പ്രവേശനപരീക്ഷാ കമ്മിഷണർ പ്രൊഫഷണൽ കോഴ്സുകളിലേക്കു നടത്തുന്ന അലോട്ട്മെന്റിൽ സംവരണം വിവിധ തരത്തിലുണ്ട്. മാൻഡേറ്ററി, സ്പെഷ്യൽ, ഭിന്നശേഷി സംവരണങ്ങൾ ഇവയിൽപ്പെടുന്നു.

ഒരാൾക്ക് ഇവയിൽ ഒന്നോ അധികമോ സംവരണം അർഹതയ്ക്കനുസരിച്ച് ലഭിക്കാം. ബാധകമായ രേഖ നൽകണം. എൻട്രൻസ് കമ്മിഷണർ നികത്തുന്ന സീറ്റിന് ബാധകമായ മുഖ്യ സംവരണമാണ് മാൻഡേറ്ററി (നിർദേശാനുസൃത) സംവരണം. ഇവിടെ അലോട്ട്മെന്റിനു ലഭ്യമായ സീറ്റിന്റെ നിശ്ചിതശതമാനം വിവിധ വിഭാഗങ്ങൾക്കായി നീക്കിവെക്കും.

വിഭാഗങ്ങളും സംവരണ ശതമാനവും

സ്റ്റേറ്റ് മെറിറ്റ്-60 ശതമാനം (മറ്റു സംവരണ ആനുകൂല്യമുള്ളവരുൾപ്പെടെ എല്ലാവരെയും ആദ്യം പരിഗണിക്കുക ഈ വിഭാഗത്തിലാണ്) സോഷ്യലി ആൻഡ് എജ്യുക്കേഷണലി ബാക്ക്‌വേർഡ് ക്ലാസസ് (എസ്.ഇ.ബി.സി.)-30 ശതമാനം. ഇതിൽ ഉൾപ്പെടുന്ന വിഭാഗങ്ങളും സംവരണ ശതമാനവും ഇപ്രകാരമാണ്: ഈഴവ-9, മുസ്‌ലിം-8, മറ്റു പിന്നാക്ക ഹിന്ദു-3, ലാറ്റിൻ കത്തോലിക്കരും ആംഗ്ലോ ഇന്ത്യൻസും-3, ധീവരയും ബന്ധപ്പെട്ട സമുദായങ്ങളും-2, വിശ്വകർമയും ബന്ധപ്പെട്ട സമുദായങ്ങളും-2, കുശവനും ബന്ധപ്പെട്ട സമുദായങ്ങളും-1, മറ്റു പിന്നാക്ക ക്രിസ്ത്യൻ-1, കുടുംബി-1, പട്ടികവിഭാഗം-10 ശതമാനം. ഇതിൽ പട്ടികജാതി-8, പട്ടികവർഗം-2. സർക്കാർ/എയ്ഡഡ് കോളേജുകളിൽ ഭിന്നശേഷിക്കാർക്ക് അഞ്ചുശതമാനം സംവരണമുണ്ട്.

സ്പെഷ്യൽ റിസർവേഷൻ സീറ്റുകൾ

ചില വിഭാഗങ്ങളിൽപ്പെടുന്നവർക്കായി ചില കോഴ്സുകളിൽ നിശ്ചിത സീറ്റുകൾ സ്പെഷ്യൽ റിസർവേഷൻ വിഭാഗത്തിൽ സംവരണം ചെയ്തിട്ടുണ്ട്. ഇവയിൽ പരിഗണിക്കപ്പെടാൻ താത്‌പര്യമുള്ളവർ അപേക്ഷയിൽ അത് വ്യക്തമാക്കിയിരിക്കണം. ഒപ്പം ബാധകമായ രേഖ അപ്‌ലോഡ് ചെയ്യണം.

