'ഒന്നെന്നു ചൊല്ലുമ്പോള്‍, ഒന്നിച്ചു നില്‍ക്കേണം...'
മലപ്പുറം ജില്ലയിലെ കരിക്കാട് എല്‍.പി സ്‌കൂളില്‍ മുഴങ്ങിക്കേട്ടിരുന്ന പാട്ടായിരുന്നു ഇത്. എല്‍.പി സ്‌കൂള്‍ പഠനം കഴിഞ്ഞ് സ്‌കൂളിന് മുന്നിലൂടെ പോകുമ്പോഴും മിക്കവാറും ഈ പാട്ട് കേട്ടിരുന്നു. കളികളിലൂടേയും പാട്ടുകളിലൂടേയും കുട്ടികളെ കണക്കെന്ന കീറാമുട്ടിയോട് അടുപ്പിച്ചിരുന്ന കരിക്കാടിന്റെ സ്വന്തം രാജന്‍ മാഷിന്റെ ശബ്ദം.  

ഒന്നാം ക്ലാസ്സില്‍ ചേരാറാകുമ്പോഴാണ് ഞങ്ങള്‍ കരിക്കാട് വീടുവാങ്ങി താമസം മാറിയത്. വല്ല്യപ്പച്ചനായിരുന്നു എന്നെ ഷണ്‍മുഖവിലാസം ലോവര്‍ പ്രൈമറി സ്‌കൂളിലെ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തത്. അന്നാണ് മാഷേ ഞാന്‍ ആദ്യമായി കണ്ടത്. പിന്നെ രാവിലെ ചാച്ച ഓഫീസില്‍ പോകുമ്പോള്‍ എളേടത്തുപടിയിലെ മാഷ്ടെ വീട്ടില്‍ എന്നെ കൊണ്ടാക്കും. മാഷ്ടെ മോളും ഞാനും സമപ്രായക്കാര്‍, കൂട്ടുകാര്‍.. അവള്‍ടേം മാഷ്ടേം കൂടെയാണ് സ്‌കൂളിലേക്കുള്ള യാത്ര. അധ്യാപക കുടുംബമായിരുന്നു. മാഷ്ടെ അമ്മയും ഭാര്യയും അധ്യാപകര്‍. അവള്‍ക്ക് ചോറുപാത്രത്തിലാക്കുമ്പോള്‍ കൊടുക്കുന്ന പപ്പടവും പയറുകൊണ്ടാട്ടവും എനിക്കും തരും. അമ്മ തരുന്ന ബിസ്‌ക്കറ്റോ ഉണ്ണിയപ്പമോ ഒക്കെ തിന്ന് ഞാന്‍ കാത്തിരിക്കും, അവളും മാഷും റെഡിയായി എത്തുമ്പോള്‍ സ്‌കൂളിലേക്ക്.. മുണ്ടും മടക്കി കുത്തി നല്ല സ്പീഡിലാണ് മാഷ്ടെ നടത്തം. ഓടിയും നടന്നും ഞാനും അവളും പുറകെ.. മാഷ്ടെ മോള്‍ടെ കൂട്ടുകാരി എന്നൊക്കെ പറഞ്ഞാല്‍ ഭീകര 'പൗസായിരുന്നു' അന്നൊക്കെ...

വൈകിട്ട് വീട്ടിലേക്ക് മാഷ് വരുന്നതും കാത്ത് ഞാനും അവളും സ്‌കൂള്‍ വരാന്തയില്‍ നില്‍ക്കും. പിന്നെ എളേടത്തുപടി കവല വരെ മാഷോടൊപ്പം, പിന്നെ അവിടുന്ന് അമ്മയോ മിനിച്ചേച്ചിയോ അപ്പച്ചനോ വന്ന് എന്നെ കൂട്ടിക്കൊണ്ടുപോവും. രണ്ടിലെത്തിയപ്പോ ഞാന്‍ വല്യപുള്ളിയായി. തനിച്ച് പോവാന്‍ തുടങ്ങി.

