ചെറുപുഴ പാഴൂർ വീട്ടുപടിക്കൽ പോയി മാഷേ എന്നുവിളിച്ചാൽ ഒരേസമയം പുറത്തേക്കുവരുന്നത് അഞ്ച് മാഷുമാരായിരിക്കും. എന്നാലിനി ടീച്ചറെ എന്നു വിളിച്ചാലോ അപ്പോഴുമെത്തും അഞ്ചുപേർ. എങ്ങോട്ട് തിരിഞ്ഞാലും അധ്യാപകരെ തട്ടി നടക്കാൻ വയ്യ എന്നുപറയാം. വീട്ടിലെ പത്തുപേരും അധ്യാപകർതന്നെ.  കോഴിച്ചാലിലെ പി.ജെ.മാത്യു മാഷിന്റെ വീട് അധ്യാപകരെക്കൊണ്ട്‌ നിറഞ്ഞിരിക്കുന്നു. നാലുമക്കളും അവരുടെ സഹധർമിണികളും അധ്യാപകവൃത്തിയിലെത്തിയപ്പോൾ പാഴൂർ വീട്ടിൽ അധ്യാപകരുടെ എണ്ണം പത്തായി. 

മലകയറിയത്‌ 21-ാം വയസ്സിൽ

1957-ൽ കോഴിച്ചാലിൽ അനുവദിച്ച എൽ.പി.സ്കൂൾ തുടങ്ങാനാണ് കോട്ടയം മണിമലയിൽ നിന്ന്‌ എസ്.എസ്.എൽ.സി.യും ടി.ടി.സി.യും ജയിച്ച പി.ജെ.മാത്യു ഇരുപത്തിയൊന്നാമത്തെ വയസിൽ കോഴിച്ചാലിലെത്തിയത്. മറ്റു യാത്രാമാർഗങ്ങൾ ഇല്ലാത്തതിനാൽ ചെറുപുഴയിൽനിന്ന്‌ 12 കിലോമീറ്ററോളം നടന്നാണ് കോഴിച്ചാലിൽ എത്തിയിരുന്നത്. 1957-ൽ മാഷിന്റെ വരവോടെയാണ് കോഴിച്ചാൽ സെയ്ന്റ് അഗസ്റ്റ്യൻസ് എൽ.പി.സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ഒറ്റമുറി ഓലപ്പുരയിൽ ആറ് വിദ്യാർഥികളുമായിട്ടാണ് തുടക്കം. വർഷാവസാനം 32 കുട്ടികളായി.  രണ്ടുവർഷം കഴിഞ്ഞപ്പോൾ 100 അടി കെട്ടിടം ഉണ്ടാക്കി. 1966-ൽ 480 കുട്ടികൾവരെ ഉണ്ടായിരുന്നു. 1992 മാർച്ച് 31-ന് വിരമിക്കുന്നതുവരെ നീണ്ട 35 വർഷം പ്രഥമാധ്യാപകനായിരുന്നു. 
      
കാട്ടാനകളെത്തുന്ന വിദ്യാലയം

സ്കൂളിൽത്തന്നെ താമസിച്ച് പഠിപ്പിച്ചിരുന്ന ആ കാലഘട്ടത്തിൽ തൊട്ടടുത്ത കർണാടകവനത്തിൽ നിന്നുള്ള കാട്ടാനകളുടെ സന്ദർശനവും പതിവായിരുന്നു. കാട്ടാന സ്കൂൾമുറ്റത്ത് വന്നപ്പോൾ കുട്ടികളുമായി സ്കൂളിന്റെ പിന്നിലേക്ക്‌ ഓടിരക്ഷപ്പെട്ട തൊക്കെ ഇപ്പഴും മാഷിന്റെ മനസ്സിൽ മങ്ങാതെ നിൽക്കുന്നു. നീണ്ട സർവീസിനിടയിൽ രണ്ട് ഗുഡ് സർവീസ് എൻട്രിയും തലശ്ശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ സമിതിയുടെ മികച്ച പ്രഥമാധ്യാപകനുള്ള അവാർഡും പി.ജെ.മാത്യുവിനെത്തേടിയെത്തിയിട്ടുണ്ട്. കെ.പി.പി.എച്ച്.എ., കെ.എസ്.എസ്.പി.യു. തുടങ്ങിയ സംഘടനകളുടെ സ്ഥാപകാംഗമായ ഇദ്ദേഹം ഇടയ്ക്ക് പെരിങ്ങോം-വയക്കര പഞ്ചായത്തംഗവുമായിരുന്നു.   
 
