പ്രസ് ക്ലബ്ബില്‍ വച്ചാണ് ജോര്‍ജ് പുളിക്കന്‍ എന്ന അധ്യാപകനെ ആദ്യമായി പരിചയപ്പെടുന്നത് . ജീവിതത്തില്‍ ഇത്രയും സ്വാധീനിച്ച അധ്യാപകന്‍ വേറെ ഇല്ല എന്നുതന്നെ പറയാം. പൊളിറ്റിക്കല്‍ ഹിസ്റ്ററി എന്ന് പറയുമ്പോള്‍ തന്നെ ഉറക്കം മാടി വിളിക്കുന്ന എന്റെ കണ്ണുകളെയൊക്കെ ആവേശത്തോടെ പഠിക്കാനും വായിക്കാനും മനസിലാക്കാനും സഹായിച്ചത് ഇദ്ദേഹമാണ്. ഗൗരിയമ്മയും, ഇഎംഎസും ഒക്കെ നിറഞ്ഞുനിന്നതായിരുന്നു ഞങ്ങളുടെ ക്ലാസുകള്‍. കുട്ടികാലത്തെ കഥ കേള്‍ക്കുന്ന ലാഘവത്തില്‍ ഞങ്ങള്‍ ചരിത്രം പഠിച്ചു. 

ക്ലാസ്സിലെ എല്ലാ കുട്ടികളേയും ഒരുപോലെ സ്വാധീനിച്ച അധ്യാപകനാണ് ജോര്‍ജ് പുളിക്കന്‍. പുഞ്ചിരിയാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. ചിരിച്ചുകൊണ്ട് മാത്രമേ സംസാരിക്കാറുള്ളു. ഒരാളെയും വേദനിപ്പിക്കാതെ സംസാരിക്കാനും മനസിലാക്കാനും ശീലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. ക്ലാസ്സുകളില്‍ കയറാത്ത ഞങ്ങടെ കുട്ടി പോരാളികള്‍ പോലും അലാറം വച്ചുണര്‍ന്ന് ഓടിയെത്തും. 

ജീവിക്കാന്‍ പഠിക്കുക ജീവിതവിജയം നേടുക തുടങ്ങി ആഘോഷമാക്കി ജീവിക്കാന്‍ പഠിപ്പിച്ചത് ജോര്‍ജ് മാഷാണ്. പത്രവായന തന്നെ ഒരു ആവേശമായി മാറിയത് വാര്‍ത്തകള്‍ തിരഞ്ഞെടുത്തു വായിക്കാന്‍ പഠിച്ചത് എല്ലാം അദ്ദേഹത്തിന്റെ വാക്കുകളില്‍ കൂടി അറിയാതെ പകര്‍ന്നു കിട്ടിയ ശീലങ്ങളാണ്. ആര്‍ക്കും ദഹിക്കാത്ത ഉപദേശങ്ങള്‍ മാഷ് നല്‍കാറില്ല എന്നത് തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണവും. ഉപായങ്ങള്‍ മാത്രം. 

ആറുമണിക്കൂറുകള്‍ വരെ തുടര്‍ച്ചയായി ക്ലാസ്സെടുത്താലും മടുപ്പ് കൂടാതെ പഠിപ്പിക്കാന്‍ ജോര്‍ജ് സാറിന് സാധിച്ചിരുന്നു. ഏതു വിഷയവും മനസിലാക്കാന്‍ ഒന്ന് സമാധാനമായി മനസിനെ ചിന്തിക്കാന്‍ അനുവദിച്ചാല്‍ മതി എന്ന് മനസിലാക്കി തന്ന ഞങ്ങളുടെ പ്രിയ അധ്യാപകന്‍ കൂടിയാണ് അദ്ദേഹം.

Content Highlights: Student sares memoirs of George Pulikkan