ലയാളം സെക്കന്‍ഡ് എടുക്കുന്നതിനായി അഞ്ചാംക്ലാസിലെത്തി. പറയാന്‍ പോകുന്നത് രവീന്ദ്രനാഥടാഗോറിന്റെ ഇലവുമരത്തെക്കുറിച്ചുള്ള ഹൃദയസ്പര്‍ശിയായ ഒരു കഥയാണ്. അഞ്ചാംക്ലാസിലെ മലയാളം സെക്കന്‍ഡിലെ ആദ്യ പാഠമാണത്. ആ കഥ കുട്ടികള്‍ക്ക് ചെറിയ പാരഗ്രാഫുകളായി പറഞ്ഞുകൊടുക്കുകയും അതിനെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ആ കഥ മുന്‍പ് ഞാന്‍ വായിച്ചിട്ടില്ല. ആ കഥ എഴുതിയത് ആരാണെന്ന് എനിക്ക് അറിയുകയും ഇല്ല. ആരോ എഴുതിയ ഒരു സാദാകഥ. അത്രമാത്രമേ കരുതിയുള്ളൂ. 

ആ കഥയുടെ സംഗ്രഹം ഇപ്രകാരമാണ്:

ബാലചന്ദ്രന്റെ വീടിനടുത്തുള്ള പൂന്തോട്ടത്തിലേക്കുള്ള നടപ്പാതയില്‍ ഒരു ഇലവു മരത്തൈ വളര്‍ന്നുവരുന്നത് ആ കുട്ടി കൗതുകത്തോടെ നിരീക്ഷിക്കുന്നു.  ഒരുദിവസം അവന്‍ അവന്റെ വലിയച്ഛന്റെ (അച്ഛന്റെ ഏട്ടന്‍) കൈപിടിച്ച് കൊണ്ടു വന്ന് ആ ഇലവുമരത്തെ കാണിച്ചുകൊടുക്കുന്നു. ''നമുക്ക് ആ തൈ വെട്ടിക്കളയാം മോനേ.'' വലിയച്ഛന്‍ പറഞ്ഞു. കാരണം നടപ്പാതയില്‍ അത് വളര്‍ന്നുവന്നാല്‍ അതുവഴിയുള്ള നടത്തം അവതാളത്തിലാകും.
ബാലചന്ദ്രന്‍ എന്നുപേരുള്ള ആ കുട്ടി വലിയച്ഛന്റെ പ്രസ്താവനകേട്ട് ഞെട്ടിപ്പോകുന്നു . ''അത് ഒരിക്കലും വെട്ടിക്കളയരുത്, ഞാനാ മരത്തെ അത്രയും ഇഷ്ടപ്പെടുന്നു. അത് വെട്ടിക്കളയരുത് വലിയച്ഛാ...'' അവന്‍ അപേക്ഷാപൂര്‍വം അറിയിച്ചു.

അതിനുശേഷം അവന്‍ വലിയമ്മയുടെ അടുത്തെത്തിയും ഇലവുമരത്തിനുവേണ്ടി അപേക്ഷ നടത്തുന്നു. വലിയമ്മ സമ്മതിച്ചു. ബാലചന്ദ്രന്റെ ആ ഇലവുമരത്തെ ആരും ഇല്ലായ്മ ചെയ്തില്ല.

ബാലചന്ദ്രന് അമ്മയില്ല. അവന്‍ വളരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍തന്നെ അവര്‍ മരണപ്പെട്ടുപോയിരിക്കുന്നു. ഭാര്യയുടെ വിയോഗത്തില്‍ അതീവ ദുഃഖിതനായിത്തീര്‍ന്ന ബാലചന്ദ്രന്റെ അച്ഛന്‍ നാടുവിട്ടുപോയി. അദ്ദേഹമിപ്പോള്‍ ഇംഗ്ലണ്ടിലാണ് താമസിക്കുന്നത്. അവിടെ ഏതോ സ്ഥാപനത്തില്‍ എന്‍ജിനീയര്‍ ആയി അദ്ദേഹം ജോലിചെയ്യുന്നു.

അദ്ദേഹം പോയതില്‍പിന്നെ ബാലചന്ദ്രന് എല്ലാവിധ സ്നേഹവാത്സല്യങ്ങളും നല്‍കി വളര്‍ത്തിക്കൊണ്ടുവന്നത് അവന്റെ വലിയച്ഛനും വലിയമ്മയുമാണ്. അവന്റെ സാന്നിധ്യത്തില്‍ കുട്ടികളില്ലാത്തതിന്റെ വിഷമം അവര്‍ ഇരുവരും മറന്നു പോയിരിക്കുന്നു. അങ്ങനെയിരിക്കെ ഒരുനാള്‍ അപ്രതീക്ഷിതമായി ബാലചന്ദ്രന്റെ അച്ഛന്‍ നാട്ടിലെത്തിച്ചേരുന്നു. ബാലചന്ദ്രന്റെ ശേഷിച്ച വിദ്യാഭ്യാസവും ജോലിയും ജീവിതവുമെല്ലാം ഇംഗ്ലണ്ടില്‍തന്നെയാകട്ടെ എന്ന് അദ്ദേഹം തീരുമാനിച്ചിരിക്കുന്നു. വൈകാതെതന്നെ ബാലചന്ദ്രനേയുംകൂട്ടി അദ്ദേഹം ഇംഗ്ലണ്ടിലേക്ക് പറന്നുപോയി.