ഈ സംവരണ വിഭാഗത്തിൽ സ്പോർട്സ്, എൻ.സി.സി. ക്വാട്ട, എക്സ് സർവീസുകാരും അവരുടെ മക്കളും ഡ്യൂട്ടിക്കിടെ മരിച്ച/കാണാതായ/ വൈകല്യം സംഭവിച്ച സായുധസേനാ ഉദ്യോഗസ്ഥരുടെ ആശ്രിതർ, സായുധ സേനകളിൽ സേവനമനുഷ്ഠിക്കുന്നവരുടെ മക്കൾ, സെൻട്രൽ ആംഡ് ഫോഴ്സസ് പഴ്സണലുകളുടെ മക്കൾ, ഡ്യൂട്ടിക്കിടെ മരിച്ച/കാണാതായ/വൈകല്യം സംഭവിച്ച സെൻട്രൽ ആംഡ് ഫോഴ്സസ് ഉദ്യോഗസ്ഥരുടെ ആശ്രിതർ തുടങ്ങിയവർക്ക് സീറ്റുകൾ നീക്കിവെച്ചിട്ടുണ്ട്.

* ജ്യൂവിഷ് ക്വാട്ട (എം.ബി.ബി.എസ്./ ബി.ഡി.എസ്. കോഴ്സുകൾക്ക്) എം.ബി.ബി.എസ്./ ബി.എച്ച്.എം.എസ്. ബിരുദധാരികൾ (ബി.എ.എം.എസിന്), ആയുർവേദ ബിരുദധാരികൾ (എം.ബി.ബി.എസിന്), ഹോമിയോപ്പതി ബിരുദധാരികൾ (എം.ബി.ബി.എസിന്), എം.ബി.ബി.എസ്./ ബി.എ.എം.എസ്./ വെറ്ററിനറി/ അഗ്രിക്കൾച്ചർ/ ഫിഷറീസ്/ ഫോറസ്ട്രി ബിരുദധാരികൾ (ബി.എച്ച്.എം.എസിന്), നഴ്സ് -അലോപ്പതി (എം.ബി.ബി.എസിന്), നഴ്സ്-ഫാർമസിസ്റ്റ്- ഹോമിയോപ്പതി (ബി.എച്ച്.എം.എസിന്), നഴ്സ്-ആയുർവേദ (ബി.എ.എം.എസിന്).

* കർഷകരുടെ മക്കൾ (അഗ്രിക്കൾച്ചർ, വെറ്ററിനറി കോഴ്സുകൾക്ക്), ഫാം തൊഴിലാളികളുടെ മക്കൾ (അഗ്രിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് കോഴ്സുകൾക്ക്), മത്സ്യത്തൊഴിലാളികളുടെ മക്കൾ (ഫിഷറീസ് കോഴ്സിന്), സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്‌ (ബി.ടെക്കിന്), അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്/ വി.എച്ച്.എസ്.ഇ. (അഗ്രിക്കൾച്ചർ) യോഗ്യതയുള്ളവർ/ അഗ്രിക്കൾച്ചർ സയൻസ് ഡിപ്ലോമക്കാർ (അഗ്രിക്കൾച്ചർ കോഴ്സിന്), ലൈവ് സ്റ്റോക് ഇൻസ്പെക്ടർ/ഫാം അസിസ്റ്റന്റ്-വെറ്ററിനറി/ ഡെയറി ഫാം ഇൻസ്പെക്ടർ(വെറ്ററിനറി കോഴ്സിന്), ലബോറട്ടറി ടെക്നിക്സ് ആൻഡ് പോൾട്രി പ്രൊഡക്‌ഷൻ/വി.എച്ച്.എസ്.ഇ. (ലൈവ് സ്റ്റോക് ആൻഡ് മാനേജ്മെന്റ്)/എച്ച്.എസ്.ഇ. (ഡെയറി ഫാർമർ ഓൺട്രപ്രണർഷിപ്പ് കോഴ്സ്) (വെറ്ററിനറി കോഴ്സിന്) തുടങ്ങിയവർക്കും വിശേഷാൽ സംവരണമുണ്ട്. വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭിക്കും.