ഹൈസ്‌കൂളിന്റെ ചുമതലയുണ്ടായിരുന്നതുകൊണ്ട് പതിവുപോലെ അല്പം വൈകിമാത്രമേ സ്‌കൂളില്‍നിന്നും ഇറങ്ങാന്‍ കഴിഞ്ഞുള്ളൂ. ചുറ്റുപാടും കണ്ണോടിച്ചു കൊണ്ട് ബസ്സ്‌റ്റോപ്പിലേക്ക് നടക്കുമ്പോള്‍ തൊട്ടടുത്ത ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മുന്‍പില്‍ വിദ്യാര്‍ഥികള്‍ കൂട്ടംകൂടി നില്‍ക്കുന്നതു കണ്ടു. സാധാരണ ആ സമയത്ത് അത്രയധികം വിദ്യാര്‍ഥികളെ അവിടെ കാണാറില്ല. ഹയര്‍ സെക്കന്‍ഡറിയുടെ ചുമതലകൂടി താത്കാലികമായി ഉണ്ടായിരുന്നതുകൊണ്ട്  ശ്രദ്ധിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അടുത്തുചെന്ന് കാര്യം തിരക്കിയപ്പോഴാണ് അത് രണ്ടുവിഭാഗം കുട്ടികള്‍ തമ്മില്‍ ഏറ്റമുട്ടിയതിന്റെയും ടീച്ചറിനെ കണ്ടപ്പോള്‍ ഒതുക്കാന്‍ ശ്രമിച്ചതിന്റെയും ബാക്കിപത്രമാണ് എന്ന്  മനസ്സിലായത്. സമയം ഏതാണ്ട് ആറു മണിയോട് അടുത്തിരുന്നെങ്കിലും വിദ്യാര്‍ഥികളെ ആ നിലയില്‍ അവിടെ വിട്ടുപോരാന്‍ മനസ്സ് അനുവദിച്ചില്ല. അവിടെയുണ്ടായിരുന്ന വിദ്യാര്‍ഥികളെ അരികിലേക്ക് വിളിച്ചപ്പോള്‍ എന്നെ അല്പമൊന്ന് അമ്പരപ്പിച്ചുകൊണ്ട് രണ്ട് വിഭാഗം കുട്ടികളും രണ്ടു വശത്തുമായി വന്നുനിന്നു. ആകെ അസ്വസ്ഥരും രോഷാകുലരും ആയിരുന്ന കുട്ടികളെ വിശ്വാസത്തില്‍ എടുത്തുകൊണ്ട് അവരോട് കാര്യം തിരക്കി. 

ഹയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥികള്‍ ആയിരുന്നതു കൊണ്ടും ഞാന്‍ അവരെ പഠിപ്പിച്ചിട്ടില്ലായിരുന്നതു കൊണ്ടും എനിക്ക് അവരുടെ പേരുകള്‍ അറിയാമായിരുന്നില്ല. പക്ഷേ, പല മുഖങ്ങളും പരിചിതമായിരുന്നു. ഏകദേശം പത്തു മിനിറ്റ്  അവരോട് സംസാരിച്ചിട്ടും ഈ സംഘട്ടനത്തിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പക്ഷേ, അത് അന്നുണ്ടായ ഒരു പ്രശ്നമല്ലെന്നും അതിന്റെ പിന്നില്‍ പല കാരണങ്ങള്‍ ഉണ്ടെന്നും മനസ്സിലായി. രണ്ടു വിഭാഗം കുട്ടികള്‍ക്കും ഓരോ ലീഡര്‍ ഉണ്ടായിരുന്നു. കാഴ്ചയില്‍ തികച്ചും വ്യത്യസ്തരായിരുന്നു രണ്ടു പേരും. ഒരാള്‍ തടിച്ചു വെളുത്ത് വലിയ ഉയരമില്ലാത്ത സുമുഖനായ പയ്യന്‍. മറുഭാഗത്ത് അല്പം കറുത്ത് വളരെ മെലിഞ്ഞ നല്ല ഉയരത്തില്‍ ഒരുവന്‍. 

ആ സമയത്ത് അവിടെനിന്ന്  സംസാരിച്ച് പ്രശ്നം തീര്‍ക്കാന്‍ പറ്റില്ല എന്ന് ഉറപ്പായതോടെ രണ്ടു കൂട്ടരും തമ്മിലുള്ള വിദ്വേഷം താത്കാലികമായിട്ടെങ്കിലും അവസാനിപ്പിക്കാന്‍ അവരോട് പറഞ്ഞ് ആ ഉറപ്പും വാങ്ങി തിരിയുമ്പോള്‍ പിന്നില്‍ നിന്നും 'ടീച്ചര്‍' എന്ന വിളികേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ ഉയരത്തിലുള്ള പയ്യനാണ്. ''വിജേഷിന് എല്ലാവരുമുണ്ട് ടീച്ചര്‍- ഞാനല്ല പ്രശ്നം ഉണ്ടാക്കിയത്.'' അപ്പോഴാണ് ഞാന്‍ അവനോട് പേര് ചോദിച്ചത്. ആദര്‍ശ്. ഒന്നും മിണ്ടാതെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു. ഞാന്‍ അവിടെനിന്നു പോന്നു. വീട്ടില്‍ വന്നിട്ടും വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിച്ചിട്ടും ആദര്‍ശിന്റെ മുഖം എന്റെ മനസ്സില്‍ തെളിഞ്ഞു വന്നു കൊണ്ടിരുന്നു.

