തായന്നൂരിലെ ചിത്രകലാധ്യാപകൻ തോമസ്‌ സേവനം പൂർത്തിയാക്കി സ്കൂളിന്റെ പടിയിറങ്ങിയത്‌ വലിയൊരു സമ്പാദ്യവുമായിട്ടായിരുന്നു. താൻ പഠിപ്പിച്ച കുട്ടികളുടെയത്രയും രേഖാചിത്രങ്ങളായിരുന്നു ആയുസ്സുള്ള കാലത്തോളം സൂക്ഷിക്കാനായി കരുതിവെച്ച ആ സമ്പാദ്യം.  ഇടയ്ക്ക് താൻ പഠിപ്പിച്ച കുട്ടികളിൽ ആരെങ്കിലും അതുവഴി വന്നാൽ ഒരുവേള  അദ്ദേഹം രേഖാ ചിത്രങ്ങളിൽ പരതും. എങ്ങാനും കിട്ടിപ്പോയാൽ മാഷിനും സന്തോഷം പിന്നെ മാഷിനെ തേടിയെത്തിയ കുട്ടിക്കും സന്തോഷം. 

1980-കളിൽ എറണാകുളത്തുനിന്ന് ഇങ്ങ് കാസർകോട്ടെ തായന്നൂർ സ്കൂളിൽ ചിത്രകലാധ്യാപകനായി എത്തുമ്പോൾ തോമസിന്റെ മനസ്സിൽ നിറയെ ശൂന്യതയായിരുന്നു. സാമ്പത്തികമായി വളരെ പിന്നാക്കമായ പ്രദേശം. വികസനത്തിന്റെ വെളിച്ചം പേരിനുപോലും കടന്നുവന്നിട്ടില്ലായിരുന്നു. സ്കൂളിൽ അധ്യാപകർ വിരലിലെണ്ണാവുന്നവർമാത്രം. ഉച്ചഭക്ഷണസമയത്ത് ഏറിയ കുട്ടികളുടെയും പാത്രങ്ങളിൽ ഓന്നോ രണ്ടോ കപ്പപൂളും മുളകും മാത്രം. കുട്ടികൾ അത് കഴിക്കുന്നതുകണ്ട് കണ്ണ് നിറഞ്ഞിട്ടുണ്ട്... ഇപ്പോ എല്ലാം മാറീല്ലേ...സ്കൂളും സ്കൂളിലെ കുട്ടികളുമൊക്കെ -തോമസ് പറയുന്നു.

വരയിലൊതുങ്ങാത്ത സൗഹൃദം 

സർവീസിൽനിന്ന് വിരമിക്കുന്ന കാലത്ത് സ്കൂളിലുണ്ടായിരുന്ന എഴുന്നൂറിലധികം കുട്ടികളുടെ രേഖാചിത്രം വരയ്ക്കുക...എന്നിട്ട് ഓരോ ചിത്രത്തിനുമടിയിൽ ആ കുട്ടിയുടെ പേരും ഒപ്പും വാങ്ങുക...വെള്ളക്കടലാസുകളിൽ വരച്ചുകൂട്ടിയ ആ ചിത്രങ്ങളാണ് തോമസ് തായന്നൂർ സ്കൂളിൽനിന്ന്‌ യാത്രപറഞ്ഞിറങ്ങുമ്പോൾ കൈയിൽ കരുതിയത്. ഒരധ്യാപകന് താൻ പഠിപ്പിച്ച കുട്ടികളെ ഇത്രയൊക്കെ സ്നേഹിക്കാനാകുമോയെന്ന് ചിലപ്പോഴെങ്കിലും തോന്നിപ്പോകും. പ​േക്ഷ കിട്ടുന്ന ഇടവേളയിൽ തായന്നൂരുള്ള തോമസിന്റെ വീട്ടിലേക്ക് കയറിയാൽ മതി...65 പിന്നിട്ടെങ്കിലും പ്രായത്തിന്റെ അവശതകൾ അശേഷം മങ്ങലേൽപ്പിക്കാത്ത നിഷ്കളങ്കമായ ചിരിയോടെ ഇന്നും മാഷ് കർമനിരതനായിരിക്കുന്നത് കാണാം.  

