ണ്‍പതുവര്‍ഷം മുന്‍പാണ്; ഞാന്‍ മൂന്നാം ക്ലാസില്‍ പഠിക്കുന്നു; ഏറ്റുമാനൂര്‍ വില്ലേജില്‍ പടിഞ്ഞാറ്റുഭാഗം കരയില്‍ സെന്റ് ജോസഫ്‌സ്  എല്‍.പി. സ്‌കൂളില്‍. ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ സ്‌കൂള്‍ ഇന്‍സ്‌പെക്ടര്‍ കടന്നുവന്നു. വന്നപാടെ അധ്യാപകരുടെ ഹാജര്‍ബുക്ക് കൈവശപ്പെടുത്തി. നാല് അധ്യാപകരില്‍ ഒരാള്‍, കുര്യന്‍ സാര്‍ വന്നിട്ടില്ല. അവധിക്ക്  അപേക്ഷപോലും വെച്ചിട്ടില്ല. ഹെഡ്മാസ്റ്റര്‍ ദേവസ്യാ സാറിന് ആകെ പരിഭ്രമം.

ഇന്‍സ്‌പെക്ടര്‍ ഭാവഭേദമൊന്നുമില്ലാതെ എല്ലാ ക്ലാസിലും പരിശോധന നടത്തി. പഠിപ്പിച്ച പാഠങ്ങളില്‍നിന്നും കുട്ടികളോട് ചോദ്യങ്ങള്‍ ചോദിച്ച് മറുപടി പറയിപ്പിക്കുക, ചോദ്യങ്ങള്‍ കൊടുത്ത് സ്ലേറ്റില്‍ ഉത്തരം എഴുതിക്കുക, കുട്ടികള്‍ പല്ലുതേച്ച്, കുളിച്ച് വൃത്തിയായിട്ടാണോ വന്നിരിക്കുന്നത്, വസ്ത്രങ്ങള്‍ മുഷിഞ്ഞതാണോ എന്നൊക്കെ പരിശോധിക്കുക, അധ്യാപകര്‍ ക്ലാസെടുക്കുന്നത് നിരീക്ഷിക്കുക ഇതെല്ലാമാണ് പരിശോധനാ രീതികള്‍. 

കുറേകഴിഞ്ഞപ്പോള്‍ കുര്യന്‍സാര്‍ ഓടിക്കിതച്ചെത്തി. ഹെഡ്മാസ്റ്റര്‍ ഒരു കുട്ടിയെ വിട്ട് വിളിപ്പിച്ചതായിരുന്നു. ''സാര്‍ എന്താണ് താമസിച്ചത്?'' ഇന്‍സ്‌പെക്ടറുടെ ചോദ്യം. ''പനിയാണ് സാര്‍'' മറുപടി. ഇന്‍സ്‌പെക്ടറുടെ അടുത്ത ചോദ്യം:  ''നിങ്ങളുടെ നാട്ടില്‍ പനിവന്നാല്‍ ചെവിയില്‍ ചെളിവാരിപ്പൊത്തുകയാണോ ചികിത്സ?'' കുര്യന്‍സാര്‍ നിന്ന് വിയര്‍ത്തു. സാറിന്റെ രണ്ട് ചെവികള്‍ക്കുള്ളിലും നല്ല കട്ടിയില്‍ ചെളിയുണ്ടായിരുന്നു. ഹെഡ്മാസ്റ്റര്‍ അയച്ച കുട്ടി ചെന്നുവിളിക്കുമ്പോള്‍ അദ്ദേഹം വയലില്‍ വിതയ്ക്കുന്നതിന് മുന്നോടിയായി ചേറടിക്കുന്ന ജോലി ചെയ്യുകയായിരുന്നു. ധൃതിയില്‍ ദേഹം തുടച്ച്  വസ്ത്രംമാറി വന്നതാണ്. ചെവിക്കകം വൃത്തിയാക്കാന്‍ വിട്ടുപോയി.

വിസിറ്റ് ബുക്കില്‍ റിമാര്‍ക്ക്, തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ഇതൊക്കെയുണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഞങ്ങള്‍ കുട്ടികള്‍ക്കും വളരെ സങ്കടം തോന്നി. ഞങ്ങളുടെ പ്രിയപ്പെട്ട കുര്യന്‍സാര്‍! പക്ഷേ, ഒന്നും സംഭവിച്ചില്ല. ഇന്‍സ്‌പെക്ടര്‍ ഒരു ഉപദേശം മാത്രം കൊടുത്തുമടങ്ങി.

