കോഴിക്കോട് ജില്ലയില്‍ കാക്കൂര്‍ പഞ്ചായത്ത് പുന്നൂര്‍ ചെറുപാലം എ.യു.പി. സ്‌കൂളിലായിരുന്നു എന്റെ പ്രൈമറി വിദ്യാഭ്യാസം. നാലാം ക്ലാസ് വരെയാണ് അവിടെ പഠിച്ചത്. കണക്കില്‍ ഞാന്‍ വളരെ പിന്നിലായിരുന്നു. അരക്കൊല്ലപരീക്ഷയില്‍ 25-ല്‍ രണ്ടു മാര്‍ക്കാണ് കിട്ടിയത്. പരീക്ഷാ പേപ്പര്‍ കിട്ടിയാല്‍ ടീച്ചര്‍ ഓരോരുത്തരുടെ പേര് വിളിച്ച്, മാര്‍ക്ക് ഉറക്കെ പറയുമായിരുന്നു. എന്റെ മാര്‍ക്ക് കേട്ടപ്പോള്‍ കുട്ടികള്‍ പൊട്ടിച്ചിരിച്ചത് ഒരിക്കലും മറക്കാനാവില്ല. 

സൗമ്യതയോടെ സംസാരിക്കുന്ന സുലോചന ടീച്ചറായിരുന്നു എന്റെ ക്ലാസ് ടീച്ചര്‍. കണക്കുവിഷയത്തില്‍ മറ്റൊരു ടീച്ചറായിരുന്നു. എങ്കിലും പ്രോഗ്രസ് കാര്‍ഡ് തരുന്നതും മറ്റും ക്ലാസ് ടീച്ചര്‍ തന്നെ. കാര്യമായ് കണക്കും മലയാളവും മാത്രമേ പഠിക്കാനുണ്ടായിരുന്നുള്ളൂ. ഇപ്പോഴത്തെ എല്‍.കെ.ജി. പോലെ നാലാം ക്ലാസില്‍ എ, ബി, സി, ഡി.  എല്ലാം പറഞ്ഞുതരും. അത്രമാത്രം. എന്തായാലും മറ്റുവിഷയങ്ങളെല്ലാം തരക്കേടില്ലാതെ രക്ഷപ്പെട്ടു. പക്ഷേ, കണക്കു ചതിച്ചു.

അന്ന് ഇന്നത്തെപോലെ മാതാപിതാക്കള്‍ സ്‌കൂളില്‍പോയി ഒപ്പിട്ടുകൊടുക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. കുട്ടികളുടെ കൈയില്‍ കാര്‍ഡ് കൊടുത്തുവിടും. മാതാപിതാക്കളിലാരെങ്കിലും ഒപ്പിട്ടുകൊടുക്കും. അത്രതന്നെ. എന്റെ പ്രോഗ്രസ് കാര്‍ഡ് വീട്ടിലേക്ക് കൊണ്ടുപോകുവാന്‍ തന്നെ പേടിതോന്നി. കണക്കിന്റെ കോളത്തില്‍ രണ്ടു മാര്‍ക്കും അടിയില്‍ ചുവന്നവരയും. ചുവന്നവര എനിക്ക് രക്തം കണ്ടതുപോലെ തോന്നി. വൈദ്യരായിരുന്ന അച്ഛന്‍ ഒറ്റമൂലികള്‍ എഴുതുന്ന ഒരു ഡയറിയുണ്ട്. അടിയില്‍ അച്ഛന്റെ ഒപ്പും. അത് നോക്കി പല പ്രാവശ്യം ഞാന്‍ ശ്രമിച്ചു. ഒടുവില്‍ ധൈര്യം സംഭരിച്ച് കാര്‍ഡില്‍ ഒരൊറ്റ കാച്ചുകാച്ചി. 

