തിരുവനന്തപുരം: എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍, ഫാര്‍മസി, മെഡിക്കല്‍, മെഡിക്കല്‍ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്ക് വിട്ടുപോയ കോഴ്‌സുകള്‍ നിലവിലെ അപേക്ഷയില്‍ കൂട്ടിച്ചേര്‍ക്കാം.

പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റില്‍ മാര്‍ച്ച് ഒന്നുമുതല്‍ മാര്‍ച്ച് നാലിന് വൈകീട്ട് 7 വരെയാണ് സമയം. ഓണ്‍ലൈന്‍ അപേക്ഷയുടെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഫൈനല്‍ സബ്മിഷന്‍ നടത്തിയ അപേക്ഷകര്‍ക്ക് അപേക്ഷാ സമര്‍പ്പണത്തിന്റെ ബാക്കിവരുന്ന ഘട്ടങ്ങള്‍കൂടി പൂര്‍ത്തിയാക്കാനും ഈ അവസരത്തില്‍ കഴിയും.

എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം. എസ്., അഗ്രികള്‍ച്ചര്‍, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ കോഴ്‌സുകളില്‍ ഏതെങ്കിലും ആവശ്യമുള്ള അപേക്ഷകര്‍ 'മെഡിക്കല്‍ ആന്‍ഡ് അലൈഡ്'ഉം എന്‍ജിനീയറിങ് കോഴ്‌സുകള്‍ ആവശ്യമുള്ളവര്‍ എന്‍ജിനീയറിങ്ങും ബി.ഫാം കോഴ്‌സ് ആഗ്രഹിക്കുന്നവര്‍ 'ഫാര്‍മസിയും' ആര്‍ക്കിടെക്ചര്‍ കോഴ്‌സിന് 'ആര്‍ക്കിടെക്ചര്‍' എന്നും തിരഞ്ഞെടുത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള സൗകര്യം ഒറ്റത്തവണ മാത്രമായിരിക്കും ലഭ്യമാകുക. പുതുതായി കോഴ്‌സുകള്‍ കൂട്ടിച്ചേര്‍ക്കുമ്പോള്‍ അധികമായി തുക അപേക്ഷാ ഫീസിനത്തില്‍ അടയ്‌ക്കേണ്ടിവന്നാല്‍ ഓണ്‍ലൈനായി മാത്രമേ അടയ്ക്കാന്‍ അനുവദിക്കൂ.

Content Highlights: Professional degree entry: Applicants can add new courses