ലപ്പുഴ ജില്ലയുടെ വടക്കേയറ്റത്തുള്ള പാണാവള്ളി എന്ന ചെറുഗ്രാമത്തിലെ എന്‍.എസ്.എസ്. ഹൈസ്‌കൂളിലാണ് ഞാന്‍ പഠിച്ചത്. 1960-കളില്‍ അവിടത്തെ ചരിത്രാധ്യാപകനായിരുന്നു ഗോപിസാര്‍. വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രിയങ്കരന്‍. ഗോവിന്ദന്‍നായര്‍ എന്നായിരുന്നു യഥാര്‍ഥ പേരെങ്കിലും അക്കാര്യം പലര്‍ക്കും അറിയില്ലായിരുന്നു. നാട്ടുകാര്‍ അദ്ദേഹത്തെ ആദരപൂര്‍വം ഗോപിസാര്‍ എന്ന് വിളിച്ചുപോന്നു. വിളിപ്പേര് സ്വന്തം പേരായി പരിണമിച്ച അപൂര്‍വ വ്യക്തിത്വം. 

ഇന്നും ഒരു അധ്യാപകനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഗോപിസാറിന്റെ രൂപമാണ് മനസ്സില്‍ തെളിയുക. മെലിഞ്ഞ ശരീരം: സാമാന്യം നല്ല ഉയരം; ശാന്തമായ മുഖം: കാഴ്ചയിലും പെരുമാറ്റത്തിലും മാത്രമല്ല ഓരോ പ്രവൃത്തിയിലും തെളിഞ്ഞുനില്‍ക്കുന്ന മാന്യത. ഗുരു എന്ന വിശേഷണത്തിന് തികച്ചും അര്‍ഹന്‍.

സമാനതകളില്ലാത്ത വാഗ്മിയായിരുന്നു ഗോപിസാര്‍. നാട്ടില്‍ അദ്ദേഹത്തെ മറികടക്കാന്‍ മറ്റ് പ്രാസംഗികര്‍ ഉണ്ടായിരുന്നില്ല. ഞാന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍, അദ്ദേഹം എന്റെ ചരിത്രാധ്യാപകനായിരുന്നു. അതിനടുത്ത വര്‍ഷം അദ്ദേഹം എന്റെ ക്ലാസ്ടീച്ചറുമായി.

ഞാനടക്കം മുപ്പതോളം വിദ്യാര്‍ഥികളുണ്ട്. അതില്‍ ഒന്‍പതുപേര്‍ മാത്രമാണ് ആണ്‍കുട്ടികള്‍. സ്‌കൂള്‍കെട്ടിടത്തിന്റെ തെക്കുവശത്തായി വലിയ ഒരു പുളിമരമുണ്ടായിരുന്നു. അതിനോട് ചേര്‍ന്നാണ് ഞങ്ങളുടെ ക്ലാസ്റൂം. ഓലമേഞ്ഞ ഒരു താത്കാലിക ഷെഡ്ഡ്. കേരളത്തിലെ കാലാവസ്ഥയ്ക്ക് തികച്ചും അനുയോജ്യം. അന്തരീക്ഷത്തിലെ ചൂട് ഷെഡ്ഡിനകത്തേക്ക് കയറാതെ പുറത്ത് ചുറ്റിപ്പറ്റി നില്‍ക്കുകയേയുള്ളൂ. രാത്രി മഴപെയ്താല്‍ പിറ്റേന്ന് ക്ലാസിലെ ബെഞ്ചുകളൊക്കെ നനഞ്ഞുകിടപ്പുണ്ടാവും. ക്ലാസ്മുറിക്ക് പടിഞ്ഞാറായി ഒരു മൈതാനമുണ്ടായിരുന്നു. ഇളംകാറ്റ് ഇടയ്ക്കിടെ ഞങ്ങളെ വന്ന് തഴുകും. ഓല മേഞ്ഞ ആ ക്ലാസ്മുറിയില്‍ ഇരിക്കുമ്പോള്‍ സവിശേഷമായ ഒരു അനുഭൂതി അനുഭവപ്പെട്ടിരുന്നു.

