പ്രൊവിഡന്റ് ഫണ്ട് വീട് നിർമാണത്തിനും മക്കളുടെ കല്യാണത്തിനും ഒക്കെയുള്ളതാണെന്ന ധാരണ മാറ്റുകയാണ് ഗിരീഷ് മാഷ്. താൻ പഠിപ്പിക്കുന്ന കാളികാവ് ബസാർ മാതൃക ഗവ. യു.പി. സ്കൂളിൽ പി.എഫിൽനിന്ന് നാലുലക്ഷം രൂപ വായ്പയെടുത്ത് വായനപ്പുരയുണ്ടാക്കുകയാണ് ഗിരീഷ് മാരേങ്ങലത്ത് എന്ന അധ്യാപകൻ. തന്റെ അച്ഛൻ മാരേങ്ങലത്ത് വേലുവിന്റെ ഓർമയ്ക്കാണ് വായനപ്പുരയൊരുക്കുന്നത്. അഞ്ചരലക്ഷം രൂപയാണ് നിർമാണത്തിന് ചെലവിടുന്നത്.

മൊബൈൽഫോൺ ഫോട്ടോഗ്രാഫിയിലൂടെ ദേശീയതലത്തിൽ ശ്രദ്ധനേടിയ വ്യക്തികൂടിയാണ് ഗിരീഷ്. വിവിധ മേഖലകളിൽനിന്ന് ലഭിച്ച സമ്മാനത്തുകകളും വായനപ്പുരയുടെ നിർമാണത്തിന് മാറ്റിവെച്ചു. ആയിരത്തി ഇരുനൂറിലേറെ കുട്ടികളാണ് സ്കൂളിലുള്ളത്.

പിന്നാക്കംനിൽക്കുന്ന കുട്ടികളുടെ ഉന്നമനത്തിനായി ബസാർ സ്കൂളിൽ ഗിരീഷ് ‘എല്ലാവരും ഒന്നാമനാണ്’ എന്ന പദ്ധതി നടപ്പാക്കിയിരുന്നു. പദ്ധതിയിലൂടെ കുട്ടികളുടെ വായനക്കുറവ് അദ്ദേഹം തിരിച്ചറിഞ്ഞു. ഒരു പൊതുവിദ്യാലയത്തിന്റെ പരിമിതി മനസ്സിലാക്കിയ ഗിരീഷ് വായനപ്പുര എന്ന ലക്ഷ്യം സ്വയം ഏറ്റെടുക്കുകയായിരുന്നു.

സംസ്ഥാന അധ്യാപക അവാർഡ് ഉൾപ്പെടെ ഒട്ടേറേ പുരസ്കാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മൊബൈൽ ഫോട്ടോഗ്രാഫിയിൽ ലിംക ബുക്ക് ഓഫ് റെക്കോഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്നിവയിലും ഇടംനേടിയിട്ടുുണ്ട്. നൂറുവർഷം പിന്നിട്ട കാളികാവ് ബസാർ സ്കൂളിന് അധ്യാപകൻ നൽകുന്ന വായനപ്പുര വിലമതിക്കാനാവാത്ത സമ്മാനമാണെന്ന് പ്രഥമാധ്യാപകൻ എൻ.ബി. സുരേഷ് കുമാർ പറയുന്നു.

Content Highlights: School teacher built library in school using his PF fund