1960കളില്‍ ആലപ്പുഴ സനാതന ധര്‍മ്മ കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായിരുന്നു ഇംഗ്ലീഷ് ഭാഷയില്‍ നല്ല പാണ്ഡിത്യവും വിദ്യാര്‍ത്ഥികളോടു സ്നേഹവും വാത്സല്യവുമുള്ള പ്രൊഫസര്‍ ലക്ഷ്മീ നരസിംഹാള്‍. മലയാള ഭാഷയില്‍ നല്ല പരിജ്ഞാനം തമിഴ് വംശജനായ അദ്ദേഹത്തിനുണ്ടായിരുന്നില്ലെങ്കില്‍ക്കൂടി ഒന്നാംതരം ഇംഗ്ലീഷും, തമിഴും, കുറച്ചു  മലയാളവും കലര്‍ന്നുള്ള അദ്ദേഹത്തിന്റെ ഉപദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് എല്ലായ്‌പ്പോഴും പ്രയോജനപ്രദമായിരുന്നു. 

ഞങ്ങള്‍ അന്ന് ബി.എസ്‌സി. സുവോളജി ക്ലാസിലായിരുന്നു. ഇംഗ്ലീഷ്, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷവിഷയങ്ങളുടെ ക്ലാസുകള്‍ അതാത് വിഷയങ്ങള്‍ തെരഞ്ഞെടുത്ത ബി.എസ്‌സി.-ബി.എ. ക്ലാസുകള്‍ക്ക്  ഒന്നിച്ചായിരുന്നു. അപ്രകാരമുള്ള ക്ലാസുകളില്‍ എഴുപതോ അതിലധികമോ വിദ്യാര്‍ഥികള്‍ ഉണ്ടായിരിക്കും. സാധാരണഗതിയില്‍ ഭാഷാപഠനം പ്രധാന വിഷയമല്ലാത്ത വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ വ്യക്തമായി അറിയണമെന്നില്ലല്ലോ. പ്രത്യേകിച്ചു കൂടുതല്‍ വിദ്യാര്‍ഥികളുള്ള കോളേജുക്ലാസുകളില്‍.

ഒരു ദിവസം മിഡ്ടേം പരീക്ഷയും, അവധിയും കഴിഞ്ഞുള്ള ആദ്യ ദിവസത്തെ ക്ലാസില്‍ എത്തിയതായിരുന്നു പ്രൊഫസര്‍. അദ്ദേഹത്തിന്റെ പക്കല്‍ കഴിഞ്ഞ ടേം പരീക്ഷയുടെ മാര്‍ക്ക് ഷീറ്റും ഉണ്ടായിരുന്നു. പതിവില്‍നിന്നു വ്യത്യസ്തമായി അദ്ദേഹത്തിന്റെ മുഖം മ്ലാനമായിരുന്നു. ക്ലാസ് തുടങ്ങിയപ്പോള്‍ തന്റെ കൈവശമുണ്ടായിരുന്ന മാര്‍ക്ക്ഷീറ്റ് നോക്കി അദ്ദേഹം തെല്ലൊരു ദുഃഖത്തോടെ ആരംഭിച്ചു.

''എനിക്ക് ഈ ക്ലാസിനെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാണുണ്ടായിരിക്കുന്നത്. ഈ ക്ലാസിലെ എണ്‍പതു ശതമാനം പേരും ഇംഗ്ലീഷ് പരീക്ഷയ്ക്ക് തുലോം ദയനീയമായ മാര്‍ക്കാണ്  വാങ്ങിയിരിക്കുന്നത്. അതായത് നൂറില്‍ ഇരുപതിനും, മുപ്പതിനുമിടയിലാണ് മാര്‍ക്ക്. കുറച്ചുപേര്‍ മുപ്പതിനും നാല്പതിനുമിടയില്‍ കടന്നു കൂടിയിട്ടുണ്ട്.'' അദ്ദേഹം പറഞ്ഞുനിര്‍ത്തി.

അന്ന് ഞങ്ങളോടൊപ്പം പഠിച്ചിരുന്ന സുഹൃത്തായിരുന്നു  2017  ഡിസംബര്‍ 14-ന്  നിര്യാതനായ പ്രൊഫ. പി.ജെ. ജോസ് കാട്ടൂര്‍. പഠിച്ച ക്ലാസുകളിലൊക്കെ, ഇംഗ്ലീഷും മലയാളവുമുള്‍പ്പെടെ എല്ലാ വിഷയങ്ങളിലും പ്രശസ്ത വിജയം നേടുകയും, പിന്നീട് ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ അധ്യാപകനായി ചേര്‍ന്ന് പ്രിന്‍സിപ്പാളായി വിരമിക്കുകയും ചെയ്തതാണദ്ദേഹം.