നാലാം ക്ലാസ്സില്‍ വച്ചാണ് മാഷ് ഞങ്ങളെ പഠിപ്പിക്കുന്നത്. മണിച്ചട്ടവും പാട്ടും കണക്കിനെ ലളിതമാക്കുന്ന പാട്ടുകളുമൊക്കെയായി മാഷ് ഞങ്ങളെ പഠിപ്പിച്ചു. അതിനിടയില്‍ എന്നെ പാട്ടുപഠിപ്പിക്കാനുള്ള ശ്രമവും മാഷ് നടത്തി. മാഷ്ടെ മോളും ഞങ്ങളുടെ കൂട്ടുകാരും ഞാനും ദക്ഷിണ വെച്ച് പഠനം ആരംഭിച്ചു. പാട്ടുമാഷിന്റെ പേരൊക്കെ ഞാന്‍ മറന്നു.  പാട്ടുപഠിക്കാന്‍ ചാച്ചയുടെ സമ്മതം ചോദിക്കുന്നതൊക്കെ മാഷായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മടിച്ചിയെന്ന് ഞാന്‍ വിളിക്കുന്ന ഞാന്‍ പക്ഷെ രണ്ട് മാസം കഴിഞ്ഞപ്പോള്‍ നൈസായിട്ട് മുങ്ങി. പക്ഷെ ഇപ്പോ നല്ല കുറ്റബോധം ഉണ്ടെട്ടോ.

അങ്ങനെ അഞ്ചാം ക്ലാസ്സിലായി, മഞ്ചേരി ഗേള്‍സ് സ്‌കൂളില്‍ ചേര്‍ന്നു.  മാഷ്‌ക്ക് ഓട്ടോ ഉണ്ട്. ബാലേട്ടനാണ് സാരഥി, ആ ഓട്ടോയിലായിരുന്നു സ്‌കൂളിലേക്ക് പോകുന്നത്. എന്റെ വീട്ടിലേക്ക് ഓട്ടോ വരുമെങ്കിലും ഞാന്‍ നേരത്തെ കാലത്തെ ഉടുത്തൊരുങ്ങി കാവലയിലെത്തും. ഓട്ടോ അവിടെ കിടപ്പുണ്ടെങ്കില്‍ അതില്‍ കയറി ഇരിക്കും, ഇല്ലെങ്കില്‍ മാഷ്ടെ വീട്ടില്‍..

പിന്നീട് മാഷ് കുറച്ച് മാറി പുതിയ വീടുവെച്ചു താമസം മാറി. അവിടെയും സ്ഥിരം സന്ദര്‍ശകയായിരുന്നു ഞാന്‍. അധികം താമസിയാതെ ആ വീടിനു മുന്നില്‍ തൊട്ടെതിര്‍വശത്തായി വീടുവെച്ച് ഞങ്ങളുമെത്തി. കുടുംബങ്ങള്‍ തമ്മിലുള്ള അടുപ്പം പിന്നെയും കൂടി വന്നു. വീടിനു ചുറ്റും ഹിന്ദു കുടുംബങ്ങളായിരുന്നു. കുടുംബക്കാര്‍ ആരുമില്ല. അവസാനകാലത്ത് വല്ല്യമ്മച്ചിയുടെ മനസ്സില്‍ വല്ലാത്ത ആധിയായിരുന്നു. ഞാന്‍ മരിച്ചാല്‍ കാണാന്‍ വരുന്നവര്‍ക്ക് ചോറുകൊടുക്കാന്‍ വീട്ടുകാരില്ലല്ലോന്ന് എപ്പോഴും പറയുമായിരുന്നു. മാഷുമായിട്ട് നല്ല  കമ്പനിയായിരുന്നു അമ്മച്ചി. ഒരുദിവസം മാഷ് പറഞ്ഞു 'അമ്മച്ചി ധൈര്യായിട്ട് ഇരുന്നോ വരുന്നോര്‍ക്കുള്ള ഭക്ഷണമൊക്കെ ഞാന്‍ കൊടുത്തോളം'. അമ്മച്ചിക്കത് വല്യ സന്തോഷമായിരുന്നു. ആ കൊച്ചന് അങ്ങനെ പറയാനുള്ള മനസ്സുണ്ടായല്ലേ എന്ന് ഇടക്കിടെ പറയും. വീട്ടിലെ ഏതാവശ്യങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു. മാഷ് മാത്രല്ല, ടീച്ചറും

അടങ്ങിയിരിക്കുന്ന പ്രകൃതമായിരുന്നില്ല മാഷ്‌ക്ക്, കാറിലോ സ്‌കൂട്ടറിലോ നടന്നോ ഒക്കെ എപ്പോഴും പോയും വന്നുമിരിക്കും. രാജേന്ദ്രന്‍, രാജന്‍, രാജേട്ടന്‍ രാജന്‍ മാഷ്... കരിക്കാട്ടുകാരുടെ സ്വന്തം ആളായിരുന്നു മാഷ്. എന്റെ കുട്ടികളോട് മാഷ് എന്ന് പറഞ്ഞുകൊടുക്കുന്നത് കേള്‍ക്കുമ്പോള്‍ അമ്മച്ഛന്‍ എന്ന് തിരുത്തുമായിരുന്നു മാഷ്...

