സ്വന്തം വീടൊരുങ്ങുന്ന വേളയില്‍ തേജസ് വായിക്കാത്ത ആര്‍ക്കിടെക്ചര്‍ പുസ്തകങ്ങളില്ല. ബെഡ്‌റും, പൂമുഖം  അങ്ങനെ തുടങ്ങി വീടിനെ പറ്റി മുഴുവന്‍ കാര്യങ്ങളും ആവേശത്തോടെ വായിച്ചു. സ്വന്തം വീടിന് വേണ്ടി ആശയങ്ങള്‍ക്കായി നടന്ന ആ കൊച്ചു മിടുക്കന്റെ മനസ്സിലേക്ക് ആര്‍ക്കിടെക്ചര്‍ എന്ന മേഖല വളരെയധികം സ്വാധീനിച്ചു. വീടൊരുങ്ങിയപ്പോള്‍ ഒരു ആര്‍ക്കിടെക്റ്റാവാന്‍ തേജസും ഒരുങ്ങി. കീം എന്‍ട്രന്‍സ് ഫലങ്ങള്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ആര്‍ക്കിടെക്ക്ച്ചര്‍ വിഭാഗത്തില്‍ ഒന്നാം റാങ്ക് പൂ പറിക്കുന്ന ലാഘവത്തോടെ ഈ തേജസിന് നേടാനായി. അടങ്ങാത്ത ആഗ്രഹവും അതിന് വേണ്ടിയുള്ള പരിശ്രമവും അതിന് മറുപേരാണ് ഈ മിടുക്കന്‍

''റാങ്ക് കിട്ടിയെന്ന വാര്‍ത്ത വളരെയേറെ സന്തോഷിപ്പിപ്പിച്ചു. റാങ്ക് പ്രതീക്ഷ നല്ലതു പോലെയുണ്ടായിരുന്നു എങ്കിലും ഇടയ്‌ക്കെപ്പോഴോ ആശങ്ക അലട്ടിയിരുന്നു. അച്ഛനും അമ്മയും കണ്ണൂരില്‍ അധ്യാപകരാണ്. വീട് പണിയുന്ന സമയത്ത് ധാരാളം ആര്‍ക്കിടെക്ചര്‍ മാസികകള്‍ വായിക്കുമായിരുന്നു. അത്തരത്തിലാണ് ഈ  രംഗത്തോട് ആഗ്രഹം വന്നത്. അന്ന് മുതല്‍ ഒരു മികച്ച ഒരു ആര്‍ക്കിടെക്ക്റ്റായി മാറണം എന്ന ആഗ്രഹം മനസിലുണ്ടായിരുന്നു. 

പ്ലസ് ടു പഠനം കഴിഞ്ഞ് തിങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍സ് എന്ന സ്ഥാപനത്തില്‍ ചെറിയൊരു ക്രാഷ് കോഴ്‌സിന് പോയിരുന്നു. ആ ധൈര്യത്തിലാണ് നാഷണല്‍ ആപ്റ്റിറ്റിയുഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ പരീക്ഷയെഴുതുന്നുത്. ആദ്യ പരീക്ഷയില്‍ 103 ആയിരുന്നു സ്‌ക്കോര്‍. പിന്നീട് രണ്ടാമത്തെ സെഷനും എഴുതി അതില്‍ 136 ആയിരുന്നു സ്‌ക്കോര്‍. ശരിക്കും ഈ പരീക്ഷകള്‍ എന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചു

നാഷണല്‍ ആപ്റ്റിറ്റിയുഡ് ടെസ്റ്റ് ഇന്‍ ആര്‍ക്കിടെക്ചര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ മികച്ച ആര്‍ക്കിടെക്ചര്‍ വിദ്യാഭ്യാസ സ്ഥാപനമായ സിഇപിടി അഹമ്മദാബാദില്‍ (CEPT) അഡ്മിഷന്‍ ലഭിച്ചിരുന്നു. നാലാം റാങ്കായിരുന്നു കിട്ടിയത്.

പ്ലസ്ടു വിന്റെ ഒപ്പം തന്നെ പരീശിലനം നേടാനായി നിരവധി ഉപദേശം ലഭിച്ചിരുന്നു എന്നാല്‍ പ്ലസ്ടു പഠനകാലത്ത് മറ്റൊന്നിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനായി തോന്നിയില്ല. അതിനാല്‍ പ്ലസ്ടുവിന് മികച്ച മാര്‍ക്ക് നേടാനായി സാധിച്ചു.99.75 ശതമാനം മാര്‍ക്ക് പ്ലസ്ടുവിന് നേടിയിരുന്നു.കോച്ചിങ്ങിന് പോയില്ലെങ്കിലും ഈ രംഗത്തെ കുറിച്ച് നിരന്തരം അന്വേഷണങ്ങള്‍ നടത്തിയിരുന്നു

ഇത് കിട്ടിയില്ലെങ്കില്‍ വേറെയൊരു സാധ്യതയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. ഈ പ്രൊഫഷനാണ് മനസ്സില്‍ മുഴുവന്‍. എല്ലാത്തിനും ഒപ്പം നില്‍ക്കുന്ന കുടുംബമാണ് എന്റെ ശക്തി''

Content Highlights: KAEM 2021 Results Education architecture first rank holder Thejus