ന്ന് പ്യൂണായിരുന്നു പ്രവീണ്‍. പിന്നൊരു വാശിയായിരുന്നു, അച്ഛന്‍ മോഹിച്ചപോലെ നല്ലൊരു അധ്യാപകനാകാന്‍. ഒടുവില്‍ അത് സാധിച്ചു; അതേ സ്‌കൂളില്‍... ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ ഗവ.ബോയ്‌സ് ഹൈസ്‌കൂളില്‍.

തന്നെ അധ്യാപകനായി കാണണമെന്നാഗ്രഹിച്ച അച്ഛന്‍ വാസുദേവന്റെ ആഗ്രഹമാണ് മാറ്റത്തിനു പ്രചോദനമായതെന്ന് സോഷ്യല്‍ സയന്‍സ് അധ്യാപകനായ കുത്തിയതോട് തഴുപ്പ് നികര്‍ത്തില്‍ വി.പ്രവീണ്‍ പറയുന്നു. 2012ല്‍ അച്ഛന്‍ മരിച്ച് ഒരുമാസം പിന്നിട്ടപ്പോള്‍ തന്നെ എം.കോമിന് രജിസ്റ്റര്‍ ചെയ്ത് പഠനം തുടങ്ങിയത് ഇതേ ലക്ഷ്യത്തില്‍ തന്നെ.

2005ലാണ് ബി.കോം. ബിരുദധാരിയായ പ്രവീണ്‍ രാമപുരം ഗവ. സ്‌കൂളില്‍ പ്യൂണായി സേവനം തുടങ്ങിയത്. 2011ല്‍ ചേര്‍ത്തല സ്‌കൂളിലേക്ക് മാറ്റം. ഇവിടെ ജോലി ചെയ്യുമ്പോഴാണ് അച്ഛന്‍ അപകടത്തില്‍ മരിക്കുന്നത്. തുടര്‍ന്നാണ് വിദൂര പഠനത്തിലൂടെ എം.കോം. വിജയിച്ചത്. 2014ല്‍ സര്‍വീസില്‍നിന്ന് അവധിയെടുത്ത് ബി.എഡിന് ചേര്‍ന്ന് വിജയിച്ചു.

2016ല്‍ പട്ടണക്കാട് ഗവ. സ്‌കൂളില്‍ ഓഫീസ് അസിസ്റ്റന്റായി പുനര്‍നിയമനം. ഇതിനു ശേഷമാണ് വകുപ്പുവഴി അധ്യാപക ഒഴിവിലേക്ക് അപേക്ഷിച്ചത്. ഇതിനിടെ സെറ്റ്, നെറ്റ് യോഗ്യതകള്‍ നേടി. അപേക്ഷ പരിഗണിച്ച് പരീക്ഷയ്ക്കും കൂടിക്കാഴ്ചകള്‍ക്കും ശേഷം പി.എസ്.സി. പ്രവീണിനെ നിയോഗിച്ചത് ചേര്‍ത്തല ശ്രീനാരായണ മെമ്മോറിയല്‍ സ്‌കൂളിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായിട്ടായിരുന്നു. 2019 ജൂണ്‍ ആറിനാണ് ചുമതലയേറ്റത്.

അവിടം കൊണ്ടും തീരുന്നില്ല പ്രവീണിന്റെ മാറ്റത്തിനായുള്ള പ്രയത്നം. പ്യൂണായി സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മനസ്സില്‍ നിറഞ്ഞിരുന്ന ആഗ്രഹങ്ങള്‍ അധ്യാപകനായി പ്രാവര്‍ത്തികമാക്കുകയാണ് ഇപ്പോള്‍. സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനറായി കുട്ടികള്‍ക്കൊപ്പം സമൂഹത്തിനും ഗുണകരമാകുന്ന പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കുന്നു. അച്ഛന്‍ മനസ്സില്‍ മെനഞ്ഞെടുത്ത ആഗ്രഹങ്ങളിലേക്കുള്ള യാത്രയും ഇതിനൊപ്പമുണ്ട്.

പി.എച്ച്.ഡി.ക്കായുള്ള ശ്രമങ്ങള്‍ തുടങ്ങിയതും അതില്‍നിന്നുള്ള ഊര്‍ജത്തില്‍ നിന്ന് തന്നെ. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റായ എന്‍.കെ.ജഷീനയാണ് ഭാര്യ. അമ്മ: ശുഭ. മകന്‍: രണ്ടാം ക്ലാസ് വിദ്യാഥി ഉജ്ജ്വല്‍.

Content Highlights: Story of Praveen, a teacher once served as a clerk in the same school