കുട്ടിക്കാലത്ത് പഠനത്തില്‍ മിടുക്കി ആയിരുന്നെങ്കിലും പഠിക്കാന്‍ ഒട്ടും താത്പര്യമില്ലാതിരുന്ന ഒരുവളായിരുന്നു ഞാന്‍. അധ്യാപികയായിരുന്ന അമ്മയുടെ അടിയായിരുന്നു സ്‌കൂളിലേക്ക് പോകാനുള്ള എന്റെ പ്രചോദനം. പിന്നീട് വിവാഹിതയും രണ്ടു മക്കളുടെ അമ്മയും ഒരുപാടു കുഞ്ഞുമക്കളുടെ ടീച്ചറുമായിരുന്ന ശേഷമായിരുന്നു എന്റെ രണ്ടാം ഘട്ട പഠനം. എന്റെ ജീവിതത്തിലെ ചില പരുത്ത യാഥാര്‍ഥ്യങ്ങളെ മറികടക്കാനുള്ള ഒരു തന്ത്രവുമായിരുന്നു അത്. 

ഒരു പ്രമോഷന്‍ ജോലിയില്‍ പ്രതീക്ഷിക്കാതെയും എന്നാല്‍ വളരെയധികം ആവശ്യ ബോധത്തോടെയുമായിരുന്നു ഞാന്‍ മൂന്നുനാലു പോസ്റ്റ് ഗ്രാജുവേഷനുകളും മൂന്നു ബിഎഡുകളും രണ്ടു സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും സ്വന്തമാക്കിയത്. അതിനെല്ലാം എന്നെ പ്രേരിപ്പിച്ച അംബികാദേവി ടീച്ചറിനെയും ഡോ. പ്രിയദര്‍ശന്‍ലാല്‍ സാറിനെയും പോലുള്ളവര്‍ ഉണ്ടായിരുന്നെങ്കിലും അധ്യാപിക എന്ന നിലയില്‍ എന്നെ ഏറ്റവും പ്രചോദിപ്പിച്ചത് പത്താം ക്ലാസിലെ എന്റെ സാമൂഹികപാഠ അധ്യാപകനായ അബ്ദുൽ റഷീദാണ്. ഇന്നത്തെ എന്റെ അധ്യാപന രീതിക്ക്  ഞാന്‍ ഏറെ കടപ്പെട്ടിരിക്കുന്നതും റഷീദ് സാറിനോടാണ്.

ബിഎഡ് കഴിഞ്ഞ് ഹൈസ്‌കൂള്‍ അധ്യാപകനായി അദ്ദേഹം ജോലി ആരംഭിച്ചത് ഇന്ന് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികളെ എസ്എസ്എല്‍സി പരീക്ഷയെഴുതിച്ച് പ്രശസ്തിയാര്‍ജ്ജിച്ച എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തന്നെയാണെന്നു തോന്നുന്നു. ഹൈസ്‌കൂള്‍ ക്ലാസുകളില്‍ രണ്ടോ മൂന്നോ ഡിവിഷന്‍വീതം വളരെ കുറച്ചു കുട്ടികളും ക്ലാസ്സ് റൂമുകളും മാത്രം. വെളുത്ത് മെലിഞ്ഞ് നല്ല ഉയരമുള്ള ഒരു സുന്ദരനായിരുന്നു അന്ന് റഷീദ് മാഷ്.എന്റെ ക്ലാസില്‍ ആദ്യം വന്ന ദിവസം തന്നെ അദ്ദേഹത്തെ മറക്കാനാവാത്തതാക്കി മാറ്റിയ ആ സംഭവമുണ്ടായി. സ്വതവെ കുറച്ചു വി കൃതിയും കുസൃതിയുമായിരുന്ന ഞാന്‍ പുതുതായി വന്ന മാഷിനെ ഒന്നു ചെറുതായി 'റാഗ് ' ചെയ്യാന്‍ ശ്രമിച്ച ആ സംഭവം. 