1980 മുതൽ തായന്നൂർ സ്കൂളിൽനിന്ന്‌ പഠിച്ചിറങ്ങിയ കുട്ടികളുടെ മനസ്സിലെല്ലാം തോമസ്‌ ഇന്നും വരയാൻ പഠിപ്പിച്ച അധ്യാപകനായി തെളിഞ്ഞു നിൽക്കുന്നുണ്ടാകും. എത്ര വഴക്കുപറഞ്ഞാലും അധ്യാപകർ വിദ്യാർഥികളുടെ പ്രിയപ്പെട്ടവരാകുമ്പോൾ അവർക്കത് പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്. ഇന്ന് അധ്യാപകദിനമായി ആചരിക്കുമ്പോൾ അറിവുപകരുന്ന അധ്യാപകരെ ആശംസകൾകൊണ്ട് മൂടുന്ന തിരക്കിലാണ് കലാലയങ്ങൾ...എന്നാൽ തായന്നൂരിലെ ചിത്രകലാധ്യാപകനായ തോമസാവട്ടെ നേരെ തിരിച്ചാണ്....താൻ പഠിപ്പിച്ച കുട്ടികളുടെയത്രയും ഓർമകൾ പരതിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം....കൈയിൽ സൂക്ഷിച്ചിരിക്കുന്ന തന്റെ കുട്ടികളുടെ രേഖാചിത്രങ്ങളിലൂടെ...  മാഷ് വരച്ച് സൂക്ഷിക്കുന്ന ഈ രേഖാചിത്രങ്ങളിലുള്ള കുട്ടികൾ മാഷേ എന്റെ ചിത്രം ഇപ്പോഴുമുണ്ടോ കൈയിൽ എന്ന് ചോദിച്ചുവരാറുണ്ടോയെന്ന് ചോദിച്ചാൽ മറുപടിയായി ഒരു പൊട്ടിച്ചിരിയാണ്.... എവിടെ... അന്നത്തെ പൊടിക്കുട്ടികളെല്ലാം ഇപ്പോ വല്യ കുട്ടികളായില്ലേ... കുട്ടിപ്പാവാടയും കുപ്പായവുമൊക്കെ ഇട്ടു നടന്നവർ ഇന്ന് സാരിയൊക്കെ ഉടുത്ത് ഇതുവഴി പോകുന്ന കാണുമ്പോ എങ്ങാനും സംശയം തോന്നി ഞാൻ ഇൗ ചിത്രങ്ങളൊക്കെ എടുത്തു നോക്കും. ആ പോയ ആള് ഇതിലുണ്ടോന്ന്...അത്രതന്നെ..'' വാക്കുകൾ പകുതിയും ആ ചിരിയിൽ കുരുങ്ങി പുറത്തേക്കുവരാൻ വിസമ്മതിക്കുകയായിരുന്നു. 

പടിയിറക്കം വിദ്യാലയമുറ്റത്ത് ഗാന്ധിശില്പം തീർത്ത്

പഠിപ്പിച്ച സ്കൂളിൽനിന്ന് പടിയിറങ്ങുമ്പോൾ മനസ്സിൽ വലിയൊരാഗ്രഹമുണ്ടായിരുന്നു... സ്കൂളിന്റെ വിശാലമായ അങ്കണത്തിൽ മൂന്നരയടി ഉയരവും രണ്ടടിയോളം വീതിയുമുള്ള ഗാന്ധിപ്രതിമ. സ്തൂപത്തിന്റെ വശങ്ങളിൽ രാഷ്ട്രീയ, സാമൂഹിക, ശാസ്ത്ര മേഖലകളിലെ 14 മഹത് വ്യക്തിത്വങ്ങൾ. പ​േക്ഷ കാണുന്ന സ്വപ്നങ്ങളൊക്കെ പൂർത്തിയായാൽ പിന്നെ കാണാൻ സ്വപ്നങ്ങൾ ബാക്കിയുണ്ടാവാത്തത്‌ കൊണ്ടാവും ഗാന്ധിപ്രതിമ മാത്രം മതിയെന്ന് എല്ലാരും തിരുമാനിച്ചത്... മാഷ് പറയുന്നു. ആഗ്രഹം പൂർത്തിയായില്ലേലും സ്തൂപത്തിലേക്ക് നിർമിച്ച ഐൻസ്റ്റീനും വിവേകാനന്ദനും നെഹ്രുവും രാജീവ് ഗാന്ധിയും ശ്രീനാരായണഗുരുവുമൊക്കെ ഇപ്പോഴും മാഷിന്റെ വീടിന്റെ അകത്തളങ്ങളിലുണ്ട്. 

മാഷ് ഇപ്പോഴും തിരക്കിലാണ് 

തോമസ് മാഷ് സർവീസിൽനിന്ന് വിരമിച്ചിട്ട് 14 വർഷം കഴിഞ്ഞു. എന്നാലും മാഷ് ഇപ്പോഴും തിരക്കിലാണ്. വീട്ടിലെ അകത്തളങ്ങളിൽ ജീവിച്ചിരിക്കുന്നവരും അല്ലാത്തവരുമായ പലരുടെയും എണ്ണച്ചായാചിത്രങ്ങളാണ്. പലരുടെയും ആവശ്യപ്രകാരം വരച്ചതാണൊക്കെയും.

