പ്രൊഫഷണല്‍ കോഴ്‌സുകളിലേക്കായി സംസ്ഥാനത്ത് നടന്ന പ്രവേശനപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. എന്‍ജിനീയറിങ്, ഫാര്‍മസി, ആര്‍ക്കിടെക്ചര്‍ എന്നീ വിഷയങ്ങളില്‍ ഉപരിപഠനം തേടി ഒന്നരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇക്കൊല്ലം പ്രവേശനപരീക്ഷയില്‍ പങ്കെടുത്തത്. എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളൊഴികെ ഫാര്‍മസി വിഷയത്തില്‍ പരീക്ഷയെഴുതിയ ഭൂരിഭാഗം വിദ്യാര്‍ഥികളും മെഡിക്കല്‍ പ്രവേശനത്തിനുള്ള ഒരുക്കമെന്ന നിലയിലാണ് പരീക്ഷയെ നോക്കിക്കണ്ടതെന്നാണ് ആദ്യറാങ്കുകളിലെത്തിയവരുടെ പ്രതികരണത്തില്‍ നിന്ന് അനുമാനിക്കാനാവുന്നത്. ഫാര്‍മസി വിഭാഗത്തില്‍ ആദ്യ മൂന്ന് റാങ്കുകളിലെത്തിയ ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയില്‍, തേജസ്വി വിനോദ്, അക്ഷര ആനന്ദ് എന്നിവരും കാത്തിരിക്കുന്നത് മെഡിക്കല്‍ പ്രവേശന പരീക്ഷാഫലമാണ്. 

ഫാര്‍മസിയില്‍ ഒന്നാം റാങ്ക് നേടിയത്  ഫാരിസ് അബ്ദുള്‍ നാസര്‍ കല്ലയില്‍

ഫാരിസിന്റെ ആദ്യശ്രമമായിരുന്നു ഇത്തവണത്തേത്. ഫാര്‍മസിയിലെ ഒന്നാം റാങ്ക് അപ്രതീക്ഷിതമായിരുന്നെന്നാണ് ഫാരിസിന്റെ ആദ്യ പ്രതികരണം. ലക്ഷ്യം മെഡിക്കല്‍ പഠനമാണ്. നീറ്റ് പ്രവേശനപരീക്ഷാഫലത്തിനായി കാത്തിരിക്കുകയാണ്, പ്രവേശനത്തിനുള്ള അവസരം ലഭിക്കുമെന്ന പ്രതീക്ഷയും ഫാരിസ് പങ്കുവെച്ചു. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലായിരുന്നു പ്ലസ് ടൂ-എന്‍ട്രന്‍സ് പഠനം. ഓണ്‍ലൈന്‍ പഠനം കുറച്ചസുഖകരമായിരുന്നെങ്കിലും മികച്ച വിജയം നേടിയതില്‍ സന്തോഷമുണ്ടെന്ന് ഫാരിസ് പറഞ്ഞു. അച്ഛന്‍ അബ്ദുള്‍ നാസര്‍ എം.കെയും അമ്മ ഷഹീന എം.കെയും എല്ലാവിധ പിന്തുണയുമായി എപ്പോഴും ഒപ്പമുണ്ട്. കുടുംബത്തില്‍ തന്നെ നിരവധി പേര്‍ ഡോക്ടര്‍മാരാണ്. അതാണ് ഫാരിസിനേയും മെഡിക്കല്‍ പഠനത്തില്‍ തത്പരനാക്കിയത്. എന്തായാലും ഇപ്പോള്‍ ലഭിച്ച ഫാര്‍മസി പ്രവേശനത്തിലെ ഒന്നാം റാങ്ക് ഉപേക്ഷിക്കാന്‍ തന്നെയാണ് തൃശൂര്‍ സ്വദേശിയായ ഫാരിസിന്റെ തീരുമാനം. സിഎ വിദ്യാര്‍ഥിയായ മുഹമ്മദ് ഫാഹിമാണ് ഫാരിസിന്റെ സഹോദരന്‍. 

