കൊണ്ടുപോയി സഹപ്രവര്‍ത്തകരെ പരിചയപ്പെടുത്തി. രണ്ടാഴ്ചക്കുശേഷം ജെല്‍സണ്‍ വീണ്ടും വന്നു. തൃശ്ശൂര്‍ പടിഞ്ഞാറെ കോട്ടയില്‍ താന്‍ പടുത്തുയര്‍ത്തിയ ബേക്കറിയിലേക്ക് എന്നെ നയിച്ചു. അദ്ഭുതവും അഭിമാനവും തോന്നിയ നിമിഷങ്ങള്‍. സ്വന്തമായി മൂന്ന് ബഹുനില കെട്ടിടങ്ങള്‍. നിരവധി ജീവനക്കാര്‍, വാഹനങ്ങള്‍. എല്ലാം കൊണ്ടുനടന്ന് കാണിച്ചുതന്ന് വിശദീകരിച്ചു. 

മാഷിന്റെ ശിക്ഷയും പ്രതിജ്ഞയെടുപ്പിക്കലും എന്നെ മോശം കൂട്ടുകെട്ടില്‍ നിന്നും വേര്‍പെടുത്തി.  ഒമ്പതില്‍ തോറ്റതുകാരണമാണ് ഞാന്‍ സ്‌കൂള്‍ മാറിപ്പോയത്. ടി.സി. വാങ്ങാന്‍ വന്നപ്പോള്‍ മാഷ് എസ്.എസ്.എല്‍.സി. വാലുവേഷന്‍ ക്യാമ്പിലായിരുന്നു. പഠനത്തില്‍ പിന്നാക്കമായതുകൊണ്ട് താമസിയാതെ ഞാന്‍ നഗരത്തിലെ പ്രമുഖ ബേക്കറിയില്‍ ജോലിക്കാരനായി. അഞ്ചുവര്‍ഷം അവിടെ ജോലി ചെയ്തു. സ്വപ്രയത്നം കൊണ്ട് പടിഞ്ഞാറെ കോട്ടയില്‍ ബേക്കറി ആരംഭിച്ചു.  

സംസാരത്തിനിടെ വാഹനം ജെല്‍സന്റെ വീടിനു മുമ്പിലെത്തി. ഭാര്യയെ പരിചയപ്പെടുത്തി, മൂന്നു മക്കള്‍. രണ്ടാണും ഒരു പെണ്ണും.  ചായ കഴിച്ചതിനുശേഷം യാത്ര പറഞ്ഞിറങ്ങുമ്പോള്‍ വീടിന്റെ പേര് ശ്രദ്ധയില്‍പ്പെട്ടു. 'PARADISE''

(തൃശ്ശൂര്‍ സി.എം.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്നു ലേഖകന്‍)

-മാതൃഭൂമി ആവ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Teacher remembers his student who later started own business