പിറ്റേ ദിവസം സ്‌കൂളില്‍ ചെന്ന് അത്യാവശ്യം കാര്യങ്ങളൊക്കെ ചെയ്തുതീര്‍ത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്ക് നടന്നു. അവിടെ ചെന്നപ്പോള്‍ വിചാരണ തുടങ്ങിയിരുന്നു. ഭൂരിഭാഗം വിദ്യാര്‍ഥികളും വിജേഷിന്റെ പക്ഷത്താണ്. അധ്യാപകരും ആദര്‍ശിന്റെ ഭാഗം ശരിക്കും മനസ്സിലാക്കുന്നില്ല എന്നൊരു തോന്നല്‍ എനിക്കുണ്ടായി. ആദര്‍ശിന്റെ മുഖത്തെ നിസ്സഹായതയും കണ്ണിലെ നിഷ്‌കളങ്കതയും എന്നെ അലട്ടുന്നുണ്ടായിരുന്നു. അല്പം ഗൗരവമുള്ള ആ പ്രശ്നം അവന്റെ മേല്‍ വെച്ചുകെട്ടുമെന്നായപ്പോള്‍ ഞാന്‍ ആദര്‍ശിനോട്  അവന്റെ കുടുംബവിശേഷങ്ങള്‍ ചോദിച്ചു. അമ്മ മാത്രമേ കൂടെയുള്ളു. അച്ഛന്‍ എവിടെയാണെന്ന് അവന് അറിയില്ല. ഗുജറാത്തില്‍ അനിയനെ പൊന്നുപോലെ നോക്കാന്‍ പാടുപെടുന്ന ഒരു ഏട്ടനുണ്ട്. ഏട്ടനോട് ഇവിടെ നടന്ന കാര്യങ്ങള്‍ പറയട്ടെ എന്നു ചോദിച്ചപ്പോള്‍ പൊട്ടിക്കരച്ചിലായിരുന്നു മറുപടി. കൂട്ടത്തില്‍ ഇത്രയും കൂടി ''ഞാന്‍ ഒന്നും ചെയ്തിട്ടില്ല. എന്നാലും ഞാന്‍ ഏറ്റെടുത്തോളാം. എന്റെ ഏട്ടനെ അറിയിക്കരുത്.'' അത് കേട്ട് എന്റെ മനസ്സും തേങ്ങിപ്പോയി.

ഞാന്‍ പറഞ്ഞു, ''ഇത് ചെയ്തത്  ആദര്‍ശായാലും അല്ലെങ്കിലും ആദര്‍ശിനെ ഞാന്‍ ജാമ്യത്തില്‍ എടുക്കുന്നു. ഇനി അവന്‍ ഒരു പ്രശ്നവും ഉണ്ടാക്കില്ല. ഉണ്ടാക്കിയാല്‍ എന്നോട് പറഞ്ഞാല്‍ മതി.'' എന്നെ ബുദ്ധിമുട്ടിക്കരുതെന്നും പറഞ്ഞ് ഞാന്‍ അവിടെ നിന്ന് എന്റെ സ്ഥലത്തേക്ക് മടങ്ങി. ആദര്‍ശിനെ തുടര്‍ച്ചയായി കാണാറില്ലായിരുന്നെങ്കിലും ഞാന്‍ അവന്റെ കാര്യം അന്വേഷിക്കാറുണ്ടായിരുന്നു. അവന്‍ എനിക്കു തന്ന വാക്ക് പാലിക്കുന്നുണ്ടായിരുന്നു. അവന്‍ തെറ്റുകാരനായിരുന്നില്ല എന്ന് എനിക്ക് പിന്നീട്  മനസ്സിലായി. രണ്ടാം വര്‍ഷ വാര്‍ഷിക പരീക്ഷ കഴിഞ്ഞ് 'ഞാന്‍ ജയിക്കും ടീച്ചര്‍' എന്നു പറഞ്ഞ് അവന്‍ എന്നെ കാണാന്‍ വന്നിരുന്നു. പിന്നീട്  എനിക്ക്  അവനെപ്പറ്റി ഒരു വിവരവും ഉണ്ടായിരുന്നില്ല.

ഏഴെട്ടു മാസം കഴിഞ്ഞ്  ടൗണില്‍ പോയി വരുന്ന വഴിയില്‍ അതാ ഒരു ചെറുപ്പക്കാരന്‍ ഓടിവരുന്നു, ആദര്‍ശ്. ''ടീച്ചര്‍ ഞാന്‍ പ്ലസ് ടു ജയിച്ചു. ഇപ്പോള്‍ തൃശ്ശൂരില്‍ തീയേറ്റര്‍ കോഴ്‌സ് ചെയ്യുന്നു. സന്തോഷമാണ് ടീച്ചര്‍. '' ആ കുട്ടിയെ 'ജാമ്യമെടുക്കാന്‍' തോന്നിച്ച ആ നേരത്തിന്  ഞാനിന്ന് നന്ദി പറയുകയാണ്.

(കോഴിക്കോട് പി.വി.എസ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്നു ലേഖിക)

-മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Teacher's Experience on Conflict in School