ജൂണ്‍ മാസം. 1964. അന്ന് ഞങ്ങളുടെ നാലാം ക്ലാസ്, പുതിയ കെട്ടിടത്തിലേക്ക് മാറിയിരുന്നു. അഞ്ചാംക്ലാസ് വരെ ഞാന്‍ പഠിച്ച വയനാട്ടിലെ ആര്‍.സി. ഹൈസ്‌കൂള്‍, ചുണ്ടേല്‍ എന്ന പാഠശാല, എന്റെ പാഠപുസ്തകമാണിന്നും. പിന്നീട് നഗരത്തിലെ പല വിദ്യാലയങ്ങളില്‍ പഠിച്ചെങ്കിലും മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു, നന്മ മാത്രം നിറഞ്ഞ എന്റെ ആര്‍.സി.എച്ച്.എസ്. ഞങ്ങളുടെ ക്ലാസുമുറിയുടെ മുന്‍വശം പരുപരുത്ത സിമന്റ് തേച്ചതായിരുന്നു. അവിടം സിമന്റ് അടര്‍ന്ന് പോയി ചെറിയ ഒരു കുഴി രൂപപ്പെട്ടിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട സിസ്റ്റര്‍ റെയ്ച്ചല്‍ ആയിരുന്നു ക്ലാസ് ടീച്ചര്‍. സിസ്റ്ററുടെ നേതൃത്വത്തില്‍ ഒരു വെള്ളിയാഴ്ച ഉച്ചയൂണിന്റെ ഇടവേളയില്‍, ഞങ്ങള്‍ കല്ലും മണ്ണും നിറച്ച് മേലെ ചാണകം മെഴുകി ആ കുഴി നികത്തി. അവിടെ ആരും ചവിട്ടരുത് എന്ന് ക്ലാസ് ലീഡറായ ഞാന്‍ എല്ലാവരോടും ചട്ടം കെട്ടി. മൂന്നു പീരിയഡുകള്‍ കഴിഞ്ഞാല്‍ പിന്നെ ശനി, ഞായര്‍ - തിങ്കളാഴ്ച വരുമ്പോഴേക്കും അവിടം നന്നായി ഉറയ്ക്കും. 

രണ്ടുമണിക്ക് ബെല്ലടിച്ചു. ചോക്ക് തീര്‍ന്നിരുന്നതിനാല്‍ ഞാന്‍ ഓഫീസ് റൂമിലേക്ക് പോയി, ചോക്ക് എടുത്ത് ക്ലാസിലേക്ക് ഓടി. 'അയ്യോ', എന്റെ കാല്, ചാണകം മെഴുകി മിനുക്കിയതിന്മേല്‍ അമര്‍ന്നു. എന്ത് ചെയ്യണമെന്നറിയാതെ മുന്നിലെ ബെഞ്ചില്‍ പോയി ഇരുന്നു. രണ്ടു മിനിറ്റിനുള്ളില്‍ സിസ്റ്റര്‍ റെയ്ച്ചലും ക്ലാസിലെത്തി. ''അല്ല കുട്ടികളെ, എത്ര ആത്മാര്‍ഥതയോടും ഭംഗിയോടെയും നിങ്ങള്‍ എല്ലാവരും പരിശ്രമിച്ചത് വെറുതെ ആയല്ലോ. ആരാണ് അതില്‍ കേറി ചവിട്ടിയത്'' സിസ്റ്ററുടെ ചോദ്യം കേട്ട് കുട്ടികള്‍ പകച്ചിരുന്നു. 

എന്റെ ഹൃദയം പടപടാന്ന് ഇടിക്കുന്നുണ്ടായിരുന്നു. എങ്കിലും കുറ്റം സമ്മതിക്കാന്‍ പേടി. ക്ലാസ് ലീഡറും കൂടെയല്ലേ - സിസ്റ്റര്‍ ചോദ്യം ആവര്‍ത്തിച്ചു - ''ആരായാലും ശരി സത്യം തുറന്നുപറയാതെ ഇനി ഞാന്‍ ക്ലാസ് എടുക്കില്ല''. സമയം കടന്നുപോകുന്നു. സിസ്റ്റര്‍ ക്ലാസ് ലീഡറായ എന്നെ വിളിച്ചു, ക്ലാസിന്റെ പിന്‍വശത്തെ വാതിലിനിരുവശവും ഞാനും സിസ്റ്ററും നിന്നു. ''ഇനി ഓരോരുത്തരായി വന്ന് അവനവന്റെ കാല് പൊക്കിക്കാണിച്ച്, തിരികെ സീറ്റില്‍ പോയിരിക്കാം.'' കുട്ടികള്‍ ഓരോരുത്തരായി വന്നു, ഒന്ന്, രണ്ട്, മൂന്ന്... എന്റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകാന്‍ തുടങ്ങി. അടുത്ത നിമിഷം ഞാന്‍ ഓടിച്ചെന്ന് സിസ്റ്ററെ കെട്ടിപ്പിടിച്ച് എന്റെ ചാണകം പുരണ്ട കാല്‍ പൊക്കിക്കാണിച്ച്, പൊട്ടിക്കരയാന്‍ തുടങ്ങി. കണ്ടുനിന്ന കുട്ടികളെല്ലാവരും എന്നെ വന്നുകെട്ടിപ്പിടിച്ചു, അതോടെ കൂട്ടക്കരച്ചിലായി മാറി. 

സിസ്റ്റര്‍ മന്ദസ്മിതത്തോടെ ഞങ്ങളെ തലോടി-
''മക്കളേ തെറ്റുപറ്റിയാല്‍ അത് സമ്മതിക്കണം. അതാണതിന്റെ പരിഹാരം. ചെയ്ത തെറ്റ് ഏറ്റുപറഞ്ഞാല്‍ കിട്ടുന്ന മനസ്സുഖം, അത് വലുതാണ്. ഇന്ന് ക്ലാസ് നഷ്ടപ്പെട്ടാലും നമ്മള്‍ വലിയ ഒരു പാഠം പഠിച്ചില്ലേ?'' സിസ്റ്റര്‍ ഒരുപ്രത്യേക ചിരി എനിക്കായി സമ്മാനിച്ചു. പിന്നെ പതുക്കെ എന്നോടു മാത്രമായി പറഞ്ഞു: ''ഏതു നേതൃസ്ഥാനത്തായാലും കേട്ടോ.'' എനിക്ക് പറ്റിയ അമളി പിന്നാലെ വന്ന സിസ്റ്റര്‍ കണ്ടിരിക്കുമോ! സിസ്റ്ററുടെ ആ സുവാക്യങ്ങള്‍ ജീവിതത്തിലുടനീളം ഞാന്‍ കൊണ്ടുനടക്കുന്നു.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Raichal sister who taught us to accept mistakes