മാഷ്‌ക്ക് സുഖമില്ല, ചികിത്സയ്ക്കായി എറണാകുളത്താണ് എന്ന് അമ്മ വിളിച്ചുപറഞ്ഞപ്പോള്‍ സാധാരണ കാര്യമായി മാത്രേ തോന്നിയുള്ളൂ. ക്യാന്‍സറാണെന്നറിഞ്ഞപ്പോഴും പേടി തോന്നിയില്ല. എന്നും രാവിലെ നടക്കാനിറങ്ങുന്ന, ഊര്‍ജസ്വതലതയോടെ ഓടി നടക്കുന്ന, ഞരമ്പിനു ചെറിയ തകരാറുപറ്റി നടക്കാനാവാതെ കട്ടിലില്‍ തന്നെ ഇരിപ്പായ എന്റെ ചാച്ചയോട് ഇതൊന്നും വിഷയമല്ല, നിങ്ങള്‍ ഇങ്ങനെ ഇരുന്നാലെങ്ങനെയാ എണീറ്റ് നടക്കണം എന്ന് പറഞ്ഞ മാഷ് തിരിച്ച് വരും എന്ന് ഉറച്ച് വിശ്വസിച്ചിരുന്നു.

പക്ഷെ ഒരു ദിവസം രാവിലെ വന്ന ഫോണ്‍കോളില്‍ മാഷ് പോയെടീ എന്ന അമ്മയുടെ ചിലമ്പിച്ച് ശബ്ദം വിശ്വസിക്കാന്‍ നന്നേ പ്രയാസപ്പെട്ടു. തല മുഴുവന്‍ ചൂടായത് പോലെ. അപ്പൊത്തന്നെ കണ്ണൂരില്‍ നിന്നും മഞ്ചേരിക്ക് പുറപ്പെട്ടു. മാഷേ കാണുമ്പോള്‍ തലയിലെ ആ ചൂട് ശരീരം മുഴുവന്‍ വ്യാപിച്ചു.

മാഷില്ലാതായതോടെ ആ പരിസരം മുഴുവന്‍ ഉറങ്ങി. ഒരു ദിവസം എത്രയോ തവണ മാഷ് പുറത്തേക്ക് പോവുകയും തിരികെ വരികയും ചെയ്യുമായിരുന്നു. പിന്നീട് ആ ഗേറ്റും വാതിലും വല്ലപ്പോഴും മാത്രമേ തുറന്നിരുന്നുള്ളൂ. അധികം താമസിയാതെ ചാച്ചയും അമ്മയും അനിയനും കുറച്ചപ്പുറത്തെ വീട്ടിലേക്ക് താമസം മാറി. വീട്ടില്‍ പോവുമ്പോഴൊക്കെ ഞാന്‍ മാഷ്ടെ വീട്ടിലും പോവും. പക്ഷെ എനിക്ക് വേണ്ടത് അവിടെ ഇല്ലാത്തത് പോലെ..

കരിക്കാട് സ്‌കൂളിലെ രാധ ടീച്ചറും ശോഭന ടീച്ചറും സുധ ടീച്ചറും അംബിക ടീച്ചറും ഭാരതി ടീച്ചറും ലീല ടീച്ചറും ശ്രീദേവി ടീച്ചറും ഇസ്മയില്‍ ടീച്ചറും എനിക്ക് ഒരുപാട് പ്രിയപ്പെട്ടവരാണ്.. എന്നാല്‍ അതിനേക്കാളൊക്കെ ഇഷ്ടവും അടുപ്പവുമായിരുന്നു എന്റെ ഈ മാഷിനെ.. എന്റെ ചാച്ചയെ പോലെ തന്നെ..

(കണ്ണൂര്‍ പൈസക്കരിയിലെ ദേവമാതാ കോളേജിലെ അധ്യാപികയാണ് ലേഖിക)

Content Highlights: I like my teacher as much as my chacha, Student's memoir