അതിന് കാരണം ഉണ്ടായിരുന്നു. ഞങ്ങളുടെ സ്‌കൂളിലെ അധ്യാപകരുടെ ദയനീയ സ്ഥിതി ഇന്‍സ്‌പെക്ടര്‍ക്ക് അറിയാമായിരുന്നു. നാല് ക്ലാസുള്ള എയ്ഡഡ് സ്‌കൂള്‍. രണ്ട് ക്ലാസിനുമാത്രമേ ഗ്രാന്റ് ഉണ്ടായിരുന്നുള്ളൂ. അക്കാലത്ത് അങ്ങനെയാണ്. ക്ലാസിനാണ് ഗ്രാന്റ്, അധ്യാപകര്‍ക്കല്ല. പ്രൈമറി സ്‌കൂളില്‍ ഒരു ക്ലാസിന് എട്ട് തിരുവിതാംകൂര്‍ സര്‍ക്കാര്‍ രൂപയാണ് ഗ്രാന്റ്. ഒരു സര്‍ക്കാര്‍ രൂപ 28 ചക്രം. ബ്രിട്ടീഷ് രൂപയാണെങ്കില്‍ 28.5 ചക്രം ഉണ്ടാകുമായിരുന്നു. ഞങ്ങളുടെ നാല് അധ്യാപകര്‍ ചേര്‍ന്ന് ആകെ കിട്ടുന്ന 16 രൂപ വീതിച്ചെടുക്കും. ഒരു അധ്യാപകന്റെ ഒരുമാസത്തെ ശമ്പളം നാലുരൂപമാത്രം എന്നര്‍ഥം. ഒന്നിനും തികയില്ലായെന്ന് പറയേണ്ടതില്ലല്ലോ. 

സ്‌കൂള്‍ മാനേജര്‍ ഒരു സഹായം ഏര്‍പ്പെടുത്തി. സ്‌കൂള്‍ വകയായി ഒരു ചിട്ടി. അതില്‍ നിന്നുള്ള ചെറിയ വരുമാനവും അധ്യാപകര്‍ വീതിച്ചെടുത്തു. പിന്നെ, കുട്ടികളുടെ വീടുകളില്‍നിന്നും ഓണത്തിനും മറ്റും വാഴക്കുല, ചേന മുതലായ ചില സംഭാവനകളും അധ്യാപകര്‍ക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. അഡ്മിഷന്‍ നല്‍കുമ്പോഴും ടി.സി. വാങ്ങുമ്പോഴും കുട്ടികള്‍ ഒരുപണംവീതം ദക്ഷിണ നല്‍കും. ഏഴ് പണം ഒരു സര്‍ക്കാര്‍ രൂപ. ഇതെല്ലാമായാലും അധ്യാപകര്‍ക്ക് കൃഷിപ്പണികള്‍കൂടി സ്വന്തമായി നോക്കിയെങ്കിലേ കുടുംബം പുലര്‍ത്താന്‍ കഴിയുമായിരുന്നുള്ളൂ. ഇതറിയാമായിരുന്നതുകൊണ്ടാണ് ഇന്‍സ്‌പെക്ടര്‍ നടപടിയൊന്നും എടുക്കാതിരുന്നത്.

ഇതൊക്കെയാണെങ്കിലും ഞങ്ങളുടെ അധ്യാപകര്‍, വിശേഷിച്ചും കുര്യന്‍സാറും ദേവസ്യാസാറും കുട്ടികളെ പഠിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയൊന്നും വരുത്തിയിരുന്നില്ല. ഉപദേശിച്ചും ശാസിച്ചും പരിഹസിച്ചും ശിക്ഷിച്ചുമെല്ലാം അവര്‍ എല്ലാ കുട്ടികളെയും നല്ലതുപോലെ പഠിപ്പിച്ചു. സിലബസില്‍പെട്ട കാര്യങ്ങള്‍ മാത്രമല്ല, പാട്ടുപാടുവാനും ചിത്രം വരയ്ക്കുവാനും പ്രസംഗിക്കുവാനുമെല്ലാം പഠിപ്പിച്ചു. വയലില്‍ ഉഴുതുമറിച്ച് കട്ട ഉടച്ച് ചേറടിച്ച് വിത്തെറിയുന്നതിനോടൊപ്പം ഞങ്ങള്‍ കുട്ടികളുടെ ബോധമണ്ഡലത്തിലേക്ക് പ്രകാശത്തിന്റെ ചാലുകീറി വിജ്ഞാനത്തിന്റെ വിത്തെറിയുകയുംകൂടി ചെയ്തു.'

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: School inspection memories