കാടിന്റെ മക്കളുടെ ജീവിത പാഠശാലകളാണ് ബദല്‍ സ്‌കൂളുകള്‍ അഥവാ എം.ജി.എല്‍.സി. (മള്‍ട്ടി ഗ്രേഡ് ലേണിങ് സെന്റര്‍). അവിടെ അക്ഷരത്തിനൊപ്പം സര്‍ഗാത്മക ശേഷിയും വളര്‍ത്തുകയാണ് അജിതവല്ലിയെന്ന അധ്യാപിക; കുട്ടമ്പുഴ പഞ്ചായത്തിലെ ആനന്ദംകുടി ഊരിന്റെ സ്വന്തം അധ്യാപിക. 17 വര്‍ഷം മുമ്പ് ആരംഭിച്ച വിദ്യാലയമാണ്. സ്‌കൂളിന് സ്ഥലം വിട്ടുനല്‍കാന്‍ ആരും തയ്യാറാവാതെ വന്നപ്പോള്‍ സ്വന്തമായി വിദ്യാലയം തന്നെ പണിതു നല്‍കി മാതൃകയായി മാറിയ അധ്യാപിക. ഇന്ന് നാടിന്റെ സ്പന്ദനമാണ്. മറ്റേതൊരു സ്‌കൂളിനോടും കിടപിടിക്കത്തക്ക വിധം അക്കാദമിക മികവും കൈവരിച്ച് മുന്നേറ്റത്തിന്റെ പാതയിലാണ്.

ഈറ്റഷെഡ്ഡില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂള്‍, കെട്ടിടത്തിന്റെ അഭാവത്തില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മുക്ക് ഭാഗത്തേക്ക് മാറ്റി പിന്നീട് സ്ഥാപിക്കുകയായിരുന്നു. സെന്റിന് 9,000 രൂപ വീതം ആറേകാല്‍ സെന്റ് സ്ഥലം വാങ്ങി ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് സിമന്റ് കട്ടയും തകിട് ഷീറ്റും ഉപയോഗിച്ച് സ്‌കൂളിന് താത്കാലിക കെട്ടിടം പണിതത്. മാസത്തില്‍ ഓണറേറിയമായി കിട്ടുന്ന തുകയും കടം വാങ്ങിയതുമെല്ലാം സ്വരുക്കൂട്ടിയാണ് ഇതെല്ലാം ഉണ്ടാക്കിയതെന്ന് ടീച്ചര്‍ പറഞ്ഞു. കെട്ടിടവും അത്യാവശ്യം സൗകര്യവുമായതോടെ കുട്ടികളുമെത്തിത്തുടങ്ങി. എല്‍.കെ.ജി. മുതല്‍ 1, 2, 3, 4 ക്ലാസുകളിലായി 14 കുട്ടികള്‍ ഇവിടെ പഠിക്കുന്നു. പൊതു വിദ്യാലയത്തിലെ പാഠ്യപദ്ധതി തന്നെയാണ് ബദല്‍ സ്‌കൂളിലും.

അടിസ്ഥാന ഭാഷാ ശേഷിക്കൊപ്പം ഗണിതശാസ്ത്രത്തിലും ഇവിടത്തെ കുട്ടികള്‍ മികവ് പുലര്‍ത്തുന്നു. പ്രകൃതിയോട് സംവദിച്ചുള്ള പഠനത്തിനൊപ്പം കലാപരമായ കഴിവുകളുടെ പരിപോഷണവും. ചെണ്ടയും നൃത്തവും പാട്ടും ചിത്രരചനയുമെല്ലാം ഇവിടത്തെ കുട്ടികള്‍ക്ക് സ്വായത്തമാണ്. എല്ലാം അജിതവല്ലി ടീച്ചറിന്റെ പഠനക്കളരിയിലൂടെ. നാടിന്റെ ഏതൊരു ആഘോഷത്തിലും വിശിഷ്ടാതിഥികളുടെ സ്വീകരണത്തിനും ആതിഥ്യമരുളാന്‍ ആനന്ദംകുടിയിലെ ഈ ടീച്ചറും കുരുന്നുകളും ചെണ്ടയില്‍ താളമിട്ട് മുന്‍പന്തിയില്‍ ഉണ്ടാകും.

കാറ്റും മഴയും വന്നാല്‍ പഠനം ബുദ്ധിമുട്ടാകും. ഷീറ്റ് മേഞ്ഞ പഴയ സ്‌കൂള്‍കെട്ടിടത്തില്‍ ചോര്‍ച്ചയും മറ്റ് പോരായ്മകളുമുണ്ട്. ഇത് മനസ്സിലാക്കിയ കോതമംഗലത്തെ അധ്യാപകരുടെ കൂട്ടായ്മ നവീകരണത്തിന് സഹായിക്കാമെന്ന് ഉറപ്പു നല്‍കിയതാണ് ടീച്ചര്‍ക്ക് ആശ്വാസം നല്‍കുന്നത്.

Content Highlights: Alternate school teacher Anandavalli, Teachers' Day Special Story