രു ദിവസം, കലാപത്തിന് വളരെ മുമ്പേ, ആരോടും ഒരു വാക്കുപോലും പറയാതെ അയാള്‍ ഒഴിഞ്ഞകന്നു, പിന്നെ ഒരിക്കലും തിരികെപ്പോയതുമില്ല. നാല്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കുശേഷമുള്ള മറ്റൊരുദിവസം, ഒരു ചെറിയ ഇംഗ്ലീഷ് പട്ടണത്തിലെ തന്റെ വീടിന്റെ മുന്‍വാതിലിന് തൊട്ടുപിന്നില്‍ അയാള്‍ കുഴഞ്ഞുവീണു.

ഇങ്ങനെയാണ് സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാന ജേതാവായ അബ്ദുല്‍ റസാഖ് ഗുര്‍ണയുടെ 'The Last Gift' എന്ന നോവല്‍ തുടങ്ങുന്നത്.

പ്രവാസിയായ അബ്ബാസ് എന്ന നാവികന്റെ തകര്‍ച്ച ഇങ്ങനെയാണ് ഗുര്‍ണ ആവിഷ്‌കരിക്കുന്നത്. അത് ശാരീരികമായ തകര്‍ച്ച മാത്രമല്ല, അസ്തിത്വപരമായ തകര്‍ച്ച കൂടിയാണ്. ഒരാള്‍ ജന്മനാടുപേക്ഷിക്കുമ്പോള്‍ തന്റെ നിഴലിനെക്കൂടി ഉപേക്ഷിക്കുന്നു. പിന്നീട് മറ്റൊരു പ്രദേശത്ത് വേരുകളാഴ്ത്തുമ്പോള്‍ മറ്റൊരു നിഴലിനെക്കൂടി അയാള്‍ കണ്ടെത്തേണ്ടതുണ്ട്. അതിനു സാധിക്കാതെ വരുമ്പോള്‍ ആ തകര്‍ച്ച പൂര്‍ണമാകുന്നു.

ആഫ്രിക്കയിലെ സാന്‍സിബാറില്‍നിന്ന് ഇംഗ്ലണ്ടില്‍ കുടിയേറിയ ഗുര്‍ണയുടെ എഴുത്തില്‍ കുടിയേറ്റത്തിന്റെ കയ്പ് അക്ഷരങ്ങളായി മാറുന്നത് സ്വാഭാവികമാണ്.

നോവലിന്റെ മറ്റൊരു ഭാഗത്ത്, ഓര്‍മകള്‍ നഷ്ടപ്പെട്ടു തുടങ്ങിയ അബ്ബാസ് ഭാര്യയായ മര്‍യത്തിന്റെ കൂടെ ടെലിവിഷന്‍ കാണുന്നതിനെപ്പറ്റി നോവലിസ്റ്റ് എഴുതുന്നുണ്ട്. ഒരു മരത്തിനടിയിലായി സ്ഥിതി ചെയ്യുന്ന മാര്‍ക്കറ്റ് കണ്ടപ്പോള്‍ അയാള്‍ 'എംഫിനിസിനി' എന്നു പറയുന്നു. താന്‍ പണ്ടു പഠിച്ച സ്‌കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശമാണ് അയാളുടെ ഓര്‍മയില്‍. പക്ഷേ ടി.വി.യില്‍ കാണിച്ചത് സുഡാനിലെ ഒരു പ്രദേശമായിരുന്നു!

പ്രവാസികളുടെ ഓര്‍മ ദിശതെറ്റി സഞ്ചരിക്കുന്ന ഒരു കപ്പലാണ്. കാറ്റില്‍ അതു തകര്‍ന്നെന്നു വരില്ല. പക്ഷേ, ശാന്തമായ കടലില്‍ നിന്നനില്‍പ്പില്‍ അത് അപ്രത്യക്ഷമാകുമെന്ന് ഗുര്‍ണ നമ്മളെ ഓര്‍മിപ്പിക്കുന്നു.

