ടല്‍ക്കാറ്റ് അനുസ്യൂതമായി തലോടിക്കൊണ്ടിരിക്കുന്ന, വെയിലിന്റെ തീഷ്ണത കുറഞ്ഞ, ഉച്ചതിരിഞ്ഞനേരം. സഹൃദയര്‍ക്കിടയിലേക്ക് നാടകം പെയ്തിറങ്ങുകയായിരുന്നു താനൂര്‍ കടപ്പുറത്തെ ഗവ. ഫിഷറീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒന്നാം വേദിയില്‍. അപ്പോഴാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിലെ (എസ്.പി.സി.) വിദ്യാര്‍ഥികള്‍ ''സാറേ ഒരു പ്രധാന കാര്യം പറയാനുണ്ടെന്ന്'' പറഞ്ഞ് സ്റ്റാഫ് റൂമിലെത്തിയത്.

'എന്താ' എന്ന എന്റെ ചോദ്യത്തിന് ഇത്തിരി അമ്പരപ്പുണ്ടാക്കുന്നതായിരുന്നു ഉത്തരം. പ്ലസ്ടു കോഴ്സിലെ നാല് വിദ്യാര്‍ഥികള്‍ മദ്യപിച്ച് വി.എച്ച്.എസ്.ഇ. കെട്ടിടത്തിലെ ക്ലാസുമുറിയില്‍ ലക്കില്ലാതെ കിടക്കുന്നു. മൊബൈലില്‍ ചിത്രം പകര്‍ത്തീട്ടുണ്ടെന്ന് പറഞ്ഞ് അവരത് കാണിച്ചുതന്നു. എസ്.പി.സി. വിദ്യാര്‍ഥികളോടുതന്നെ ആ നാലുപേരേയും 'പൊക്കിയെടുത്ത്' സ്റ്റാഫ് റൂമിലെത്തിക്കാന്‍ പറഞ്ഞുവിട്ടശേഷം മുറിയുടെ ജനാലകള്‍ ഭാഗികമായി അടച്ചിട്ടു, പുറത്താരും അറിയാതിരിക്കാന്‍.

മദ്യപിച്ചതിനെ കുറിച്ചുള്ള ചോദ്യം ചെയ്യലില്‍ അവരെല്ലാവരും നിഷേധനിലപാട് സ്വീകരിക്കുക മാത്രമല്ല ഞങ്ങള്‍ വിശന്ന് തളര്‍ന്ന് കിടക്കുന്നതാണ് എസ്.പി.സി. കണ്ടെത്തിയതെന്നുകൂടി ആണയിട്ട് പറഞ്ഞു. സൂക്ഷ്മനിരീക്ഷണത്തില്‍ കാര്യം മനസ്സിലാക്കിയതോടെ, പൊലീസ് നടപടിയായിരിക്കും അനന്തരഫലമെന്ന താക്കീതില്‍ ചിലര്‍ വീണു. തുടര്‍ന്ന് ഓരോരുത്തരോടും ഒറ്റയ്ക്ക് വസ്തുതകളാരാഞ്ഞു. എല്ലാവരും സത്യം തുറന്നുപറഞ്ഞു. 

എല്ലാവര്‍ക്കും ഓരോ കടലാസ് എടുത്തുകൊടുത്ത് ഉണ്ടായ കാര്യങ്ങള്‍ വിശദമാക്കി എഴുതിനല്‍കാന്‍ ആവശ്യപ്പെട്ടു. പൂക്കിപ്പറമ്പ് മദ്യവില്‍പ്പനശാലയില്‍നിന്ന് മദ്യം വാങ്ങിയതും താനൂര്‍ റെയില്‍പ്പാതയോരത്തിരുന്ന് മദ്യപിച്ചതും അവരെഴുതി നല്‍കി.

പ്രിന്‍സിപ്പല്‍ കെ. ഉഷ, അധ്യാപകരായ അബ്ദുറഹൂഫ്, ഉണ്ണികൃഷ്ണന്‍, പി.ടി.എ. പ്രതിനിധികള്‍ എന്നിവരുമായി നടത്തിയ കൂടിയാലോചനയില്‍ പ്രസ്തുത വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ വിളിച്ചുവരുത്താനും 15 ദിവസം സ്‌കൂളില്‍നിന്ന് പുറത്താക്കാനും തീരുമാനിച്ചു.

അടുത്തദിവസം പഠനത്തെക്കുറിച്ചറിയാനും മറ്റും നിര്‍ബന്ധമായും സ്‌കൂളിലെത്തണമെന്ന് പറഞ്ഞാണിവര്‍ രക്ഷിതാക്കളെ കൊണ്ടുവന്നത്. 'മക്കള്‍ മദ്യപിച്ചതാണ്' വിഷയമെന്ന് പറഞ്ഞപ്പോള്‍ രക്ഷിതാക്കള്‍ അധ്യാപകര്‍ക്കുനേരേ തിരിഞ്ഞു. ഞങ്ങളുടെ മക്കള്‍ ഒരിക്കലും മദ്യപിക്കില്ലെന്നായിരുന്നു അവരുടെ നിലപാട്.

നാല് വിദ്യാര്‍ഥികളില്‍നിന്നും എഴുതിവാങ്ങിയ കുറിപ്പ് ഓരോരുത്തരുടെയും രക്ഷിതാക്കള്‍ക്ക് നല്‍കി വായിക്കാന്‍ പറഞ്ഞു. അതോടെ സംശയം നീങ്ങുകയും മക്കള്‍ക്കുനേരേ അവര്‍ പ്രക്ഷുബ്ധരാവുകയും ചെയ്തു.

ദിവസങ്ങള്‍ക്കുശേഷം അതിലൊരു രക്ഷിതാവിനെ കണ്ടപ്പോള്‍ പറഞ്ഞതിങ്ങനെ: 
''മാഷേ മോന്‍ ഇനിയൊന്നും ചെയ്യില്ല. നിങ്ങള്‍ ഇക്കാര്യം കണ്ടെത്തിയത് നന്നായി. അവന് ഞാനൊരു പണി കൊടുത്തിട്ടുണ്ട്!''
''എന്താത്?'' 
അയാള്‍ വിശദീകരിച്ചു:
''നീ എവിടെയെങ്കിലും പോയി മദ്യപിക്കേണ്ട എന്ന് പറഞ്ഞ് വീട്ടിലെ ഒരു മുറിയില്‍ ഒരുക്കിവെച്ച മദ്യം അവനോട് കഴിക്കാനാവശ്യെപ്പെട്ടു. ആകെ പകച്ചുപോയ അവനെ ഗുണദോഷിക്കുകയും ചെറുതായി ശകാരിക്കുകയുമാണ് പിന്നീട് ചെയ്തത്. 'ഇനി ഞാന്‍ ഇതൊന്നും ഉപയോഗിക്കുകയില്ലെന്ന്' അവന്റെ ഉറച്ച മറുപടി കിട്ടി.''

(മലപ്പുറം ജില്ലയിലെ താനൂര്‍ കാട്ടിലങ്ങാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് ലേഖകന്‍)

-മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Teacher Remembers Drunken Students