Iqbal
ഇഖ്ബാല്‍

സ്‌കൂള്‍ പഠനകാലത്ത് സിനിമാതിയേറ്ററില്‍ കപ്പലണ്ടി വിറ്റ് ജീവിതം മുന്നോട്ടുനീക്കിയ ഇഖ്ബാല്‍ ജിവിതപ്രതിസന്ധിയോട് പടവെട്ടിയാണ് താന്‍ ഏറ്റവും ഇഷ്ടപ്പെട്ട അധ്യാപക ജീവിതത്തിലേക്ക് കടക്കുന്നത്. ജീവിതം അധ്യാപകവൃത്തിക്കായി സമര്‍പ്പിച്ച അദ്ദേഹം ഇത്തവണ സംസ്ഥാന അധ്യാപക അവാര്‍ഡിനും അര്‍ഹനായി.

ദാരിദ്ര്യം പിടിവിട്ടില്ലെങ്കിലും കഠിനാധ്വാനത്തിലൂടെ കൂട്ടിലങ്ങാടി ജി.യു.പി.എസില്‍ ഓഫീസ് അസിസ്റ്റന്റായി സര്‍ക്കാര്‍ ജീവിതമാരംഭിച്ചു. പിന്നീട് കളക്ടറേറ്റ് ഓഫീസില്‍ ക്ലാര്‍ക്ക്, ശേഷം അധ്യാപകനും.

പാലക്കാട് ജില്ലയിലെ കൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാമൂഹികശാസ്ത്ര അധ്യാപകനായ ഇഖ്ബാല്‍ മങ്കട പതിനേഴുവര്‍ഷമായി ഈ വിദ്യാലയത്തിന്റെ അക്കാദമിക മികവ് ഉയര്‍ത്തുന്നതില്‍ വിദ്യാലയത്തിനൊപ്പമുണ്ട്.

സാമൂഹികശാസ്ത്ര അധ്യാപക പരിശീലനങ്ങളില്‍ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് അംഗമായി പ്രവര്‍ത്തിച്ചുവരുന്നു. സംസ്ഥാന സാമൂഹികശാസ്ത്രമേളയില്‍ അധ്യാപകര്‍ക്കുള്ള ടീച്ചിങ് എയ്ഡ് മത്സരത്തില്‍ 2017-18 (കോഴിക്കോട്), 2018-19 (കണ്ണൂര്‍) വര്‍ഷങ്ങളില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.

ദക്ഷിണേന്ത്യന്‍ ശാസ്ത്രമേളയില്‍ 2017-18 (സെക്കന്തരാബാദ്), 2018-19 (ബെംഗളൂരു) വര്‍ഷങ്ങളില്‍ സാമൂഹികശാസ്ത്ര ടീച്ചിങ് എയ്ഡില്‍ ബുക്ക്പ്രൈസ് പുരസ്‌കാരവും നേടി.

നാട്ടിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായ ഇഖ്ബാല്‍ 'സൈന്‍ മങ്കട' എന്ന കൂട്ടായ്മയുടെ അമരക്കാരിലൊരാളാണ്.

Content Highlights: Journey of an award winning teacher who start life as a nut seller