ലയോരപ്രദേശമായ നിലമ്പൂര്‍ പോത്തുകല്ലിലെ ഏക ഹയര്‍സെക്കണ്ടറി സ്‌കൂളാണ് കാത്തോലിക്കേറ്റ് അഥവാ സി.എച്ച്.എസ്.എസ്. നിര്‍ഭാഗ്യവശാല്‍ കവളപ്പാറ ഉരുള്‍പൊട്ടലില്‍ ആറ് കുട്ടികളെ നഷ്ടപ്പെട്ട സ്‌കൂളെന്ന് പറഞ്ഞാല്‍ ഇപ്പോള്‍ ഈ സ്‌കൂളിനെ എല്ലാവരും അറിയും.. 

എട്ടാം ക്ലാസുമുതല്‍ പ്ലസ് ടു വരെ ഞാന്‍ പഠിച്ചത് ഈ സ്‌കൂളിലാണ്. സ്‌കൂളിനെക്കുറിച്ച് ഓര്‍മവരുമ്പോള്‍ മനസില്‍ തെളിഞ്ഞുവരുന്ന മറ്റൊരു മുഖമുണ്ട്. ജോര്‍ജ്ജ്‌സാറിന്റെ, ഞാന്‍ പഠിച്ച കാലഘട്ടത്തില്‍ അവിടെ പ്രധാന അധ്യാപകനായിരുന്നു ജോര്‍ജ്ജ് സാര്‍. ഞാന്‍ മാത്രമല്ല അവിടെ പഠിച്ച ഒരു വിദ്യാര്‍ത്ഥിയും ജോര്‍ജ്ജ് സാറിനെ മറക്കാനിടയില്ല. 

തൂവെള്ള മുണ്ടും തൂവെള്ള ഷര്‍ട്ടും മാത്രം ധരിക്കുന്ന ഞങ്ങളുടെ എച്ച്എം. മുഖത്ത് സദാ ചിരി. സാറിന്റെ ഓഫീസ് പലപ്പോഴും ഒഴിഞ്ഞുകിടന്നു. സാറിനെ അന്വേഷിച്ച് ഓഫീസ് റൂമിലെത്തിയാല്‍ സന്ദര്‍ശകര്‍ പോസ്റ്റായിപ്പോകും. പ്രധാന അധ്യാപകനെന്നാല്‍ ഓഫീസ് മുറികളിലെ പ്രതിഷ്ഠയൊന്നുമല്ലെന്ന് ആദ്യമായി മനസിലാക്കിത്തന്നത് ജോര്‍ജ്ജ് സാറാണ്. അതുവരെ കണ്ടു പരിചയിച്ച പ്രധാനാധ്യാപകരെല്ലാം ഓഫീസ് മുറിയില്‍ മാത്രം കാണുന്നവരും അസംബ്ലിക്ക് മാത്രം പുറത്തിറങ്ങുന്നവരുമായിരുന്നു.

ആയിരമോ അതിൽ അധികമോ കുട്ടികള്‍ പഠിക്കുന്ന ഒരു വലിയ സ്‌കൂളിന്റെ ഓരോ ക്ലാസ് മുറികളിലൂടെയും വരാന്തകളിലൂടെയും ജോര്‍ജ്ജ് സാര്‍ എന്നും കയറി ഇറങ്ങി. ഒരു ജോഡി ചെരുപ്പ് സാറിന് ഒരു മാസത്തേക്ക് പോലും തികയില്ലെന്ന് അധ്യാപകർ പോലും അന്ന് തമാശയായി പറയാറുണ്ടായിരുന്നു. സ്‌കൂളിലൂടെ നടക്കുകയെന്ന് പറഞ്ഞാല്‍ വെറുതെ അങ്ങ് നടക്കുകയല്ല. കുട്ടികളോട് വിശേഷം ചോദിച്ചും തോളില്‍ കൈയിട്ട്  തമാശ പറഞ്ഞും ഒക്കെ ആയിരുന്നു സാറിന്റെ റോന്ത് ചുറ്റല്‍. 