മൊത്തം ഒന്‍പതാംക്ലാസിലെതന്നെ നല്ല നിലവാരം പുലര്‍ത്തിയിരുന്ന എന്റെ കസിന്‍ രാമചന്ദ്രന്‍, വി. വിശ്വനാഥ്, ഇ. ചെല്ലപ്പന്‍, ശോഭന. ആയിഷ എന്നിവര്‍ എന്റെ ക്ലാസിലായിരുന്നു.

ഒന്‍പതാംക്ലാസിലെ ക്രിസ്മസ്പരീക്ഷയ്ക്കുശേഷം മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ വിതരണംചെയ്യുകയായിരുന്നു ഗോപിസാര്‍. കൂട്ടത്തില്‍ ഒരെണ്ണം നിവര്‍ത്തിക്കൊണ്ട് അദ്ദേഹം എല്ലാവരെയും ഒന്ന് നോക്കി. പിന്നെ അതിലെഴുതിയിരുന്ന ഒരു ഉത്തരം ഉറക്കെ വായിക്കാന്‍തുടങ്ങി. 'ബ്ലാക്ക് കോട്ടണ്‍സോയിലിനെ'ക്കുറിച്ചുള്ള ഒരു കുറിപ്പ്. വായിച്ചുകഴിഞ്ഞ് അതേക്കുറിച്ച് നല്ല അഭിപ്രായവും പറഞ്ഞു. 

എന്റെ മനസ്സില്‍ ആഹ്ലാദാഭിമാനങ്ങള്‍ നിറഞ്ഞു. കാരണം അത് എന്റെ ഉത്തരക്കടലാസായിരുന്നു. വിദ്യാര്‍ഥിജീവിതത്തിലെ മറക്കാനാവാത്ത ഈ അനുഭവം ഇന്നും എനിക്ക് അഭിമാനം പകരുന്ന ഒരോര്‍മയാണ്. പഠനത്തില്‍ അന്ന് സാധാരണ നിലവാരം മാത്രം പുലര്‍ത്തിയിരുന്ന എനിക്ക് ഗോപിസാറില്‍നിന്ന് ലഭിച്ച വലിയ ഒരംഗീകാരം. വിഷയം അവതരിപ്പിച്ച രീതിയെക്കുറിച്ചോ അതെഴുതിയ വ്യക്തിയെക്കുറിച്ചോ പരാമര്‍ശിക്കുന്ന പതിവുസമ്പ്രദായത്തില്‍നിന്ന് വ്യതിചലിച്ച്, വിഷയത്തെ മാത്രം വിലയിരുത്തി എന്നതാണ് അന്നത്തെ അഭിനന്ദനത്തിന്റെ പ്രസക്തി.

വര്‍ഷങ്ങള്‍ കടന്നുപോയി. ഹൃദയവാല്‍വിന്റെ തകരാറ് പരിഹരിക്കാനായി ഗോപിസാറിന് ഒരു ശസ്ത്രക്രിയ വേണ്ടിവന്നു. ഞങ്ങളുടെ നാട്ടില്‍ ആദ്യമായാണ് ഒരാള്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നത്. ആരോഗ്യം വീണ്ടെടുക്കാന്‍ സമയമെടുക്കും. 

പൂര്‍ണവിശ്രമത്തിലായിരുന്ന ഗോപിസാറിനെ സന്ദര്‍ശിക്കാനായി അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. എന്നോടൊപ്പം ഭാര്യയും മൂത്തമകളും ഉണ്ടായിരുന്നു. ഞാന്‍ കുടുംബത്തോടൊപ്പം ചെന്നുകണ്ടത് അദ്ദേഹത്തെ ഏറെ സന്തുഷ്ടനാക്കി. നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ മടങ്ങി. 1985 ഒക്ടോബറില്‍ ഗോപിസാര്‍ അന്തരിച്ചു. എനിക്ക് വല്ലാത്ത നഷ്ടബോധം തോന്നി. ഇന്നും പാണാവള്ളി എന്‍.എസ്.എസ്. ഹൈസ്‌കൂളിലെ ഗോപിസാര്‍ എന്റെ മനസ്സില്‍ നിറഞ്ഞുനില്‍പ്പുണ്ട്.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Memories of Gopi sir from Panavally NSS HS