ന്ന് ഒരു പ്രവേശനോത്സവ ദിവസമായിരുന്നു. പുതു വസ്ത്രവും, പുത്തന്‍ ബാഗും, കുടയുമായി  ഒന്നാം ക്ലാസ്സില്‍ എത്തിയ കുരുന്നുകള്‍ക്കിടയില്‍ നിന്നാണ് പെട്ടെന്ന് ആ ചോദ്യം വന്നത്. 'മാഷേ... നാലാം ക്ലാസ്സില്‍ എത്തുമ്പോള്‍ ഞാന്‍ ബെല്ലടിച്ചോട്ടേ?' 

ഒന്നാം ക്ലാസ്സില്‍ പുതുതായി എത്തിയ അരവിന്ദിന്റെതായിരുന്നു ചോദ്യം. സ്‌കൂളിലെ നവാഗത അധ്യാപകന്‍ ആയതുകൊണ്ട് തന്നെ അരവിന്ദിന്റെ നിഷ്‌കളങ്കമായ ചോദ്യത്തിന്റെ അര്‍ഥം ആദ്യം എനിക്കും പിടികിട്ടിയില്ല.

ഒന്നാം ക്ലാസ്സ് മുതല്‍ നാലാം ക്ലാസ്സ് വരെ ഒരു ഡിവിഷന്‍ മാത്രമുള്ള ഞങ്ങളുടെ സ്‌കൂളിലെ 'സീനിയേഴ്‌സ്' ആയിരുന്നു നാലാം ക്ലാസ്സുകാര്‍. അതുകൊണ്ടു തന്നെ മറ്റ് ക്ലാസ്സിലെ കുട്ടികള്‍ക്ക് ലഭിക്കാത്ത പല വിശേഷാധികാരങ്ങളും അവര്‍ക്കു ലഭിച്ചിരുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു സ്‌കൂളിലെ ബെല്ലടിക്കാനുള്ള അവകാശം. 

നാലാം ക്ലാസ്സിലെ കൂട്ടുകാരാണ് സ്‌കൂളില്‍ ബെല്ലടിക്കുന്നതെന്ന് ആദ്യം ദിവസം തന്നെ മനസ്സിലാക്കിയ അരവിന്ദിന്റെ നിഷ്‌കളങ്കമായ ആ ചോദ്യം ഇന്നും എന്റെ മനസ്സില്‍ മായാതെ കിടപ്പുണ്ട്. ഇന്ന് മൂന്നാം ക്ലാസ്സില്‍ എത്തിയ അരവിന്ദിന്റെ ക്ലാസ്സ് ടീച്ചറാണ് ഞാന്‍. അവന്‍ ഇടയ്ക്കിടയ്ക്ക് അന്നത്തെ ആ ചോദ്യവും, അവനു നാലാം ക്ലാസ്സില്‍ എത്തുമ്പോള്‍ ലഭിക്കേണ്ട വിശേഷാധികാരത്തെക്കുറിച്ചും എന്നെ ഓര്‍മ്മിപ്പിക്കാറുമുണ്ട്. 

കുട്ടികള്‍ അങ്ങനെയാണ്, നമ്മള്‍ ചെറുതായി കാണുന്നത് പലതും അവര്‍ക്കു വലുതാണ്. രസകരമാണ് അവരുടെ ചില ആഗ്രഹങ്ങളും. 'കുഞ്ഞു'കാര്യങ്ങള്‍ സുന്ദരമാണ്.

(വയനാട് വെണ്ണിയോടുള്ള എസ്എ എല്‍പി സ്‌കൂളിലെ അധ്യാപകനാണ് ലേഖകന്‍)

Content Highlights: Student asking permission for rang bell when he reach 4th standard