ബാലചന്ദ്രന്‍ പോയതില്‍പിന്നെ ആ വീട് ഉറങ്ങിയതുപോലെയായി.  ഏറെക്കഴിഞ്ഞ് ബാലചന്ദ്രന്റെ എഴുത്ത് അവര്‍ക്ക് കിട്ടി. വലിയച്ഛനോടും വലിയമ്മയോടുമുള്ള സുഖാന്വേഷണങ്ങള്‍ക്കുശേഷം അവന്‍ ഒരു പ്രത്യേകകാര്യം ആവശ്യപ്പെട്ടിരിക്കുന്നു. ആ ഇലവുമരത്തിന്റെ ഒരു ഫോട്ടോ എടുത്ത് എനിക്ക് അയച്ചു തരണം.

വലിയമ്മയ്ക്ക് സന്തോഷമായി. അവനുവേണ്ടി അത്രയെങ്കിലും ചെയ്യാന്‍ അവര്‍ക്ക് സാധിക്കുമല്ലോ. അവര്‍ വേഗം ആ വിവരം ഭര്‍ത്താവിനെ അറിയിച്ചു. വേഗത്തില്‍തന്നെ ഒരു ഫോട്ടോഗ്രാഫറെ ഏര്‍പ്പാടുചെയ്യണം. അവന് ആ മരത്തിന്റെ ഒരു ഫോട്ടോ അയച്ചുകൊടുക്കണം. അവര്‍ ധൃതിപിടിച്ച കണ്ണുകളോടെ ഭര്‍ത്താവിനെ നോക്കി.

''ഏത് മരം. ഓ... ആ ഇലവുമരമോ'', അവരുടെ ഭര്‍ത്താവ് പറഞ്ഞു. ''അതിന്റെ കായകള്‍ പൊട്ടി പഞ്ഞി നാലുപാടും പറക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് പലരും പറഞ്ഞു. കൂടാതെ നടപ്പാതയിലുമല്ലേ അത് വളരുന്നത്. ഞാനാ മരം എന്നേ വെട്ടിക്കളഞ്ഞു.'' ഭര്‍ത്താവിന്റെ വാക്കുകള്‍ ആ സ്ത്രീ ഒട്ടൊരു നടുക്കത്തോടെയാണ് കേട്ടത്. അവരുടെ ഹൃദയം വ്രണപ്പെട്ടതുപോലെ തോന്നിച്ചു. അവരുടെ ജീവിതമിപ്പോള്‍ വെട്ടിപ്പോയ ആ ഇലവുമരത്തെപ്പോലെയാണ്. ശൂന്യതയല്ലാതെ ആ ഭാഗത്ത് ഇപ്പോള്‍ ഒന്നും വളരുന്നില്ല. അതുകൊണ്ടായിരിക്കാം അവര്‍ പിന്നെ തന്റെ ഭര്‍ത്താവിനോട് സംസാരിച്ചതേയില്ല. ഇത്രയുമായിരുന്നു ആ കഥ. 

എന്റെ വ്യക്തിജീവിതത്തില്‍ ഏറെക്കുറെ സമാനമെന്നുപറയാവുന്ന അനുഭവമുള്ളതുകൊണ്ടുകൂടിയാവാം കഥ എന്നില്‍ സവിശേഷമായ അനുഭൂതി നിറച്ചു. ബാലചന്ദ്രന്റെസ്ഥാനത്ത് ഞാനെന്റെ മകനെ സങ്കല്പിക്കുകയും ചെയ്തു. എന്റെ സഹോദരന്റെ കുടുംബവും ഓര്‍മയിലെത്തി. 

കഥ വായിച്ചുകഴിഞ്ഞപ്പോള്‍  അതെഴുതിയ ആളുടെ പേര് വായിച്ചു, രവീന്ദ്രനാഥ ടാഗോര്‍. ഇതായിരുന്നു ആ പേര്.  കഷ്ടം! അദ്ദേഹത്തെക്കുറിച്ച് അറിയാവുന്നതെല്ലാം പറഞ്ഞുകൊടുത്തശേഷം ക്ലാസ് തുടങ്ങിയാല്‍ മതിയായിരുന്നു. ഞാന്‍ നിരാശാപൂര്‍വം ഓര്‍ത്തു. അപ്പോഴേക്കും ബെല്ലടിച്ചിരുന്നു. 

(മലപ്പുറം ജില്ലയിലെ വേങ്ങര കുറുക ഗവ. ഹൈസ്‌കൂളില്‍ അധ്യാപകനാണ് ലേഖകന്‍)

-മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Malayalam class experience, Tagore's Story