ഭൂമിശാസ്ത്ര അധ്യാപകനായിരുന്ന സി.എ. ഫ്രാന്‍സിസ്, തന്റെ ശിഷ്യര്‍ക്ക് ഭൂപടത്തിന്റെയും ഗ്ലോബിന്റെയും സഹായത്തോടെ അമേരിക്കയെ പരിചയപ്പെടുത്തുമ്പോള്‍ അത് 'ലൈവാ'യി കാണുവാനുള്ള സൗകര്യം തന്റെ ശിഷ്യര്‍ ഒരുക്കുമെന്ന് അന്ന് ചിന്തിച്ചിട്ടുണ്ടാകില്ല, അതും തന്റെ അധ്യാപനജീവിതത്തിലെ റൂബി ജൂബിലി വേളയില്‍.

1980-കളില്‍ മണ്ണുത്തി ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളില്‍ പഠിച്ച വിദ്യാര്‍ഥികളാണ് അത്യപൂര്‍വ 'ഗുരുദക്ഷിണ' ഗുരുവിന് സമ്മാനിച്ചത്. കഴിഞ്ഞ മാസമായിരുന്നു മാഷിന്റെ അമേരിക്ക, കാനഡ പര്യടനം. കെന്നഡി സ്‌പേസ് സെന്റര്‍, വൈറ്റ് ഹൗസ്, ഐക്യരാഷ്ട്ര സംഘടന ആസ്ഥാനമന്ദിരം, വാള്‍സ്ട്രീറ്റ്, ഫ്രീഡം ടവര്‍, സ്റ്റാച്യു ഓഫ് ലിബര്‍ട്ടി, നയാഗ്ര, സി.എന്‍. ടവര്‍ തുടങ്ങിയവ അദ്ദേഹം നേരില്‍ക്കണ്ടു.

അമേരിക്കയിലും കാനഡയിലും വിവിധ കേന്ദ്രങ്ങളില്‍ ചെറുസംഘങ്ങളായാണ് മാഷിനെ വരവേറ്റത്. പ്രധാനസംഗമം നടന്നത് ന്യൂജേഴ്‌സിയിലാണ്. പൂര്‍വവിദ്യാര്‍ഥികളായ ഡിറ്റോ റാഫേല്‍, മാജു മാത്യു കൂള, ഷാജു ജെ., ബിജു മേനാച്ചേരി, ജോബി ജോര്‍ജ്, സംഗമേശ്വരന്‍ അയ്യര്‍ എന്നിവരാണ് വിവിധ കേന്ദ്രങ്ങളില്‍ യാത്രാപരിപാടിക്ക് നേതൃത്വം നല്‍കിയത്.

1980-ല്‍ ചെന്നൈയിലാണ് ഫ്രാന്‍സിസിന്റെ അധ്യാപന ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മുപ്പതുകൊല്ലം മണ്ണുത്തി ഡോണ്‍ ബോസ്‌കോ ഹൈസ്‌കൂളില്‍ അധ്യാപകനായും വൈസ് പ്രിന്‍സിപ്പലായും ജോലിനോക്കി.

2012 മുതല്‍ അഞ്ചുകൊല്ലം മുണ്ടൂര്‍ സല്‍സബീല്‍ സെന്‍ട്രല്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായിരുന്നു. 2017-ലാണ് വിരമിച്ചത്. തിരൂര്‍ സ്വദേശിയാണ്.

Content Highlights: Former students organises foreign trip with their teacher