ബി.എഡ്. വരെയുളള പഠന കാലയളവില്‍ എനിക്ക് മറക്കാനാവാത്ത അധ്യാപിക ആരാണെന്ന് ചോദിച്ചാല്‍ അതിനുയൊരേയൊരു ഉത്തരമേയുളളൂ. ഷൈജി ടീച്ചര്‍. വിദ്യാര്‍ഥികളുടെ മനസ്സിനെ ഇത്ര ആഴത്തില്‍ തൊട്ടറിഞ്ഞ അധ്യാപികയെ ഞാന്‍ മറ്റൊരിടത്തും കണ്ടിട്ടില്ല. ഗുരുവായൂര്‍ ലിറ്റില്‍ ഫ്ലവർ കോളേജിലെ മലയാളം വിഭാഗം അധ്യാപികയാണിവര്‍. 

രണ്ടു വര്‍ഷം മുന്‍പ് ഉണ്ടായ സംഭവമാണ്.രാവിലെ വിശന്നിരുന്ന സഹപാഠിയെ തിരിച്ചറിഞ്ഞ് സ്വന്തം ചോറ്റു പാത്രത്തിലെ ഭക്ഷണം നല്‍കിയപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ അമ്പരപ്പാണ് ടീച്ചര്‍ എന്റെ മനസ്സില്‍ ആഴത്തില്‍ പതിയാന്‍ ഇടയാക്കിയത്. പറയുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും വിശപ്പിന്റെ വില തിരിച്ചറിയുന്നത് വലിയ ഒരു കാര്യമാണ്. നിറകണ്ണുകളോടെയാണ് ആ രംഗം ഞാന്‍ ഉള്‍പ്പെടെയുള്ളവരുടെ മനസില്‍ പതിഞ്ഞത്.

മറ്റുളള അധ്യാപകരില്‍ നിന്ന് പലപ്പോഴും വിഷമിപ്പിക്കുന്ന തരത്തിലുളള അനുഭവങ്ങളാണ് ഉണ്ടായിട്ടുളളത്. പഠനത്തിലും ജീവിതത്തിലും ഒരുപോലെ മുന്നേറണമെന്നുളള നിര്‍ദേശം സ്‌നേഹത്തിന്റെ ഭാഷയില്‍ എന്നും നല്‍കിയിട്ടുളളത് എന്റെ ഷൈജി ടീച്ചറാണ്. ടീച്ചറുടെ വലിയ മനസ്സും എളിമയുമാണ് ഇന്നും എന്റെ മനസ്സില്‍ മായാതെ നില്‍ക്കുന്നത്.

(പാവറട്ടി സെന്റ് ജോസഫ് ട്രെയ്‌നിങ് കോളേജിലെ വിദ്യാര്‍ഥിനിയാണ് ലേഖിക)

Content Highlights: Student's Memoir of Shaiji Teacher