മാഷ് വളരെ കാര്യമായി രണ്ടാം ലോകമഹായുദ്ധത്തിന്റെ കാരണങ്ങളും പ്രത്യാഘാതങ്ങളും പഠിപ്പിക്കുന്നു. മുന്‍ ബഞ്ചിലിരുന്ന  എനിക്ക് നല്ല ഉയരമുള്ള മാഷിന്റെ മുഖത്തേക്ക് നോക്കി പറയുന്നത് ശ്രദ്ധിക്കുന്നത് പിന്‍കഴുത്തിന് കുറച്ചു പ്രയാസമുള്ള കാര്യമായി തോന്നി. അതു മാത്രമല്ല ക്ലാസ്സിലെ സ്റ്റാറായിരുന്ന എന്നെ പുതിയ മാഷ് ഒന്നു ശ്രദ്ധിക്കട്ടെ എന്ന ചിന്തയും അതിനു പിന്നില്‍ ഉണ്ടായിരുന്നു. ഞാന്‍ എന്റെ പിന്‍ബഞ്ചിലിരുന്ന കൂട്ടുകാരി ജമീലയോട് കഴുത്ത് പിന്നിലേക്ക് വളച്ചു ഒരു പ്രത്യേക ആക്ഷനോടെ 'എടീ, ഈ മാഷെ മുഖത്തേക്ക് ഇങ്ങനെ നോക്കണം കാണണമെങ്കില്‍ ' എന്നു പറഞ്ഞു.മാഷിന്റെ ശ്രദ്ധയില്‍ അതു പെട്ടില്ലെന്ന് മനസ്സിലായപ്പോള്‍ ഞാന്‍ വീണ്ടും വീണ്ടും അതാവര്‍ത്തിച്ചു.സൈബീരിയന്‍ യുവാവിനെ വെടിവച്ചു കൊന്നതും ബോസ്റ്റണ്‍ ടി പാര്‍ട്ടിയും എല്ലാം കുട്ടികളുടെ മനസ്സുകളില്‍ പുനരാവിഷ്‌കരിക്കാനുള്ള തത്രപ്പാടില്‍ പല തവണ മാഷ് എന്നെ  ശ്രദ്ധിക്കുന്നതും വീണ്ടും തുടരുന്നതും പക്ഷെ ഞാന്‍ അറിഞ്ഞിരുന്നില്ല. എന്റെ വികൃതി അധികം നീണ്ടു പോകാനിടവരുത്താതെ മാഷ് ആജ്ഞാപിച്ചു.
'യു സ്റ്റാന്റ്  അപ്പ്'
പിന്നിലേക്ക് തൂക്കിയ തല ഒന്നനക്കാന്‍ പോലുമാകാതെ ഞെട്ടിവിറച്ചെഴുന്നേറ്റ എന്നോട് സാര്‍ ചോദിച്ചു. 'മുകളിലെന്താണ്?'
'ഒന്നുല്യ സര്‍'
'ഒന്നുല്യേ?.... നീ പിന്നെന്താ പിന്നിലേക്ക് കഴുത്ത് ചരിച്ച് അട്ടത്ത് നോക്കുന്നത്?'
ഒന്നും പറയാനാവാതെ ഞാന്‍ നിന്നു. എങ്ങിനെ പറയും ഞാന്‍ മാഷെ 'ഒന്നാക്കീതാ' എന്ന്!
മാഷ് വീണ്ടും ചോദ്യം ആവര്‍ത്തിച്ചു. 'മുകളിലെന്താണെന്നു പറഞ്ഞിട്ടുമതി ക്ലാസ്സെടുക്കല്‍... മുകളില്‍ ഒന്നൂല്ലാതില്ലല്ലൊ, ഓടുണ്ടല്ലോ അവിടെ.'

കൈയില്‍ ഒരു വടിയോ പുസ്തകമോ പോലുമില്ലാതെ ക്ലാസ്സിലേക്ക് വന്ന് വായുവില്‍ നിന്നെടുത്തതെന്ന പോലെ ഒരു രണ്ടാം ലോകമഹായുദ്ധ പശ്ചാത്തലം ക്ലാസ്സില്‍ സൃഷ്ടിച്ച ആ അധ്യാപകനു മുമ്പില്‍ ഞാന്‍ എന്റെ ജീവിതത്തിലെ ദയനീയമായ പരാജയം ഏറ്റുവാങ്ങി. രണ്ടു കണ്ണിലും ഭയം മൂലവും അപമാനഭാരം മൂലവും താഴേക്ക് ചാടി ആത്മഹത്യെക്കൊരുങ്ങി നില്‍ക്കുന്ന കണ്ണുനീര്‍ തുള്ളികള്‍.
പിന്നീട് മാഷ് പറഞ്ഞതൊന്നും ഞാന്‍ കേട്ടില്ല. അവസാനത്തേതൊഴികെ.
'നിന്റെ പേരെന്താ?''
ഞാന്‍ വിക്കി വിക്കി പേരു പറഞ്ഞു.
നീ ഒരു കാര്യം ചെയ്യ് വെറുതെ മുകളിലേക്ക് നോക്കണ്ട. ആ ഓടിന്റെയൊക്കെ എണ്ണമെടുത്തിട്ട് ഇരുന്നാല്‍ മതി.....
എണ്ണാന്‍ തുടങ്ങിക്കൊ...