രണ്ടാം റാങ്ക്-തേജസ്വി വിനോദ്

ഫാര്‍മസി പ്രവേശനത്തില്‍ രണ്ടാം റാങ്ക് ലഭിച്ചെങ്കിലും മെഡിക്കല്‍ പഠനത്തില്‍ തന്നെയാണ് തേജസ്വി വിനോദിനും താത്പര്യം. നീറ്റ് പരീക്ഷയ്ക്കായുള്ള പരിശീലനത്തിനാണ് ഫാര്‍മസി പ്രവേശന പരീക്ഷയ്ക്ക് പങ്കെടുത്തതെന്ന് തേജസ്വി പറഞ്ഞു. കടന്നപ്പള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ വിനോദ് ഇ.സിയുടേയും മാടായി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കെമിസ്ട്രി അധ്യാപികയായ ദീപ ആറിന്റേയും മകളാണ് തേജസ്വി. നീറ്റ് പ്രവേശനപ്പട്ടികയില്‍ ഇടം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും തേജസ്വി അറിയിച്ചു. കേരളത്തിന് പുറത്തുള്ള ഏതെങ്കിലും വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠനം തുടരാനാണ് തേജസ്വിയ്ക്ക് താത്പര്യം. അതിനായുള്ള ഒരുക്കത്തിലാണിപ്പോള്‍. ബെസ്റ്റ് കരിയര്‍ എന്ന ഓപ്ഷനിലാണ് മെഡിക്കല്‍ മേഖലയിലുള്ള ഉപരിപഠനം തേജസ്വി തിരഞ്ഞെടുത്തത്. ആറാം ക്ലാസ്സുകാരി ഉജ്ജ്വലയാണ് തേജസ്വിയുടെ അനുജത്തി. 

മൂന്നാം റാങ്ക്- അക്ഷര ആനന്ദ്

പത്തനം തിട്ടയില്‍ ഡോക്ടര്‍മാരായ ആനന്ദ് ശീനിവാസന്‍ കെ.യുടേയും ജയശ്രീ പിയുടേയും മകളാണ് ഫാര്‍മസിയില്‍ മൂന്നാം റാങ്ക് നേടിയ അക്ഷര ആനന്ദ്. ഫാര്‍മസി എന്‍ട്രന്‍സ് പരീക്ഷയിലെ മൂന്നാം റാങ്ക് തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് അക്ഷര. നീറ്റ് ഫലത്തിനായി കാത്തിരിക്കുകയാണ് അക്ഷരയും. മാതാപിതാക്കള്‍ ഡോക്ടര്‍മാരാണെങ്കിലും അവര്‍ ഒരിക്കലും മെഡിക്കല്‍ മേഖല തിരഞ്ഞെടുക്കാന്‍ നിര്‍ബന്ധിച്ചിട്ടില്ലെന്ന് അക്ഷര പറയുന്നു. മദ്രാസ് ഐഐടി വിദ്യാര്‍ഥിയായ അക്ഷയ് ആനന്ദ് ആണ് അക്ഷരയുടെ സഹോദരന്‍. കേരള എന്‍ജിനീയറിങ് പ്രവേശന പരീക്ഷയില്‍ രണ്ടാം റാങ്ക് ജേതാവായിരുന്നു അക്ഷയ്.  കുട്ടിക്കാലത്ത് ആശുപത്രികള്‍ സന്ദര്‍ശിക്കുമ്പോള്‍ കണ്ടു പരിചയിച്ച ഡോക്ടര്‍മുഖങ്ങളാണ് അക്ഷരയുടെ ഡോക്ടര്‍മോഹത്തിന് പിന്നില്‍. ഫാര്‍മസി മേഖലയിലേക്ക് തിരിയാന്‍ എന്തായാലും അക്ഷരയും ഒരുക്കമല്ല.

 

തയ്യാറാക്കിയത്: സ്വീറ്റി കാവ്‌

 

Content Highlights: KEAM pharmacy toppers waiting for NEET results