ന്ന് കേരളത്തിലെ ഏറ്റവും മുതിര്‍ന്ന അധ്യാപിക ലീലാവതി ടീച്ചര്‍ തന്നെയായിരിക്കും. 1949-ല്‍ തുടങ്ങിയ അധ്യാപന ജീവിതം 70-ാം വര്‍ഷത്തിലും അതേ ലയത്തോടെ തുടരുകയാണ് മലയാളത്തിന്റെ വലിയ ഗുരുനാഥയായ ഡോ. എം. ലീലാവതി...

ഗുരുനാഥന്‍മാരുടെ പ്രോത്സാഹനവും ഈശ്വരാനുഗ്രഹവുമാണ് എഴുത്തിന്റെ വഴിയില്‍ താങ്ങായി നിന്നിരുന്നതെന്ന് മലയാളത്തിന്റെ എഴുത്തമ്മ ഡോ. എം. ലീലാവതി. തന്റെ ജീവിതവും എഴുത്തും രൂപപ്പെടുത്തിയത് ഗുരുവാണ്... മഹാകവിയും അധ്യാപകനുമായ ജി. ശങ്കരക്കുറുപ്പ്. മഹാകവി മാത്രമല്ല, മഹാനായ അധ്യാപകന്‍ കൂടിയാണ് ശങ്കരക്കുറുപ്പ് മാസ്റ്റര്‍. മഹാനായ കവി ഗുരുനാഥനായതുകൊണ്ടു മാത്രമല്ല താനടക്കമുള്ള ശിഷ്യസമൂഹം അദ്ദേഹത്തെ ആദരിച്ചിരുന്നത്. കവിത്വമുള്ള കവിയായിരുന്നതിനാലാണ് അദ്ദേഹത്തിന് ഇത്ര വലിയ ആരാധക സമൂഹം ഉണ്ടായിരുന്നതെന്ന് ലീലാവതി ടീച്ചര്‍ പറയുന്നു.

കുട്ടികൃഷ്ണ മാരാര്‍ ജി. ശങ്കരക്കുറപ്പിന്റെ 'നിമിഷം' എന്ന കവിതയെപ്പറ്റി നടത്തിയ പരാമര്‍ശത്തെ ചോദ്യംചെയ്താണ് സാഹിത്യ ലോകത്തേക്കുള്ള ലീലാവതിയുടെ ചുവടുവെപ്പ്.

1951-ല്‍ 'നിമിഷം' എന്ന കവിതയെക്കുറിച്ച് 'മാതൃഭൂമി' ആഴ്ചപ്പതിപ്പില്‍ എഴുതിയ ലേഖനം വായിച്ചവര്‍ ഇങ്ങനെ ഒരു സ്ത്രീ എഴുതില്ലെന്നും അത് 'ജി' തന്നെ എഴുതി, ഒരു സ്ത്രീനാമത്തില്‍ പ്രസിദ്ധീകരിച്ചതാണെന്നും ആരോപണമുണ്ടായത് ലീലാവതി ടീച്ചര്‍ നേര്‍ത്തൊരു ചിരിയോടെ ഓര്‍ത്തെടുക്കുന്നു. 'നിമിഷം' എന്ന കവിതയിലെ ശാസ്ത്രീയ ആശയങ്ങളെ മനസ്സിലാക്കാതെ വിമര്‍ശിച്ചതിനെതിരേയാണ് അന്ന് കുറിപ്പെഴുതിയത്.

'ജി' യുടെ ക്‌ളാസില്‍ഇരുന്നത് ഭാഗ്യം

1946-ല്‍ പ്രശസ്ത മലയാള സാഹിത്യകാരന്‍ കൂടിയായിരുന്ന ഇംഗ്‌ളീഷ് പ്രൊഫസര്‍ പി. ശങ്കരന്‍ നമ്പ്യാരായിരുന്നു മഹാരാജാസ് കോളേജില്‍ പ്രിന്‍സിപ്പല്‍. ഇന്റര്‍ മീഡിയറ്റ് സയന്‍സ് ഗ്രൂപ്പിന്റെ ക്‌ളാസില്‍ ഇംഗ്‌ളീഷ് അധ്യാപകന്‍ അവധിയായിരുന്ന സമയത്ത് പ്രിന്‍സിപ്പല്‍ കയറിച്ചെന്നു. ഷേക്സ്പിയറുടെ 'കിങ് റിച്ചാര്‍ഡ് രണ്ടാമന്‍' എന്ന നാടകത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങി: ... ... 'i give this heavy weight from off my head and this unwieldy sceptre from my hand...'