കൃഷിയിൽ ഒരു കൈനോക്കാൻ

എൺപത്തിമൂന്നാം വയസ്സിലും കൃഷിയിൽ ഒരു കൈ നോക്കുന്ന മാത്യുമാഷിന്റെ സഹധർമിണി എൺപത്തിയൊന്നുകാരിയായ കൊച്ചുത്രേസ്യയാണ്. 1959-ലാണ് തോമാപുരം എൽ.പി.യിൽ അധ്യാപികയായത്. 1963-ൽ മാത്യു മാഷിനെ വിവാഹം ചെയ്തതോടെ മാഷിന്റെ സ്കൂളിലേക്ക്‌ സ്ഥലംമാറ്റം വാങ്ങി. പിന്നെ മാഷ് വിരമിക്കുന്നതുവരെ നീണ്ട 29 വർഷക്കാലം ഇവർ ഒരുമിച്ചായിരുന്നു.   ഇവരുടെ മൂത്തമകൻ രാജു മാത്യു ഇപ്പോൾ മുനയംകുന്ന് ബി.എച്ച്.എൽ.പി. സ്കൂളിൽ പ്രഥമാധ്യാപകനാണ്. ഭാര്യ ജസീന്ത ജോൺ കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറിയിലെ അധ്യാപികയാണ്.   അടുത്ത മകൾ ഡെയ്സി മാത്യു പെരിയ കല്യോട്ട് ഗവ. ഹയർ സെക്കൻഡറിയിലും ഭർത്താവ് തോമസ് ജോർജ് പനയാൽ എം.എ.യു.പി.എസിലുമായിരുന്നു.      

മറ്റൊരു മകൾ സിജി മാത്യു കാസർകോട്‌ ഗവ.ഹയർ സെക്കൻഡറിയിൽ അധ്യാപികയാണ്. ഭർത്താവ് എം.എ.മാത്യു കാസർകോട്‌ നായന്മാർമൂല ടി.ഐ.എച്ച്.എസ്.എസിൽ അധ്യാപകനാണ്. ഇളയമകൻ ബിജു മാത്യു പാറക്കടവ് എൽ.പി.സ്കൂളിൽ പ്രഥമാധ്യാപകനാണ്. 

ഭാര്യ സോണിയ ഗർവാസീസ് തോമാപുരം സെയ്ന്റ് തോമസ് ഹയർ സെക്കൻഡറിയിലാണ് പഠിപ്പിക്കുന്നത്.     

കൊച്ചുമക്കളും അധ്യാപനവഴിയിൽ

കൊച്ചുമക്കളിൽ പലരും അധ്യാപനരംഗത്തേയ്ക്ക് കടന്നുവരുമ്പോൾ ഇനിയും കുടുംബത്തിൽ അധ്യാപകരുടെ എണ്ണം കൂടുമെന്ന് മാത്യു മാഷ് പറയുന്നു. ഓണം, ക്രിസ്മസ്, ഈസ്റ്റർ തുടങ്ങിയ വിശേഷാവസരങ്ങളിൽ ഒത്തുകൂടുമ്പോൾ ഇവിടെ സംസാരവിഷയം സ്കൂൾവിശേഷങ്ങൾ തന്നെ. 

1973 മുതൽ ‘മാതൃഭൂമി’ വരിക്കാരനായ മാത്യു മാഷ് ദിവസവും രണ്ടുമണിക്കൂറോളം പത്രവായന നടത്തും. സാമൂഹികപ്രവർത്തനങ്ങളിലും സജീവമാണ്.     

Content Highlights: All from PJ Mathew's family are serving as techers