2006 ഒക്ടോബര്‍ ഏഴിനാണ് റഷ്യന്‍ പത്രമായ നൊവായ ഗസെറ്റയിലെ പത്രപ്രവര്‍ത്തകയായിരുന്ന അന്ന പൊളിറ്റ്‌കോവ്‌സ്‌കയ കൊല്ലപ്പെടുന്നത്. ഓഫീസിലേക്കുള്ള കവാടത്തിനരികില്‍വെച്ച് ശത്രുക്കള്‍ അവരെ വെടിവെക്കുകയായിരുന്നു. ചെച്‌നിയന്‍ യുദ്ധത്തിന്റെ യാതനകള്‍ പേറിയ സാധാരണക്കാരുടെ ജീവിതത്തെപ്പറ്റി എഴുതിയതിനുള്ള ശിക്ഷയാണ് അവര്‍ ഏറ്റുവാങ്ങിയത്. പതിനഞ്ചു വര്‍ഷത്തിനിപ്പുറം അന്ന്‌ നടത്തിയ പത്രപ്രവര്‍ത്തനം അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. നൊവായ ഗസെറ്റിന്റെ പത്രാധിപരായ ദിമിത്രി മുറടോവിലൂടെ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള അംഗീകാരമായി എത്തിയ സമാധാന നൊബേലിലൂടെ.

1993ല്‍ പരിമിതമായ സൗകര്യങ്ങളില്‍ ദിമിത്രി മുറടോവ് തുടങ്ങിയ പത്രമായ നൊവായ ഗസെറ്റ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി ദശകങ്ങളായി റഷ്യയില്‍ പോരാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്.

വ്‌ളാദിമിര്‍ പുതിന്‍ ഭരണത്തിനെതിരേ വിമര്‍ശനാത്മക മാധ്യമപ്രവര്‍ത്തനം നടത്തുന്ന ഒരേയൊരു പത്രമാണ് 59കാരനായ മുറടോവ് പത്രാധിപരായുള്ള നൊവായ. വസ്തുതകളുടെയും പ്രൊഫഷണല്‍ മൂല്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള പത്രപ്രവര്‍ത്തനത്തിലൂന്നി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ എന്നും വിമര്‍ശിച്ചുപോന്ന നൊവായ അന്വേഷണാത്മക പത്രപ്രവര്‍ത്തനത്തിലൂടെ റഷ്യയില്‍ ആരും പറയാന്‍ ഭയക്കുന്ന പല കാര്യങ്ങളും ലോകത്തെ അറിയിച്ചു. സര്‍ക്കാരിലെ അഴിമതി, പോലീസ് അതിക്രമം, നിയമവിരുദ്ധമായ അറസ്റ്റുകള്‍, തിരഞ്ഞെടുപ്പിലെ കള്ളക്കളി, ട്രോള്‍ ഫാക്ടറികള്‍ എന്നറിയപ്പെടുന്ന റഷ്യയുടെ ഇന്റര്‍നെറ്റ് ഗവേഷണ ഏജന്‍സിയെ സൈന്യം എങ്ങനെ രാജ്യത്തിനകത്തും പുറത്തും ഉപയോഗിക്കുന്നു തുടങ്ങി തൊട്ടാല്‍ കൈപൊള്ളുന്ന വിഷയങ്ങളെല്ലാം ധീരനായ പത്രാധിപരിലൂടെ സധൈര്യം നൊവായ ജനങ്ങളിലെത്തിച്ചു. ഇതിന്റെ പേരില്‍ എന്നും ഭീഷണിയും അക്രമവും നേരിട്ടു നൊവായയിലെ പത്രപ്രവര്‍ത്തകര്‍. അന്ന പൊലിറ്റ്‌കോവ്‌സ്‌കയ ഉള്‍പ്പെടെ ആറ് നൊവായ പത്രപ്രവര്‍ത്തകരാണ് സത്യം വെളിച്ചത്തുകൊണ്ടുവന്നതിന്റെ പേരില്‍ ഇതുവരെ കൊലചെയ്യപ്പെട്ടത്.

ഫിലിപ്പീന്‍സ് സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗവും അതിക്രമങ്ങളും വളര്‍ന്നുവരുന്ന ഏകാധിപത്യവും എതിരിടാന്‍ ആവിഷ്‌കാര സ്വാതന്ത്ര്യം ഫലപ്രദമായി ഉപയോഗിച്ച മരിയ റെസ്സയാണ് മുറടോവിനൊപ്പം നൊബേല്‍ പങ്കിടുന്നത്. 2012ല്‍ ആരംഭിച്ച റാപ്ലര്‍ എന്ന ഡിജിറ്റല്‍ മീഡിയ കമ്പനിയുടെ സഹസ്ഥാപകയാണ് ഫിലിപ്പീന്‍സില്‍ നിന്നുള്ള ആദ്യ നൊബേല്‍ ജേതാവായ മരിയ. മാധ്യമപ്രവര്‍ത്തക എന്ന നിലയിലും റാപ്ലര്‍ മേധാവി എന്ന നിലയിലും പ്രസിഡന്റ് റോഡിഗ്രോ ഡ്യുട്ടെര്‍ട്ടിന്റെ ഭരണകൂടത്തിനു നേര്‍ക്ക് ശക്തമായ വിമര്‍ശനങ്ങളാണ് 58കാരിയായ മരിയ നടത്തുന്നത്. സര്‍ക്കാരിന്റെ മയക്കുമരുന്നുവിരുദ്ധ പ്രചാരണത്തിലെ ക്രമക്കേടുകളും മരിയ റാപ്ലറിളൂടെ വിളിച്ചുപറഞ്ഞു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ സാമൂഹിക മാധ്യമങ്ങള്‍ക്കുള്ള പങ്കും ശത്രുക്കളെ അപമാനിക്കാനും പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാനും അവയെ എങ്ങനെ ഉപയോഗപ്പെടുത്തുന്നുവെന്നും മരിയ തെളിവുകള്‍ നിരത്തി വ്യക്തമാക്കി. 2020ല്‍ അവര്‍ അറസ്റ്റിലാവുകയും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തു. സാമൂഹികമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു എന്നതായിരുന്നു മരിയയ്ക്കുമേല്‍ ചാര്‍ത്തിയ കുറ്റം. റാപ്ലര്‍ തുടങ്ങുന്നതിനുമുന്പ് സി.എന്‍.എന്‍. റിപ്പോര്‍ട്ടറായിരുന്ന മരിയ 2018ലെ ടൈംസ് പേഴ്‌സണ്‍ ഓഫ് ദ ഇയര്‍ ആയിരുന്നു.

'വസ്തുതകള്‍ പാവനമാണ്. അഭിപ്രായങ്ങള്‍ സ്വതന്ത്രവും' പത്രധര്‍മത്തെപ്പറ്റി സി.പി. സ്‌കോട്ട് പറഞ്ഞ ഈ വാചകത്തിന്റെ പ്രസക്തി ഒരിക്കല്‍കൂടി ഓര്‍മിപ്പിക്കുകയാണ് ഈ വര്‍ഷത്തെ സമാധാന നൊബേല്‍.

Content Highlights: Nobel peace prize 2021 Journalists Maria Ressa and Dmitry Muratov share award