എന്ന വരികള്‍ ചൊല്ലിയിട്ട് 'സമാനമായ മലയാള കവിതാഭാഗം പറയാമോ...?' എന്ന് ചോദിച്ചു. അപ്പോള്‍ ഒരു പെണ്‍കുട്ടി എഴുന്നേറ്റു നിന്നിട്ട്് വള്ളത്തോളിന്റെ 'പുരാണങ്ങള്‍' എന്ന കവിതയിലെ 'ചെങ്കോലു ദൂരത്തിട്ടു യോഗദണ്ഡെടുക്കുന്നു

പൊന്‍ കിരീടത്തെജ്ജടാചൂഡമായ് മാറ്റീടുന്നു...

എന്ന വരികള്‍ ചൊല്ലി. അതുകേട്ട്് ഇന്റര്‍മീഡിയറ്റ് കഴിഞ്ഞ് ബി.എ. മലയാളത്തിനുതന്നെ ചേരണമെന്ന്് കവിത ചൊല്ലിയ എം. ലീലാവതി എന്ന ആ പെണ്‍കുട്ടിയോട് അദ്ദേഹം പറഞ്ഞു. ഇന്റര്‍മീഡിയറ്റിന് റാങ്ക് നേടിയ ലീലാവതിക്ക്, സാഹിത്യം ഇഷ്ടമായിരുന്നെങ്കിലും ശാസ്ത്രം പഠിക്കണമെന്ന മോഹം കലശലായതിനാല്‍ ബി. എസ്സി. കെമിസ്ട്രിക്ക്് ചേര്‍ന്നു. ഇതറിഞ്ഞ ശങ്കരന്‍ നമ്പ്യാര്‍ 'എന്താണ് മലയാളത്തില്‍ ചേരാതിരുന്നത്' എന്ന് തിരക്കി. സാഹിത്യം ഇഷ്ടമായിരുന്നെങ്കിലും ശാസ്ത്രം പഠിക്കണമെന്നുണ്ട് എന്നായിരുന്നു ലീലാവതിയുെട മറുപടി. എന്നാല്‍, തിരിച്ച്് അദ്ദേഹം ചോദിച്ച വാക്കുകളാണ് ജീവിതത്തിന്റെ ഗതി മാറ്റിയത്. 'മഹാകവി ജി യുടെ ക്‌ളാസിലിരിക്കുന്നതിലും വലിയ ഭാഗ്യമെന്താണ്, ഏത് ശാസ്ത്രം പഠിച്ചാലും കിട്ടുന്നതിലും വലിയ ഭാഗ്യമാണത്' എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അത് ശരിവെയ്ക്കുന്നതായിരുന്നു ശങ്കരക്കുറുപ്പ് മാസ്റ്ററുടെ ആദ്യം മുതലുള്ള ക്‌ളാസുകള്‍ തന്ന അനുഭവങ്ങള്‍. ശാസ്ത്രം പഠിക്കാന്‍ കഴിയാതിരുന്നതിലുള്ള സങ്കടം അതോടെ തീര്‍ന്നു.

സാഹിത്യ നിരൂപക, എഴുത്തുകാരി, പ്രഭാഷക, അധ്യാപിക എന്നീ നിലകളില്‍ പ്രശസ്തയായ ലീലാവതി ടീച്ചര്‍, തൊണ്ണൂറാം വയസ്സിലും അധ്യാപനം തുടരുന്നുണ്ട്. കേരള മീഡിയ അക്കാദമി (പ്രസ് അക്കാദമി) യിലെ കുട്ടികള്‍ക്കാണ് ടീച്ചര്‍ അറിവ് പകരുന്നത്.

Content Highlights: Dr M Leelavathy Remembers her Teachers