ജോസ് സാധാരണ പഠിപ്പില്‍ മികച്ച വിദ്യാര്‍ഥികളെപ്പോലെ ഏകമുഖനായിരുന്നില്ല. ഒട്ടൊക്കെ കുസൃതിയും ചെറിയ തോതില്‍ അലമ്പനുമായിരുന്നു. പ്രൊസര്‍ ക്ലാസിന്റെ മോശം പ്രകടനത്തെക്കുറിച്ചു പറയുന്നതൊന്നും ശ്രദ്ധിക്കാതെ, ജോസ് തന്റെ ടവല്‍ രണ്ടു കൈകൊണ്ടുപിടിച്ച് ഒരു വിശറിപോലെ കറക്കി കാറ്റുകൊണ്ടു നിര്‍വൃതിയടയുകയായിരുന്നു. ഈ പ്രകടനം ആസ്വദിച്ചു ഞങ്ങളും അടുത്തുണ്ടായിരുന്നു. ഞങ്ങളുടെ മോശം പരീക്ഷാഫലത്തില്‍ അസംതൃപ്തനും, നിരാശനുമായിരുന്ന പ്രൊഫസര്‍ ഇതു ശ്രദ്ധിക്കുകയും തന്റെ ഗൗരവമേറിയ വാക്കുകളെ അവഗണിച്ചിരിക്കുന്ന ജോസിനോട് ക്ലാസില്‍ നിന്നിറങ്ങിപ്പോകുവാന്‍ ആജ്ഞാപിക്കുകയും ചെയ്തു. ഒരക്ഷരം മറുപടി പറയാതെ ജോസ് ക്ലാസ്മുറി വിട്ട് വരാന്തയിലേക്കു പോയി  (എന്തൊക്കെയായാലും ക്ലാസില്‍ നിന്നിറക്കിവിടല്‍, ജോസിന് അപരിചിതവും ഖേദകരവുമായിരുന്നു എന്നത് സത്യം). പ്രൊഫസര്‍ മാര്‍ക്കിനെക്കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുടരുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

''ഒരേയൊരു വിദ്യാര്‍ഥി മാത്രമാണ് ഈ ക്ലാസില്‍ അറുപത് ശതമാനം മാര്‍ക്ക് നേടിയിരിക്കുന്നത്. (അന്ന് അറുപത് ശതമാനം ഉയര്‍ന്ന മാര്‍ക്കാണ്). അയാളെ ഞാന്‍ അഭിനന്ദിക്കട്ടെ. ഒരു പി.ജെ. ജോസ്. ആരാണയാള്‍? പ്രൊഫസറിന്റെ മിഴികള്‍ ക്ലാസിലാകെ പരതി. ഞങ്ങള്‍ അമ്പരന്നു.

മുന്‍ബെഞ്ചിലിരുന്ന ഒന്നുരണ്ടുപേര്‍ പറഞ്ഞു. ''സര്‍ ഇപ്പോള്‍ വെളിയിലേക്ക് ഇറക്കി വിട്ടയാളാണ് ജോസ് '' ഇതു കേട്ടതും, സ്തബ്ധനായിപ്പോയി ഞങ്ങളുടെ പ്രഫസര്‍. ഇതികര്‍ത്തവ്യതാമൂഢനായത് പോലെ അദ്ദേഹം വരാന്തയിലേക്കു നോക്കി. കുറച്ചു ദൂരെ വരാന്തയില്‍ ജോസ് നില്‍ക്കുന്നത്  അദ്ദേഹം കണ്ടിരിക്കാം. പ്രഫസര്‍ ക്ലാസില്‍ നിന്നു തിടുക്കത്തിലിറങ്ങി നടക്കുകയായിരുന്നു. നിമിഷങ്ങള്‍ കഴിഞ്ഞു ജോസിനെ തോളിലൂടെ കയ്യിട്ട് അണച്ചുപിടിച്ചു ക്ലാസിലേക്കു വരുന്ന കാഴ്ചയാണ് ഞങ്ങള്‍ കണ്ടത്. പ്രൊഫസര്‍, ജോസിനെ അഭിനന്ദിച്ചു. തന്റെ ദേഷ്യത്തില്‍, പെട്ടെന്ന് പറഞ്ഞു പോയതാണെന്നു പറയുന്നുമുണ്ടായിരുന്നു  (യഥാര്‍ത്ഥത്തില്‍ ജോസിന്റെ സ്വഭാവരീതിയില്‍ ഇങ്ങനെയുള്ള കാര്യങ്ങളില്‍ സംഭ്രമിക്കയോ, നിരാശനാവുകയോ ചെയ്യുന്ന പതിവില്ല). എങ്കിലും അന്ന് വിഷമുള്ളത്പോലെ തോന്നി. ഇന്ന് അവര്‍ രണ്ടുപേരുമില്ല.

(മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: College Memory of Class Topper