അതോടെ എന്റെ സര്‍വ ധൈര്യവും വസ്ത്രമഴിഞ്ഞു വീഴും പോലെ എനിക്ക് നഷ്ടമാകന്നത്
ഞാനറിഞ്ഞു.
ഒരൊറ്റ പൊട്ടിക്കരച്ചില്‍!
മാഷ് ഉറക്കെ ചിരിച്ചുകൊണ്ട് എന്റടുത്ത് വന്നു. 
അയ്യേ, നീ ഇത്രേ ഉള്ളോ
ഞാന്‍ കരുതി നീയൊരു ചുണക്കുട്ടിയാണെന്ന്. സാരല്യ, കണ്ണു തുടച്ച് ക്ലാസില്‍ ശ്രദ്ധിക്ക്.
മാഷ് വീണ്ടും ക്ലാസ് തുടര്‍ന്നു.....

പിന്നീടുള്ള മാഷിന്റെ ക്ലാസുകൾ ഞങ്ങള്‍ വിദ്യാർഥികളെ സാധാരണയുള്ള താരാട്ട് പീരിയഡുകളായിരുന്ന  സാമൂഹ്യപാഠം പീരീയഡുകളില്‍ നിന്നും വ്യത്യസ്തമായി ഉറക്കില്‍ നിന്നു ഉണര്‍ത്തുന്നവയാക്കി മാറ്റി. സാമൂഹ്യപാഠത്തില്‍ നല്ല മാര്‍ക്കു വാങ്ങിയപ്പോഴും കലാമത്സരങ്ങളില്‍ കവിതയും പാട്ടുകളുമൊക്കെ ആലപിച്ചപ്പോഴും മാഷെന്നെ അഭിനന്ദിച്ചു. മാഷിന്റെ പ്രിയപ്പെട്ട ശിഷ്യയായി ‍ഞാൻ മാറി. 

ഇന്നു വളരെക്കാലത്തിനിപ്പുറവും വിഷയത്തില്‍ നിന്നും പുറത്തു കടക്കാതെ തന്നെ ആനുകാലിക പ്രശ്‌നങ്ങളിലേക്കും മൂല്യബോധനത്തിലേക്കും എന്റെ ക്ലാസ്സുകള്‍ എത്തിച്ചേരുന്നുണ്ടെങ്കില്‍ അതെന്റെ വിദ്യാര്‍ഥികളുടെ താത്പര്യം വര്‍ധിപ്പിക്കുന്നുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രം. കാരണം അവ റഷീദ് മാഷില്‍ നിന്നും പകര്‍ന്നു കിട്ടിയതാണ്.അതുവരെ സാമൂഹ്യപാഠ ക്ലാസ്സുകള്‍ വായിക്ക്, വരയിട് എന്ന അധ്യാപകന്റെ നിര്‍ദ്ദേശത്തില്‍ ഒതുങ്ങിയിരുന്ന ജീവനറ്റ ക്ലാസുകളായിരുന്നു. 

മാഷിന്റെ സാമൂഹ്യപാഠ ക്ലാസ്സുകള്‍ എന്നും ഞങ്ങള്‍ വിദ്യാഥികളെ അതിരുകളില്ലാതെ ലോകചരിത്രങ്ങളിലേക്കും ആനുകാലിക സാമൂഹ്യ, സാംസ്‌കാരിക പ്രശ്‌നങ്ങളിലേക്കും കൈ പിടിച്ചു കൊണ്ടു പോയിരുന്നവ ആയിരുന്നു. ഇന്നത്തെ നൂതന വിദ്യാഭ്യാസ രീതികള്‍ നടപ്പിലാകന്നതിനും വളരെമുമ്പ് സാമൂഹ്യപാഠം പഠിക്കുന്നവന് ചരിത്രബോധവും പൗരധര്‍മ്മവും മാത്രം ഉണ്ടായാല്‍ പോര പുസ്തകത്താളുകള്‍ക്കപ്പുറമുള്ള വിശാലമായ ഒരു കാഴ്ചപ്പാടും മാനവികതയും വ്യക്തിത്വവും ഉണ്ടായിരിക്കണമെന്നും റഷീദ് മാഷിന്റെ ക്ലാസുകള്‍ എന്നെ പഠിപ്പിച്ചു. പിന്നീട് സാമൂഹ്യശാസ്ത്രം ബിഎഡ് ചെയ്യുമ്പോഴും മാഷിന്റെ അധ്യാപന രീതികള്‍ ഞാന്‍ കടമെടുത്തു.

Content Highlights: Student's memoir of her social studies teacher