ന്നെനിക്ക് പന്ത്രണ്ടു വയസ്സ്. കോട്ടയത്ത് പുതുപ്പള്ളി സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സെക്കന്‍ഡ് ഫോറത്തില്‍ പഠിക്കുന്നു. ക്ലാസ്ടീച്ചര്‍ ഒരു ക്രിസ്തീയ വൈദികനാണ്. കറുത്ത തൊപ്പിയും തൂവെള്ള കാല്‍ശരായിയും കുപ്പായവും സമൃദ്ധമായ നീണ്ടതാടിയും ഒത്തവലിപ്പവുമുള്ള പട്ടക്കാരന്‍. മുഖത്ത് ഗാംഭീര്യം. അകം നിറയെ സ്നേഹവും. മാടയ്ക്കലച്ചനെന്ന് എല്ലാവരും അടുപ്പത്തോടെ വിളിക്കുന്ന മാടയ്ക്കല്‍ എം.കെ. ജോസഫ് കത്തനാര്‍. അദ്ദേഹമായിരുന്നു ഇടവകപ്പള്ളി വികാരിയും.

മഷിയും സ്റ്റീല്‍പെന്നും കൊണ്ടുനടക്കുന്നതു നിറുത്തി, മഷിയൊഴിച്ചെഴുതുന്ന പേന ഉപയോഗിച്ചുതുടങ്ങിയിട്ടേയുള്ളൂ. ഒരുതരം റബര്‍നാട വലിച്ചിട്ടു മുറുക്കി ബുക്കും പുസ്തകവും കൊണ്ടുനടക്കുന്ന പതിവ്. സ്‌കൂള്‍ ബാഗ് പ്രചാരത്തിലായിട്ടില്ല. പെന്നും പെന്‍സിലും പുസ്തകക്കെട്ടില്‍ തിരുകിവെച്ചാണു നടത്തം. മോടികുറഞ്ഞ നിക്കറും മുറിക്കൈയന്‍ ഉടുപ്പും ധരിച്ച് ഒന്നരമൈലോളം നടന്നാണ് സ്‌കൂളിലെത്തുന്നത്. ഒരു ദിവസം ക്ലാസില്‍ വന്നിരിക്കുമ്പോള്‍ എന്റെ പേനയുടെ ക്യാപ് നഷ്ടപ്പെട്ടിരിക്കുന്നു. ആദ്യമായി വാങ്ങിത്തന്ന ആ പേനയുടെ ക്യാപ്പുകളഞ്ഞത്  വീട്ടിലറിഞ്ഞാല്‍ തല്ലുകൊണ്ടു തുടപൊളിയും. അതോര്‍ക്കവേ ഇടിയാച്ചേറെപോലെയായി. ഉച്ചവിടുംവരെ ക്ലാസിലിരുന്ന് ആലോചിച്ചിട്ടും നഷ്ടപ്പെട്ട ക്യാപ് കിട്ടാന്‍ യാതൊരുപായവും കണ്ടെത്താനായില്ല. 

എന്നാല്‍ ഉച്ചവിട്ട നേരത്ത് വേഗം പൊതിയൂണു കഴിഞ്ഞ് ക്ലാസിലിരിക്കുമ്പോള്‍ ഞാനിരിക്കുന്ന ബെഞ്ചില്‍ മറ്റാരും എത്തിയിട്ടില്ല. അന്നേരം ഇടതുവശത്തിരിക്കുന്ന കുട്ടിയുടെ പേന അവന്റെ പുസ്തകത്തിനൊപ്പം വെച്ചിരിക്കുന്നത് എന്റെ കണ്ണില്‍പ്പെട്ടു. പിന്നെ കൂടുതലൊന്നും ആലോചിക്കാതെ ആ പേനയുടെ ക്യാപ്പെടുത്ത് എന്റെ പേനക്കിട്ടുനോക്കി. കൊള്ളാം കൃത്യമായി ചേരും. നിറവ്യത്യാസം മാത്രമേയുള്ളൂ. അതു സാരമില്ല. ആ ക്യാപ് കൈക്കലാക്കി ഒന്നുമറിയാത്ത മട്ടില്‍ ഞാന്‍ ക്ലാസിലിരുന്നു.