മുഖമൊന്ന് വാടിയിരിക്കുന്നത് കണ്ടാല്‍ പോലും സാര്‍ അടുത്ത് വിളിച്ച് ചോദിക്കും.. അങ്ങനെ ഒരിക്കല്‍ ട്യൂഷന്‍ ക്ലാസിലെ പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞു. അതിന്റെ പേരില്‍ ട്യൂഷന്‍ ബുക്കും വലിച്ച് കീറി കയ്യിലുണ്ടായിരുന്ന വളകള്‍ ഒക്കെ പൊട്ടിച്ച് നാഗവല്ലി സ്റ്റൈലില്‍ ക്ലാസിലിരുന്നു കരയുകയായിരുന്ന എന്നെ സാറ് കണ്ടു. എന്നെ വരാന്തയിലേക്ക് കൂട്ടികൊണ്ടുപോയി ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിച്ചത്... കളിയാക്കി എന്റെ കരച്ചിലിനെ ചിരിയാക്കി മാറ്റിയത്...എത്ര വലിയ പരീക്ഷയില്‍ തോറ്റുപോയാലും ജീവിതത്തില്‍ തോറ്റുപോകരുതെന്ന് പറഞ്ഞത്. പരീക്ഷയെ വെറും പരീക്ഷയായി കാണാന്‍ ഉപദേശിച്ചത്...സാറ് പറഞ്ഞത് മുഴുവന്‍ ആ ഒന്‍പതാം ക്ലാസുകാരിയുടെ തലയില്‍ കയറിയോ എന്നൊന്നും അറിയില്ല... സാറന്ന് എന്നെ ആശ്വസിപ്പിച്ചപ്പോള്‍ അന്ന് അവിടെ പൂത്ത് നിന്ന ബോഗന്‍വില്ലകളെ പോലും ഞാനിന്നും ഓര്‍ക്കുന്നുണ്ട്... ആ ദിവസം എന്നെങ്കിലും മറന്നുപോയിരുന്നെങ്കില്‍ ജീവിതം ചിലപ്പോള്‍ തോല്‍വികളുടേത് മാത്രമായെനെ... 

സാറന്ന് ആശ്വസിപ്പിച്ച ശേഷം പിന്നീടൊരിക്കലും പരീക്ഷക്കാലത്ത് മാത്രം വരുന്ന പനി എന്നെ തേടി വന്നില്ല. പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാന്‍ വന്ന അമ്മ പിന്നീട്  ഒരിക്കലും കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോകുന്നത് കാണേണ്ടിയും വന്നില്ല. പിന്നീടുള്ള എല്ലാ പരീക്ഷയും എനിക്ക് ടേക് ഇറ്റ്  ഈസി ആയിരുന്നു. പരീക്ഷ എഴുതി കഴിഞ്ഞ് പിന്നീടൊരിക്കലും മാര്‍ക്കിനെക്കുറിച്ചോര്‍ത്ത് ഞാന്‍ വേവലാതിപ്പെട്ടിട്ടില്ല. പരീക്ഷാകാലങ്ങളെ ഞാന്‍ ആഘോഷമാക്കി..  ഒരു ആവറേജ്‌ വിദ്യാര്‍ത്ഥിനിയായി തന്നെ എട്ടാം ക്ലാസില്‍ കാണാന്‍ തുടങ്ങിയ സ്വപ്‌നം എത്തിപ്പിടിക്കുകയും ചെയ്തു. 

കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പിന്നീട് കാണുമ്പോഴൊക്കെ സാര്‍ എന്നിലെ നാഗവല്ലിയെ സ്മരിച്ചുകൊണ്ടിരുന്നു..  വീണ് മൂക്കിന് മുകളില്‍ ഒരു കല വന്നിരുന്നു.  റോന്ത് ചുറ്റലിനിടയില്‍ ഓരോ തവണ സാറിന്റെ മുന്നിലെത്തുമ്പോഴും മൂക്കിന് മുകളിലെ ആ പാട് മായ്ക്കാന്‍ രക്തചന്ദനവും കസ്തൂരിമഞ്ഞളും ബെസ്റ്റാണെന്ന് സാര്‍ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു.. അനുസരണക്കേടുള്ളത് കൊണ്ട് ആ കല മൂക്കില്‍ ഇപ്പോഴും ഉണ്ട്.  

എനിക്ക് മാത്രമല്ല സാര്‍ ഹെഡ്മാസ്റ്ററായിരുന്നപ്പോള്‍ ആ സ്‌കൂളില്‍ പഠിച്ച ഓരോ കുട്ടിക്കും ഇതുപോലെ പറയാന്‍ ഒരുപാട് ഓര്‍മകളുണ്ടാകും.. കാരണം ഓരോ കുട്ടിയുടെ പേരും സാറിന് കാണാപ്പാഠമായിരുന്നു. ഇന്നും അന്നും ഇങ്ങനെ ഒരു പ്രധാനാധ്യാപകനെ സങ്കല്‍പ്പിക്കാനാകുമോ...സംശയമാണ്.

അധ്യാപനം ഒരിക്കലും ഒരു തൊഴില്‍മേഖലയായി തിരഞ്ഞെടുക്കാതിരുന്നത് സാറിനെ പോലുള്ള അധ്യാപകരോടുള്ള ബഹുമാനം കൊണ്ട് കൂടിയാണ്.. ഇത് ടൈപ്പ് ചെയ്യുമ്പോള്‍ പോലും സാറിനോടുള്ള ഇഷ്ടവും ബഹുമാനവും ഒക്കെ കീബോര്‍ഡിന് വഴങ്ങാതെ മാറിനില്‍ക്കുന്നുണ്ട്.... 
 
സ്‌കൂള്‍വിട്ടശേഷം സാറിനെ പിന്നെ കണ്ടിട്ടില്ല... ഞാന്‍ കാണാന്‍ ശ്രമിച്ചിട്ടുമില്ല... പത്തനംതിട്ടയില്‍ വിശ്രമ ജീവിതം നയിക്കുകയാണെന്നാണ് ഒടുവില്‍ അറിയാന്‍ കഴിഞ്ഞത്... ഒരിക്കലും സാറിനെ വിളിക്കണമെന്നോ കാണമെന്നോ തോന്നിയിട്ടില്ല...പക്ഷേ അധ്യാപകര്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്കോടിയെത്തുന്ന മുഖങ്ങളില്‍ ഒന്ന് സാറിന്റേതാണ് ....അധ്യാപകര്‍ പോക്‌സോ കേസ് പ്രതികളാകുന്നത് അടക്കമുള്ള വാര്‍ത്തകള്‍ ദിവസേന മുന്നിലെത്താറുണ്ട്.. ഒന്നും എഴുതാനാകാതെ തരിച്ചിരിക്കുമ്പോഴും ജോര്‍ജ് സാറാണ് രക്ഷ. സാറിനെ പോലുള്ളവരും ഈ ലോകത്തുണ്ടല്ലോയെന്ന്... അങ്ങനെയൊരു കാലത്ത് പഠിക്കാന്‍ കഴിഞ്ഞല്ലോയെന്ന് ആശ്വസിക്കും...

എവിടെയാണെങ്കിലും സുഖമായിരിക്കട്ടെ.. ഒരുപാട് ശിഷ്യരുടെ പ്രാര്‍ത്ഥനകളില്‍ സാറെന്നും ഉണ്ടാകും 

Content Highlights: Teachers Day Special - Former Headmaster Catholicate Higher Secondary School Pothukal, Malappuram