'ഡോണ്ട് സ്‌പോയില്‍ ഔവര്‍ ലൈഫ്, ഡോണ്ട് സ്‌പോയില്‍ ഔവര്‍ ലൈഫ്, വിദ്യാര്‍ഥി ഐക്യം സിന്ദാബാദ്, വിദ്യാര്‍ഥിസമരം സിന്ദാബാദ്...'
കണ്ണൂര്‍ജില്ലയിലെ പ്രസിദ്ധമായ പെരളശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ മുന്നിലൂടെ ബസില്‍ യാത്രചെയ്യുമ്പോഴൊക്കെ എന്റെ കാതില്‍ ഇപ്പോഴും ആ മുദ്രാവാക്യങ്ങള്‍ മുഴങ്ങും. ഒരു ഉള്‍ക്കിടിലത്തോടെ അന്നത്തെ ഘെരാവോയില്‍ കുടുങ്ങിയ സംഭവം ഓര്‍ക്കും.

നക്‌സല്‍ബാരിയും ഘെരാവോയും കേരളത്തില്‍ എത്തിയിട്ടേയുള്ളൂ. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന ഞാന്‍ ആ സ്‌കൂളില്‍ ചേര്‍ന്നിട്ട് ഒരുമാസേ ആയിട്ടുള്ളൂ. പെട്ടെന്നാണ് എന്തോ കാരണവശാല്‍ സമരം തുടങ്ങിയത്. ജനാലകളും വാതിലുകളും തച്ചുടയ്ക്കുന്ന ശബ്ദം കേള്‍ക്കാം. കുട്ടികള്‍ വരാന്തയില്‍കൂടി മുദ്രാവാക്യം വിളിച്ച് നീങ്ങുന്നു. ഒരു പിരീഡിനുശേഷം ഒന്നും നടക്കുന്നില്ല. സമരം ശക്തമായി. സ്റ്റാഫ് മീറ്റിങ് ചേര്‍ന്നു. ഹെഡ് ടീച്ചറോട് അപമര്യാദയായി പെരുമാറിയ നാലുകുട്ടികളെ, രക്ഷിതാക്കളെ വിളിച്ചുവരുത്തി സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. പാലക്കാട്ടുനിന്ന് അടുത്തായി പ്രൊമോഷന്‍ കിട്ടി വന്നതാണവര്‍.

സ്റ്റാഫ് റൂമും ഓഫീസും മുകളിലത്തെ നിലയിലാണ്. മുകളില്‍ കയറാന്‍ മധ്യത്തില്‍ വീതിയുള്ള ഒരു കോണിപ്പടി മാത്രമേയുള്ളൂ. സമയം രണ്ടുമണി. ഘെരാവോ പ്രഖ്യാപിക്കപ്പെട്ടു. കോണിപ്പടി തടഞ്ഞു. കുട്ടികള്‍ അവിടെ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കാന്‍ തുടങ്ങി. പ്രകോപനമൊഴിവാക്കാന്‍ ലോങ് ബെല്ലടിച്ച് സ്‌കൂള്‍ വിട്ടു. അറുപതിലധികം അധ്യാപകര്‍, പകുതിയോളം അധ്യാപികമാര്‍. ആര്‍ക്കും താഴെയിറങ്ങാന്‍പറ്റാതായി. കോളേജുകളില്‍നിന്ന് മുതിര്‍ന്ന വിദ്യാര്‍ഥികള്‍ എത്തിത്തുടങ്ങി. ഡോണ്ട് സ്‌പോയില്‍ ഔവര്‍ ലൈഫ്, ഡോണ്ട് സ്‌പോയില്‍ ഔവര്‍ ലൈഫ് - മുദ്രാവാക്യം ശക്തമാവാന്‍തുടങ്ങി. 

സമയം നാലുമണി കഴിഞ്ഞു, അഞ്ചായി, ആറുമണിയായി. ഒരുപാടുപേര്‍ എത്തിക്കൊണ്ടിരുന്നു. അധ്യാപകരെ അന്വേഷിച്ച് ആളുകള്‍ എത്താന്‍തുടങ്ങി (ആര്‍ക്കും ഫോണില്ലാത്ത കാലം). സമയം രാത്രി  പത്തായി... പന്ത്രണ്ടുമായി. ഉയര്‍ന്ന പൊലീസുകാരെത്തി. സബ് കളക്ടര്‍ സന്നാഹവുമായി വന്നു. ഘെരാവോ ചെയ്തവരെ അറസ്റ്റ്ചെയ്ത് തലശ്ശേരിയിലേക്ക് കൊണ്ടുപോയി. അധ്യാപകരെ മുഴുവന്‍ പൊലീസ്വലയത്തില്‍ റോഡിലെത്തിച്ചു. പൊലീസ്വണ്ടികളില്‍ എല്ലാവരെയും വീടുകളിലെത്തിക്കുകയായിരുന്നു സബ് കളക്ടറുടെ ഉദ്ദേശ്യം. പക്ഷേ, അത് നടന്നില്ല. എല്ലാ അധ്യാപകരെയും റോഡില്‍ ഘെരാവോ ചെയ്തു. അറസ്റ്റ്ചെയ്തവരെ തിരിച്ചുകൊണ്ടുവരാതെ ആരെയും വിടില്ലെന്ന് മുദ്രാവാക്യം. അനുരഞ്ജനസംഭാഷണം നടന്നു. അറസ്റ്റ്ചെയ്തവരെ തിരിച്ചെത്തിച്ചു. സസ്‌പെന്‍ഡ്‌ചെയ്യാന്‍ തീരുമാനിച്ചത് വേണ്ടെന്നുവെച്ചു. സമയം പുലര്‍ച്ചെ നാലുമണി. എല്ലാ അധ്യാപകരെയും പൊലീസ്വണ്ടികളില്‍ വീടുകളിലെത്തിച്ചു.

ഒരുമാസത്തിനുള്ളില്‍ അധികംപേരും ട്രാന്‍സ്ഫറായി. ഗാന്ധിജിയുടെ പ്രിയപ്പെട്ട കൗമുദി ഹിന്ദിടീച്ചറായി അവിടെ ഉണ്ടായിരുന്നു. വടകരയില്‍വെച്ച് സ്വര്‍ണവളകളും ഇയര്‍ റിങ്ങും ഊരി ഗാന്ധിജിക്ക് കൊടുത്ത കൗമുദി, ആഭരണം ഒരിക്കലും ധരിക്കില്ലെന്ന് പ്രതിജ്ഞയെടുത്ത കൗമുദി, തന്റെ ജീവിതകഥ പാഠപുസ്തകത്തില്‍ പഠിപ്പിച്ച കൗമുദിടീച്ചര്‍ക്ക് യാത്രയയപ്പ് നല്‍കി. യാത്രയയപ്പുയോഗത്തില്‍ ആമ്പിലാട് നാണുമാഷ്  നടത്തിയ വികാരാര്‍ദ്രമായ പ്രസംഗം ഇപ്പോഴും ഓര്‍മിക്കുന്നു. സമാധാനവും സൗഹൃദാന്തരീക്ഷവുമില്ലാത്ത ഒരു സ്‌കൂളില്‍ വിദ്യാഭ്യാസം പ്രയാസകരമാവും എന്ന് അര്‍ഥം വരുന്ന ഒരു നാട്ടുചൊല്ല് അദ്ദേഹം പറയുകയുണ്ടായി.

(കണ്ണൂര്‍ ജില്ലയിലെ പിണറായി എ.കെ.ജി. സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകനായിരുന്നു ലേഖകന്‍)

-മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Students strike at peralasseri higher secondary school