വരച്ച ചിത്രങ്ങൾ വിട്ടുകൊടുക്കാൻ ചെറിയൊരു വിഷമമുണ്ടാകുന്നതിനാൽ പലപ്പോഴും വരച്ചുതീർത്ത വിവരം ഉടമസ്ഥരോട് പറയാറില്ല. പിന്നെ ഉടമസ്ഥർ പതിയെ ചിത്രത്തിന്റെ കാര്യമങ്ങ് മറന്നുതുടങ്ങും. അതുകൊണ്ടുതന്നെ മാഷിന്റെ വീട്ടിൽ മലയോരത്തെ ആദ്യകാല പ്രശസ്തരുടെയടക്കം പൂർണകായ ചിത്രങ്ങൾ ഇന്നും തൂങ്ങിനിൽക്കുന്നുണ്ട്. വീടിന്റെ ടെറസ്സിലും മുറ്റത്തുമായി അനേകം ശില്പങ്ങൾ ​​േവറെയും. മുറ്റത്ത് ഉണ്ണി​െയ മാറോടണച്ച് ശരീരമില്ലാതെ വസ്ത്രങ്ങൾമാത്രം ധരിച്ചുള്ള മാതാവിന്റെ രൂപം. സ്നേഹത്തിനും കരുതലിനും മുന്നിൽ ശരീരം ഒന്നുമല്ലെന്ന മാഷിന്റെ തോന്നലാകാം ഈ ശില്പം. 1971-ൽ വരച്ച അത്ഭുത ദിവ്യശിശു എന്ന ചിത്രമാണ് ആദ്യ എണ്ണച്ചായ ചിത്രം.  

കുരുമുളക് കോച്ചലുകളിൽ വിരിഞ്ഞ ശില്പം

കാർഷികവിളകളുടെ വിലയിടിവിനെതിരെയുള്ള പ്രതിഷേധം മാഷ് പ്രകടിപിച്ചത് ശ്രദ്ധേയമായിരുന്നു. കുരുമുളക് കോച്ചലുകളിൽ പ്രതിഷേധത്തിന്റെ പ്രതിരൂപമായി ഒരു കർഷകന്റെ അർധകായ പ്രതിമ നിർമിച്ചു. 2006-ൽ തീർത്ത പ്രതിമ വീടിന്റെ ഉമ്മറത്ത് ഇന്നും കാണാം. 2017-ൽ ലളിതകലാ അക്കാദമിയുടെ ആർട്ട് എക്സിബിഷനിലും മാഷിന്റെ ഈ കൗതുകശില്പം ശ്രദ്ധനേടിയിരുന്നു. 

അംഗീകാരങ്ങൾ 

കൊച്ചിൻ സ്കൂൾ ഓഫ് ആർട്‌സിലായിരുന്നു പഠനം. എറണാകുളം ആലങ്ങാട് സ്വദേശിയായ എം.വി.തോമസ് എന്ന തോമസ് മാഷിനെത്തേടി ഇപ്പോഴും വിവിധ ഭാഗങ്ങളിൽനിന്ന് ചിത്രകലാ വിദ്യാർഥികളും അധ്യാപകരും വീട്ടിലെത്തും. ശില്പങ്ങളെ ക്കുറിച്ചും ചിത്രങ്ങളെക്കുറിച്ചും പഠിക്കാൻ. എണ്ണച്ചായചിത്രങ്ങളിൽ മലയോരത്തിന്റെ രവിവർമയാണ് മാഷ്.  ജീവിതത്തിൽ കിട്ടിയ വലിയ അംഗീകാരമേതാണെന്ന് ചോദിച്ചാൽ മനസ്സ​ുനിറഞ്ഞ് മാഷ് പറയും - എന്റെ അപ്പൻ വർഗീസിന്റെയും അമ്മ അന്നത്തിന്റെയും ഒരുചിത്രം പണ്ട് ഞാൻ വരച്ചിരുന്നു. കിടപ്പിലായ അമ്മ ആ ചിത്രം കൈയിൽ പിടിച്ച് അതിലെ അമ്മയുടെ മേക്കാമോതിരം(കമ്മൽ) ഊരിയെടുക്കാൻ നോക്കുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു.  ചിത്രത്തിന് ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം..'' -മാഷ് പറയുന്നു. 

അഹമ്മദാബാദിലെ കാലാസാരഥി ആർട്ട് ഫൗണ്ടേഷൻേതുൾപ്പെടെ നിരവധി അംഗീകാരങ്ങൾ മാഷിനെ തേടിയെത്തിയിട്ടുണ്ട്.   മുൻ അധ്യാപിക വത്സമ്മയാണ്‌ ഭാര്യ. ഡോൺ തോമസ് (സെമിനാരി വിദ്യാർഥി), ഹണി തോമസ് (അധ്യാപിക, സെയ്ന്റ് തോമസ് കോളേജ്, കാഞ്ഞിരപ്പള്ളി) എന്നിവർ മക്കളാണ്‌. 

Content Highlights: Drawing teacher Thomas keeps sketch of all his students