അമ്മ പിന്‍വശത്തെ മുറ്റത്ത് തീ പൂട്ടുകയായിരുന്നു.

പുറത്തേക്കുപോകുന്നതിനു മുമ്പുതന്നെ അവള്‍ ചൊല്ലിക്കൊണ്ടിരുന്ന പ്രാര്‍ഥനയുടെ വരികള്‍ എന്റെ ചെവിയിലെത്തി. മുഖം മാര്‍ച്ചട്ടയിലേക്ക് താഴ്ത്തിവെച്ച് അമ്മ പതുക്കെ തീയൂതുകയായിരുന്നു. കാലിനരികില്‍ വെള്ളം നിറച്ച പാത്രം. ചുറ്റും കണ്ണോടിക്കുമ്പോള്‍ തീ അവളുടെ മുഖത്തെ കറുപ്പിക്കുകയും കണ്ണുകളില്‍ നീര്‍നിറയ്ക്കുന്നതും ഞാന്‍ കണ്ടു. ഞാന്‍ റൊട്ടി വാങ്ങാന്‍ പണം ചോദിച്ചു. അമ്മ നെറ്റിചുളിച്ചു.

അദ്ദേഹത്തിന്റെ മറ്റൊരു നോവലായ Memory of Departure തുടങ്ങുന്നത് ഇങ്ങനെയാണ്.

തീ, വെളിച്ചത്തിനുപകരം ഇരുട്ട് നിറയ്ക്കുന്ന മുഖങ്ങളുടെ ലോകത്തെക്കുറിച്ചുള്ള ഓര്‍മകള്‍കൂടിയാണ് ഈ നോവല്‍.

ഹസ്സന്‍ ഒമര്‍ എന്ന പതിനഞ്ചു വയസ്സുകാരന്റെ കഥയാണ് ഗുര്‍ണ വിവരിക്കുന്നത്. പട്ടിണിയും അന്ധവിശ്വാസവും നിറഞ്ഞ കിഴക്കനാഫ്രിക്കയില്‍ നിന്നുള്ള ഈ സ്മരണകള്‍ പില്‍ക്കാലത്തെ ഗുര്‍ണയുടെ ഒരു ചൂണ്ടുപലകകൂടിയാണ്. തകര്‍ന്നുവീഴുന്ന ചുറ്റുപാടുകളില്‍നിന്ന് ഓടിരക്ഷപ്പെട്ട് മറ്റൊരു രാജ്യത്തെത്തുമ്പോള്‍ ഒരുവനെ കാത്തുനില്‍ക്കുന്നത് മറ്റൊരു തരം തകര്‍ച്ചയാണെന്നുള്ള തിരിച്ചറിവുകള്‍ കൂടിയാണ് അദ്ദേഹത്തിന്റെ നോവലുകള്‍.

എന്റെ അജ്ഞാതവിധി 

മുഴങ്ങുന്ന മണികളാണ് അവളുടെ പുരികങ്ങള്‍.

എന്ന് സിറിയന്‍ കവി അഡോണിസ് എഴുതിയത് ഗുര്‍ണയുടെ ഏതു നോവലിന്റെയും ആമുഖമായി ചേര്‍ക്കാനാവും. കാരണം അത്ര മാത്രം അജ്ഞാതമാണ് ഒരു കരയിലും അടിയാതെ ഒഴുകിനടക്കുന്ന ആ കഥാപാത്രങ്ങളുടെ വിധിയും ഭാവിയും..

ഇംഗ്ലീഷിലാണ് ഞാന്‍ എഴുതുന്നത്. ആ ഭാഷയിലേക്ക് മറ്റൊരു സാങ്കല്പിക ഭൂമിക സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് ചലനാത്മകവും രസകരവുമായൊരു മിശ്രിതം സൃഷ്ടിക്കുന്നു

(സാഹിത്യനിരൂപകനായ ലേഖകന്‍ പെദ്രോ പരാമോയുടെ വിവര്‍ത്തകനാണ്)

Content Highlights: Nobel prize for literature abdul razak gurnah