Faiz Hashim വർഷത്തെ കേരള എൻജിനിയറിങ് പ്രവേശപരീക്ഷയിലെ ഒന്നാം റാങ്കുകാരൻ ഫായിസ് ഹാഷിം ഓൾ ഇന്ത്യ എൻജിനിയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇയിലും സംസ്ഥാനത്തെ ഒന്നാം റാങ്കുകാരനായിരുന്നു. ആറു ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്ത പരീക്ഷയിൽ 99.9874647 ആയിരുന്നു ഹാഷിമിന്റെ ജെ.ഇ.ഇ സ്‌കോർ. ഇക്കുറി സംസ്ഥാന എൻജിനിയറിങ് പ്രവേശനപരീക്ഷയിലെ ഒന്നാം റാങ്ക് തിളക്കത്തിന്റെ സന്തോഷം ഫായിസ് മാതൃഭൂമിയുമായി പങ്കുവയ്ക്കുന്നു.

പഠനം അടുക്കും ചിട്ടയോടെ
തൃശൂർ ദേവമാതാ പബ്ലിക് സ്‌കൂളിലാണ് പഠിക്കുന്നത്. വടക്കാഞ്ചേരിയിലാണ് വീട്. ഇത്തവണത്തെ പരീക്ഷ ഒരല്പം പ്രയാസമായിരുന്നു. പക്ഷേ,എന്നും രാവിലെയും വൈകിട്ടും കൃത്യമായ ടൈംടേബിൾ ഉണ്ടാക്കി പഠിച്ചിരുന്നു. കുറേ പരീക്ഷകൾ എഴുതി പരിശീലിച്ചതും റാങ്കുനേടാൻ സഹായിച്ചു. പഠനം ഒരിക്കലും ഭാരമായിരുന്നില്ല. പഠിക്കാൻ എനിക്ക വളരെ ഇഷ്ടമാണ്. എൻട്രൻസ് കോച്ചിങ്ങും റാങ്കുനേടാൻ എന്നെ സഹായിച്ചിട്ടുണ്ട്. 

ഇഷ്ടവിഷയം കമ്പ്യൂട്ടർ സയൻസ്
ഞാൻ പഠിച്ചത് ബയോ-മാത്‌സ് ആയിരുന്നു. പക്ഷേ എൻജിനിയറിങ് തന്നെയായിരുന്നു ഇഷ്ടം. വീട്ടിൽ മാതാവ് റസിയയും പിതാവ് ഹാഷിമും എൻജിനിയർമാരാണ്. സഹോദരൻ മെഡിസിന് പഠിക്കുന്നു. കമ്പ്യൂട്ടർ സയൻസാണ് എന്റെ ഇഷ്ട വിഷയം. കമ്പ്യൂട്ടർ സയൻസിൽ റിസർച്ച് ചെയ്യാനാണ് താത്പര്യം.