റെ വര്‍ഷത്തെ അധ്യാപനത്തിനിടയില്‍ ഈ വര്‍ഷത്തെ ഒരു രണ്ടാം ക്ലാസ്...
രണ്ടാം ക്ലാസുകാരനാണെങ്കിലും പ്രായത്തില്‍ കവിഞ്ഞ ജനറല്‍ നോളജുള്ള, പല കാര്യങ്ങളിലും 'വ്യത്യസ്തനായ' ആദില്‍ റഷീദ്.
ഇടയ്ക്ക് കാണിക്കുന്ന ചില ചില്ലറ കുശുമ്പുകള്‍ക്ക് നമുക്കൊരിക്കലും ദേഷ്യം തോന്നാത്ത കുഞ്ഞു നാഫിഹ്.
ക്ലാസില്‍ വളരെ നിശ്ശബ്ദനും ഇതിന് വിപരീതമായി അവന്റെ വീട്ടില്‍ ക്ലാസിലെ കാര്യങ്ങളെക്കുറിച്ച് വാചാലനുമാവുന്ന അഹമ്മദ് ഹസന്‍.
കണ്ണില്‍ ഒരായിരം കഥകള്‍ നിറച്ചുവെച്ച നിഷാന.
ഒരു രണ്ടാം ക്ലാസുകാരന്റെതല്ലാത്ത പക്വതയുള്ള അമീര്‍ഷാ.
മലയാളം തീരെ അറിയാത്ത പശ്ചിമബംഗാളുകാരന്‍ ആദില്‍ അലി.
വെള്ളാരങ്കണ്ണുള്ള ഫാസില്‍.
വളരെ നിഷ്‌കളങ്കമായി സംശയങ്ങള്‍ ചോദിക്കുന്ന സവാദ്...
അങ്ങനെ... അങ്ങനെ... ഞാനും എന്റെ മുപ്പത്തിമൂന്നുപേരും...

ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറന്നു. ക്വിസ് കാലവും തുറക്കുകയാണല്ലോ. ജൂണ്‍ അഞ്ച് ലോക പരിസ്ഥിതിദിനം. രണ്ടാം ക്ലാസ് നിലവാരത്തിലുള്ള കുറച്ച് ചോദ്യങ്ങളുണ്ടാക്കി.
ക്വിസ് തുടങ്ങി. മൂന്ന് ചോദ്യങ്ങള്‍ കഴിഞ്ഞ് ക്വിസുകാരന്‍ ആദില്‍ റഷീദ് മുന്നേറുന്നുണ്ട്... 

നാലാമത്തെ ചോദ്യം. ഇന്ത്യയില്‍ത്തന്നെ, വളരെ പേരുകേട്ട ഒരു ദേശീയോദ്യാനം പാലക്കാടുണ്ട്. അതിന്റെ പേരെഴുതുക.
ഉടന്‍ വന്നു. സവാദിന്റെ ചോദ്യം:
''ടീച്ചറേ.. അങ്ങനെ പറഞ്ഞാ എന്താ?'' 
ദേശീയോദ്യാനം അല്ലെങ്കില്‍ നാഷണല്‍ പാര്‍ക്ക് എന്നുപറഞ്ഞാല്‍ ധാരാളം ചെടികളും മരങ്ങളുമൊക്കെയുള്ള നല്ല മനോഹരമായ സ്ഥലമാണ്. ധാരാളം ആളുകളും അത് കാണാന്‍ അവിടെ എത്താറുണ്ട്.
ഇത്രയും പറഞ്ഞപ്പോഴേക്കും സവാദ് ചാടി എണീറ്റുനിന്ന് ആവേശത്താല്‍ രണ്ടുകൈകളും ഉയര്‍ത്തി എല്ലാവരോടുമായി ഉറക്കേ പറഞ്ഞു: 
''ആ, എനിക്ക് ഉത്തരം കിട്ടിയെടാ, ഡാമ്... ഡാ... നമ്മള് ടൂറ് പോന്ന, പാര്‍ക്കുള്ള ഡാമ്. ഡാ...''

''അതേയ്, ആലോചിച്ചെഴുതണംട്ടോ, തെറ്റിക്കരുത്,''
എന്റെ ഇടപെടല്‍.
വീണ്ടുമതാ വരുന്നു സവാദിന്റെ നിഷ്‌കളങ്കതയില്‍ കുതിര്‍ന്ന ചോദ്യം:
''ടീച്ചറേ. 'മ്മാ' ന്റെ മോളില് ചന്ദ്രക്കല ഇടാന്‍ പറ്റോ?'' 
ഒരു ചിരിയോടെ ഞാന്‍ ചോദിച്ചു: ''അതെന്തിനാപ്പൊ സവാദേ, 'മ്മാ'ന്റെ മോളില് ചന്ദ്രക്കല ഇടണത്?''
''അതേയ് ഇതിന്റെ ഉത്തരം കാഞ്ഞിരപ്പൊയ ഡാമാണല്ലോ. 
അപ്പൊ ഡാ 'മ്മ്' എന്നെഴതണ്ടേ, അതാ ചോദിച്ചത്.''
ചിരിക്കണോ കരയണോ എന്നറിയാതെ നിന്നുപോയി ഞാന്‍. '

(പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട്  ജി.എം.യു.പി. സ്‌കൂള്‍ അധ്യാപികയാണ് ലേഖിക)

- മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Students' innocent questions in the classroom