ഗോപിസാറിന് വയസ്സ് 81. പക്ഷേ ക്ലാസ്മുറിയില്‍ എത്തിയാല്‍ ഇപ്പോഴും യൗവനം. മുന്നിലിരിക്കുന്ന വിദ്യാര്‍ഥികളുടെ പൂര്‍ണമായ തൃപ്തി അതുമാത്രമാകും ലക്ഷ്യം. ആറു പതിറ്റാണ്ടിലേറെക്കാലമായി വിദ്യാര്‍ഥികള്‍ക്ക് അറിവു പകര്‍ന്ന് കാലത്തിനൊപ്പം സഞ്ചരിക്കുകയാണ് തേവലപ്പുറം കിഴക്ക് മഠത്തില്‍വിളവീട്ടില്‍ പ്രൊഫ. എന്‍.ഗോപിനാഥന്‍ പിള്ള എന്ന ഗോപിസാര്‍.

പവിത്രേശ്വരം കെ.എന്‍.എന്‍.എം. ടി.ടി.ഐ.യില്‍ വിസിറ്റിങ് പ്രൊഫസറാണ് ഇപ്പോള്‍ അദ്ദേഹം. നാടിന്റെ വിവിധമേഖലകളില്‍ നടക്കുന്ന ചര്‍ച്ചകള്‍, സെമിനാറുകള്‍, പഠന ബോധവത്കരണ ക്ലാസുകള്‍ എന്നിവയിലെല്ലാം സജീവം. വിദൂരസ്ഥലങ്ങളില്‍നിന്ന് ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അദ്ദേഹത്തെ തേടിയെത്താറുണ്ട്. ആര്‍ക്കും ഇതുവരെ നിരാശപ്പെടേണ്ടിവന്നിട്ടില്ല.

1959-ല്‍ കുഴിക്കലിടവക എച്ച്.എസില്‍ ശാസ്ത്രാധ്യാപകനായാണ് ഗോപിനാഥന്‍ പിള്ള ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് പി.എസ്.സി. നിയമനം ലഭിച്ച് സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറി. അധ്യാപനത്തോടൊപ്പം തന്നെ എം.എസ്സി., എം.എഡ്. തുടങ്ങിയ ബിരുദങ്ങളും നേടി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ബി.എഡ്.കോളേജുകളില്‍ പ്രൊഫസറായി സേവനം അനുഷ്ഠിച്ചു. 1993-ലാണ് 34 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്. തുടര്‍ന്ന് നിരവധി സ്വകാര്യ ബി.എഡ്.കോളേജുകളിലും ടി.ടി.ഐ.കളിലും പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ചു.

അധ്യാപനത്തിനുപുറമേ ലൈബ്രറി പ്രവര്‍ത്തകന്‍, കര്‍ഷകന്‍ എന്നീ നിലകളിലും അദ്ദേഹം തന്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്. തേവലപ്പുറം പബ്ലിക ലൈബ്രറി സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അദ്ദേഹം ഇപ്പോള്‍ അതിന്റെ സെക്രട്ടറിയാണ്. കൂടാതെ ശീതകാല പച്ചക്കറികള്‍ ഉള്‍പ്പെടെ വിവിധ കൃഷികള്‍ ഇപ്പോഴും ചെയ്തുവരുന്നു.

കാലത്തിന്റെ പരിഷ്‌കാരങ്ങളെ നമ്മള്‍ ഉള്‍ക്കൊള്ളണം. നല്ലതിനെ സ്വീകരിക്കുകയും വേണ്ടാത്തതിനെ തള്ളിക്കളയുകയും വേണം. ആത്മസമര്‍പ്പണവും കൃത്യതയും സത്യസന്ധതയുമുണ്ടാകണം. കാണാനെത്തുന്നവരോട് ഗോപിനാഥന്‍ പിള്ളസാറിന്റെ ഉപദേശം ഇവയാണ്.

Content Highlights: Professor Gopinathan delivers lecture even at the age of 81