ടീച്ചര്‍ ആ ഒപ്പ് പലവട്ടം നോക്കി. പിന്നെ എന്നെയും. ഇത് അച്ഛന്‍ തന്നെയാണോ ഇട്ടത് എന്നൊരു ചോദ്യവും. എന്റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി. ഇത് വീട്ടിലെത്തിയാല്‍ ആകെ കുഴപ്പമാവും. സാധാരണ ഗതിയില്‍തന്നെ ഞാന്‍ അച്ഛന്റെ മുന്നില്‍ പോകുന്നതു വളരെ വിരളമായിരുന്നു. എന്റെ രണ്ടു മാര്‍ക്കിനും ചുവന്നവരെയെക്കാളുമേറെ അച്ഛന്റെ കള്ളയൊപ്പിനോടായി ഭയം. ചില കുട്ടികള്‍ക്കൊക്കെ എന്തെങ്കിലും പ്രശ്നം ഉണ്ടാകുമ്പോള്‍ അച്ഛനെ കൂട്ടിക്കൊണ്ടുവന്ന് ക്ലാസില്‍ കയറിയാല്‍ മതി എന്ന് ടീച്ചര്‍ പറയാറുണ്ടായിരുന്നു. എന്റെ സഹോദരിയായ ജീജയും ഈ സ്‌കൂളില്‍ത്തന്നെയായിരുന്നു പഠിച്ചിരുന്നത്. പ്രോഗ്രസ് കാര്‍ഡ് അവളുടെ കൈയില്‍ കൊടുത്തയയ്ക്കുമോ....? എന്നാല്‍ ഒന്നും സംഭവിച്ചില്ല. എല്ലാ പ്രോഗ്രസ് കാര്‍ഡുകളുടെയും കൂട്ടത്തില്‍ എന്റേതും കൂട്ടിക്കെട്ടി, ഓഫീസ് റൂമില്‍ പോയി, ടീച്ചര്‍ തിരിച്ചുവന്നു. ഇനി ഇങ്ങനെ ചെയ്യരുത് എന്നു മാത്രം പറഞ്ഞു.

മനസ്സിലെ ഇടിയും മിന്നലും എല്ലാം കഴിഞ്ഞു. ഒരു തണുത്ത കാറ്റ് വീശുന്നതുപോലെ തോന്നി. പക്ഷേ, വിഷയം ലീക്കായി. സഹോദരിമൂലം വീട്ടിലെത്തി. ടീച്ചര്‍ എന്തോ ഉറപ്പു തന്നതുപോലെ മനസ്സ് മന്ത്രിച്ചു. ഒപ്പിട്ടത് അച്ഛന്‍ തന്നെയാണ് എന്ന് ഞാന്‍ ഉറപ്പിച്ചു പറഞ്ഞു. ആ വിഷയം അതോടെ കെട്ടടങ്ങി. 10-ാം ക്ലാസ് വരെയും അന്‍പതില്‍ 15-ല്‍ കൂടുതല്‍ മാര്‍ക്കു വാങ്ങാന്‍ എനിക്ക് സാധിച്ചില്ല. എസ്.എസ്.എല്‍.സി. യോടെ പഠിത്തം കഴിഞ്ഞു. കോഴിക്കോട് എല്‍.ആര്‍. രങ്കയ്യര്‍ സണ്‍സ് കാപ്പികമ്പനിയില്‍ ഒരു ജോലി കിട്ടി. കാപ്പിക്കുരു തോലോടുകൂടി മിഷനിലേക്ക്  ചൊരിഞ്ഞുവീഴും. 

ഓരോ വിഭാഗം തിരിച്ച് AB, CT,  BITS, BLACK ഓരോന്നും വേര്‍തിരിച്ച് ഔട്ട്ഏണ്‍ ആക്കണം. എന്നേക്കാള്‍ ഒരു മാസം മുന്‍പ് വന്ന ഒരാള്‍ക്ക് ഒന്നും മനസ്സിലാകുന്നില്ലെന്ന് പറഞ്ഞ് വിട്ടുപോയതും ഞാനറിഞ്ഞു. ഞാനത് രണ്ടോമൂന്നോ ദിവസംകൊണ്ടു പഠിച്ചെടുത്തു. അപ്പോഴും എന്റെ കള്ളയൊപ്പും ചുവന്നവരയും എന്നെ അലട്ടിക്കൊണ്ടേയിരുന്നു. ഇപ്പോള്‍ ഒരു മാര്‍ബിള്‍ ഷോപ്പിലാണ് എനിക്ക് ജോലി. സ്‌ക്വയര്‍ ഫീറ്റും സ്‌ക്വയര്‍ മീറ്ററും കൊണ്ട് പൊരിഞ്ഞ കണക്ക്. ബില്‍ഡിങ് ഓര്‍ണര്‍ക്ക് എന്‍ജിനീയര്‍ കൊടുക്കുന്നതിനുമുന്‍പെ ഞാനെന്റെ മുതലാളിക്ക് കൊടുത്തിരിക്കും. അച്ഛനോട് എല്ലാം പറഞ്ഞ് മാപ്പ് അപേക്ഷിക്കാന്‍ ഇപ്പോള്‍ അച്ഛനില്ലല്ലോ എന്നതാണെന്റെ ദുഃഖം. എന്നാലും, അന്ന് ടീച്ചറോട് പറയാതെ പോയ നന്ദിയെങ്കിലും ഇന്ന് അറിയിച്ചുകൊള്ളുന്നു.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Student signed in progress card instead of his father due to low score for maths