ച്ചയൂണ് കഴിക്കുന്നതിനിടയില്‍ കിട്ടുന്നത് ആകെ പത്തുമിനിറ്റാണ്. രണ്ടു വറ്റ് വാരിവിഴുങ്ങുന്നതിനിടയില്‍ ടീച്ചര്‍മാര്‍ വര്‍ത്തമാന കെട്ടഴിക്കും. ക്ലാസ് തമാശകള്‍, പാഠ്യവിഷയങ്ങള്‍, ഹലോ ഇംഗ്ലീഷ, ഗണിതവിജയം, ആടിമാസകിഴിവ്, സ്വര്‍ണവില, ചില്ലറപരദൂഷണം തുടങ്ങി ഭൂമിമലയാളത്തിലെ സകലതും ആ പത്തുമിനിറ്റില്‍ ഞങ്ങള്‍ പറഞ്ഞു തീര്‍ക്കും.

അങ്ങനെ ഇരിക്കുമ്പോളാണ് നാലിലെ ദേവിക വാതില്‍ക്കല്‍ വന്ന് പരുങ്ങിയത്. ഏതോ നേര്‍ച്ചയാണെന്ന് തോന്നുന്നു, മൊട്ടയടിച്ചിട്ടുണ്ട്. തലയും മുഖവും നല്ല മിനുസം. ഒരേപോലെ സൗമ്യം. നാണിച്ചു ചിരിച്ചു കൊണ്ട്അവള്‍ടെ ഒരു ചോദ്യം..

'ടീച്ചറെ ഉഴുകമ്പലത്തില്‍ കളിക്കാന്‍ പോട്ടെ?'
'എന്താ?'
ഞാനും സീനിയര്‍ നമിത ടീച്ചറും ഞെട്ടിത്തിരിഞ്ഞു.
അതെന്ത് അമ്പലം..അതും സ്‌കൂളില്‍..
അപ്പോഴവള്‍ വീണ്ടും..
'ടീച്ചറേ..ഉഴുകമ്പലത്തില്‍ കളിക്കാന്‍ പോട്ടെ?'

ഇത്തവണ ഞാന്‍ കൂടുതല്‍ ജാഗരൂകയായി..ഒന്നുകൂടെ ചെവികൂര്‍പ്പിച്ച് ചോദിച്ചു.
'ഉഴുകാനോ?'
അതേയെന്നവള്‍..
അതിനു നീ എന്താ പറഞ്ഞെ?
ഉഴുകമ്പലംന്ന് പറഞ്ഞതും അവള്‍ ഓടി..

ഉഴുകമ്പലോ..ഇതെന്ത് കുണ്ടാമണ്ടി...നമിതടീച്ചര്‍ ത്രിശങ്കുവിലായി..
ഞാനാ വാക്ക് വീണ്ടും വീണ്ടും അപഗ്രഥിച്ചു.
അതെ, അതുതന്നെ.. ഉഴുകമ്പലം. എന്റെടാ...
ശബ്ദതാരാവലി നാണിക്കട്ടെ.
നമിതടീച്ചര്‍ വീണ്ടും ഇരുട്ടില്‍ തപ്പുകയാണ്.
അപ്പോള്‍ എന്റെ ഉള്ളില്‍ മിന്നിയ ചിന്തിപ്പിക്കുന്ന ഉഴുകമ്പലരഹസ്യം ഞാന്‍ വെളിവാക്കി.

സ്‌കൂളിലെ സ്ലൈഡ് അഥവാ ഉഴുകുന്ന ചെരിവുതലമെന്നോ മറ്റോ മാതൃ ഭാഷയില്‍ സൂചിപ്പിക്കാവുന്ന കളിയുപകരണമാണ് കഥാപാത്രം. അത് നിര്‍മിച്ചിരിക്കുന്നത് അസ്സല്‍ ദ്രാവിഡ സങ്കല്പത്തിലാണ്. സ്ലൈഡിന്റെ ഒത്തനടുവില്‍ പൂതതിറയിലൊരു മനോഹരശില്പം. നങ്ങേലി കൊടുത്ത വര്‍ഷത്തിലൊരു തവണയെന്ന ശാപമോക്ഷത്തിനെ നിലംപരിശാക്കി ഞങ്ങള്‍ കൊടുത്ത മോക്ഷം.

ഓരോ ഉണ്ണിയേയും നെഞ്ചോടേറ്റി ലാളിക്കാനായി ഞങ്ങളുടെ കളിയുപകരണത്തിന്റെ നാഥനായിപൂതം. ആ ശാപമോക്ഷത്തിന്റെ ഗരിമയിലാവണം പൂതം അവള്‍ക്ക് തൈവമായി. സ്ലൈഡ് ഉഴുകമ്പലമായി. കഥയറിയാത്ത ഞങ്ങള്‍ കഥതേടിയവരായി. എന്നാലും എന്റെ ദേവികേ...

(കൊടകരയിലെ ഗവ. എല്‍.പി. സ്‌കൂള്‍ അധ്യാപികയാണ് ലേഖിക)

Content Highlights: School Experience, Teachers' Day Special