ഉച്ചയ്ക്കുശേഷം ബെല്ലടിച്ചതും കുട്ടികള്‍ ക്ലാസില്‍ നിറഞ്ഞു. കൂട്ടുകാരന്റെ ക്യാപ്പിട്ട എന്റെ പേനയും പിടിച്ച് കൂസലില്ലാതെ ഞാനിരുന്നു. ചെരിപ്പൊച്ചയുള്ള കാല്‍വയ്‌പ്പോടെ അച്ചന്‍ ക്ലാസില്‍ പ്രവേശിച്ചു. കുട്ടികള്‍ എഴുന്നേല്‍ക്കുകയും ഇരിക്കുകയും ചെയ്തു. ഹാജര്‍ വിളിച്ചു കഴിഞ്ഞതും എന്റെ ഇടതുവശത്തിരിക്കുന്ന കുട്ടി എഴുന്നേറ്റൊരു കരച്ചില്‍, അച്ചോ എന്റെ പേനയുടെ ക്യാപ് കാണുന്നില്ല...

അതു കേള്‍ക്കാത്തമട്ടില്‍ ഞാന്‍ മുഖംതിരിച്ചിരുന്നു. അച്ഛന്‍ പറഞ്ഞു: ''അടുത്തിരിക്കുന്നവരുടെ അരികിലൊക്കെ നോക്കെടാ കരയാതെ. അവിടെങ്ങാനും കാണും.''

അങ്ങനെ അരിച്ചുപെറുക്കി നോക്കിയതും ആ കുട്ടിയുടെ നോട്ടം എന്റെ പേനയില്‍ തടഞ്ഞു. അവനുടനെ വിളിച്ചുപറഞ്ഞു: ''അച്ചോ ഈ കുട്ടീടെ പേനയിലിട്ടിരിക്കുന്ന ക്യാപ് എന്റേതാ...''
അച്ചന്‍ അടുത്തുവന്ന് എന്റെ പേന പിടിച്ചെടുത്തു. കള്ളിവെളിച്ചത്തായി.

അച്ചന്റെ കര്‍ക്കശമായ ചോദ്യംചെയ്യലില്‍ ഞാന്‍ കുറ്റം സമ്മതിച്ചു. മോഷണവസ്തു അവനു തിരിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ, അച്ചന്‍ അടങ്ങിയില്ല. ശബ്ദം കനത്തു. ''മുട്ടേന്നു വിരിഞ്ഞില്ല, അതിനു മുന്‍പേ മോഷണം തുടങ്ങി. നീയെന്താ കായംകുളം കൊച്ചുണ്ണിയാകാന്‍ പഠിക്ക്വാ?''

അതിനെ തുടര്‍ന്ന് മേശപ്പുറത്തുണ്ടായിരുന്ന ചൂരല്‍ എടുത്തുവന്ന്  ''കൈനീട്ടെടാ''ന്ന് ഒരു പറച്ചില്‍! ഞാന്‍ നടുങ്ങി. ക്ലാസാകെ കിടിലംകൊണ്ടു. നീട്ടിപ്പിടിച്ച എന്റെ വലംകൈവെള്ളയില്‍ അച്ചന്‍ ആഞ്ഞടിച്ചു. ഒന്ന്, രണ്ട്, മൂന്ന്.... എന്നിട്ടും ശിക്ഷ തീരാതെ എന്നെക്കൊണ്ടു സത്യം ചെയ്യിച്ചു. ഇനിമേലില്‍, അന്യന്റെ മുതല്‍, ഞാന്‍ അപഹരിക്കുകയില്ല. സത്യം... സത്യം.... സത്യം.

അതൊരു ഭീഷ്മശപഥമായിരുന്നു. അതുകൊണ്ടാണ് ദീര്‍ഘകാലത്തെ എന്റെ ജീവിതത്തില്‍ ഉന്നതപദവികളിലിരുന്നിട്ടും പ്രലോഭനങ്ങളെ അതിജീവിക്കാന്‍ എനിക്കു കഴിഞ്ഞത്. ഈ എഴുപത്താറാം വയസ്സിലും അന്ന് അച്ചന്റെ മുന്‍പാകെയെടുത്ത ആ ശപഥം മറന്നുനടക്കാന്‍ എനിക്കു കഴിയാറില്ല. അദ്ദേഹം മരിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അന്നത്തെ ആ മൂന്നടിയുടെ പാട് ഇന്നും എന്റെയുള്ളില്‍ തിണര്‍ത്തുകിടക്കുന്നു.'

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: