കീം 2020-ൽ കേരള പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന പരീക്ഷ ബാധകമായ സ്ട്രീമുകളും ദേശീയതല പരീക്ഷ വഴി പ്രവേശനം നൽകുന്ന സ്ട്രീമുകളും ഉണ്ട്. ഇവയിൽ താത്‌പര്യമുള്ളവർ പ്രവേശനത്തിനുള്ള അപേക്ഷ ഫെബ്രുവരി 25-നകം നൽകണം. സ്ട്രീമുകൾ നാലാണെങ്കിലും മൊത്തം ആറ് റാങ്ക് പട്ടികകൾ കമ്മിഷണർ പ്രസിദ്ധീകരിക്കും.

1. മെഡിക്കൽ

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) റാങ്ക്‌/മാർക്ക് പരിഗണിച്ചാണ് കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനം. മെഡിക്കൽ കോഴ്സുകളിലെ (എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബി.യു.എം.എസ്.) പ്രവേശനത്തിന് ഒരു റാങ്ക് പട്ടിക

2. മെഡിക്കൽ അനുബന്ധം

മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് (വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി) മറ്റൊരു റാങ്ക് പട്ടിക.

* മെഡിക്കൽ റാങ്ക് പട്ടികയിൽ സ്ഥാനം തേടുന്നവർ നീറ്റ് യു.ജി. 2020 വ്യവസ്ഥകൾ പ്രകാരംതന്നെ യോഗ്യത നേടണം (കാറ്റഗറിയനുസരിച്ച് നിശ്ചിത പെർസന്റൈൽ സ്കോർ - 50/45/40 ലഭിക്കണം). എന്നാൽ, നീറ്റിൽ 20 മാർക്ക് നേടിയവരെയും മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ (വെറ്ററിനറി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി) പ്രവേശനത്തിന് പരിഗണിക്കും. രണ്ടു റാങ്ക് പട്ടികകൾക്കും അടിസ്ഥാനം അപേക്ഷാഥിയുടെ നീറ്റ് യു.ജി. 2020 റാങ്ക്/മാർക്ക് ആയിരിക്കും.

കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ നീറ്റ് യു.ജി. 2020 റാങ്ക്/മാർക്ക് പരിഗണിച്ച് നേറ്റിവിറ്റി വ്യവസ്ഥകൾക്കു വിധേയമായി റാങ്ക് പട്ടികകൾ തയ്യാറാക്കും. ഇതാണ് മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സ് പ്രവേശനത്തിന് ആധാരമാവുക.

3. ആയുർവേദം

മൂന്നാമത്തേത് ആയുർവേദ റാങ്ക് പട്ടികയാണ്. പ്ലസ്ടു തലത്തിൽ സംസ്കൃതം രണ്ടാംഭാഷയായി പഠിച്ചിട്ടുള്ളവർക്ക് ബി.എ.എം.എസ്. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ വെയ്റ്റേജ് ആയി എട്ട് മാർക്ക് അനുവദിക്കും (അപേക്ഷിച്ചപ്പോൾ സംസ്കൃതപഠനം സംബന്ധിച്ച അവകാശവാദം ഉന്നയിച്ചിരിക്കണം, ബന്ധപ്പെട്ടരേഖ നൽകണം). ഇതിനായി നീറ്റ് യോഗ്യതാ വ്യവസ്ഥ തൃപ്തിപ്പെടുത്തുന്നവരുടെ നീറ്റ് മാർക്ക് ആദ്യം പരിഗണിക്കും. ഇവരിൽ സംസ്കൃതം പഠിച്ചവരുടെ കാര്യത്തിൽ അവരുടെ നീറ്റ് മാർക്കിനൊപ്പം എട്ട് മാർക്ക് കൂടി ചേർക്കും. സംസ്കൃതം പഠിക്കാത്തവരുടെ കാര്യത്തിൽ അവരുടെ നീറ്റ് സ്കോർ പരിഗണിക്കും. പുനർനിർണയിക്കപ്പെട്ട/മാറ്റമില്ലാത്ത നീറ്റ് മാർക്ക് പരിഗണിച്ച് അപേക്ഷകരെ റാങ്ക് ചെയ്യും.

ഇങ്ങനെ തയ്യാറാക്കുന്ന റാങ്ക് പട്ടികയാണ് ബി.എ.എം.എസ്. പ്രവേശനത്തിന് ഉപയോഗിക്കുക. മെഡിക്കൽ റാങ്ക് പട്ടികയിൽ ഉള്ളവരെയെല്ലാം ആയുർവേദ റാങ്ക് പട്ടികയിലേക്ക് പരിഗണിക്കും. അപേക്ഷാർഥി ഇതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. ഈ പ്രക്രിയ വഴി ഒരാളുടെ കേരളത്തിലെ മെഡിക്കൽ റാങ്കും ആയുർവേദ റാങ്കും വിഭിന്നമാകാം.

4. എൻജിനിയറിങ്

നാലാമത്തേത് എൻജിനിയറിങ് റാങ്ക് പട്ടികയാണ്. എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടുന്നവരെ മാത്രമേ പരിഗണിക്കൂ. പ്രവേശന പരീക്ഷയ്ക്ക് 960-ൽ ലഭിക്കുന്ന മാർക്കിനെ 300-ൽ ലഭിക്കാവുന്ന മാർക്കായി മാറ്റും. പ്ലസ്ടു രണ്ടാംവർഷ പരീക്ഷയിൽ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്കോരോന്നിനും ലഭിച്ച മാർക്ക് 100-ൽ വീതം ആക്കും. തുടർന്ന് ഓരോ വിഷയത്തിന്റെയും മാർക്ക് പ്രോസ്പക്ടസ് വ്യവസ്ഥപ്രകാരം ഏകീകരിക്കും. ഇപ്രകാരം മൂന്ന് വിഷയങ്ങളുടെയും ഏകീകരിച്ച മാർക്കുകൾ കൂട്ടി 300-ൽ കിട്ടുന്ന മാർക്ക് കണക്കാക്കും.

എൻട്രൻസിലെ മാർക്കും (300-ൽ ആക്കിയത്) മൂന്ന് വിഷയങ്ങളിലെ പ്ലസ് ടു രണ്ടാംവർഷ മാർക്കും (300-ൽ ഉള്ളത്) കൂട്ടി 600-ൽ കിട്ടുന്ന മാർക്ക് അടിസ്ഥാനമാക്കി എൻജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കും. കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തിൽ കംപ്യൂട്ടർ സയൻസ്/ബയോടെക്നോളജി/ബയോളജി വിഷയങ്ങൾ എന്നിവയിലൊന്ന് ആ ക്രമത്തിൽ പരിഗണിക്കും. വിശദാംശങ്ങൾ പ്രോസ്പക്ടസിൽ.

5. ബി.ഫാം.

അഞ്ചാമത്തേത് ബി.ഫാം. റാങ്ക് പട്ടികയാണ്. ഈ സ്ട്രീമിലേക്ക് അപേക്ഷിച്ച് എൻജിനിയറിങ് പേപ്പർ 1 (ഫിസിക്സ് ആൻഡ് കെമിസ്ട്രി) അഭിമുഖീകരിച്ച പരീക്ഷാർഥിയുടെ ഈ പേപ്പറിലെ കെമിസ്ട്രി മാർക്കിനെ 2.25 കൊണ്ടു ഗുണിക്കും. ഇത്, ഫിസിക്സിൽ ലഭിച്ച മാർക്കിനൊപ്പം കൂട്ടും. ഇങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന മൂല്യത്തെ 3-ൽ 2 കൊണ്ട് ഗുണിക്കും. ഇതു ചെയ്യുമ്പോൾ സ്കോർ 480-ലായി മാറും. ഈ ഇൻഡക്സ് മാർക്ക് അടിസ്ഥാനമാക്കി ബി.ഫാം റാങ്ക് പട്ടിക തയ്യാറാക്കും. എൻജിനിയറിങിന് അപേക്ഷിച്ചതുകൊണ്ടും രണ്ട് പേപ്പർ അഭിമുഖീകരിച്ചതുകൊണ്ടും ഒരാളെ ബി.ഫാം. റാങ്ക് പട്ടികയിലേക്ക് പരിഗണിക്കില്ല. ബി.ഫാം സ്ട്രീം അപേക്ഷയിൽ തിരഞ്ഞെടുക്കണം.

6. ബി.ആർക്.

ആർക്കിടെക്ചർ പ്രവേശനത്തിനുള്ള റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ നാറ്റ 2020 സ്കോറിന് 50 ശതമാനവും പ്ലസ്ടു മാർക്കിന് 50 ശതമാനവും വെയ്റ്റേജ് നൽകും. 200-ൽ ഉള്ള നാറ്റ മാർക്ക് 200-ൽ ആക്കി മാറ്റിയ പ്ലസ്ടു മാർക്കിനോടു കൂട്ടി 400-ൽ ഉള്ള മാർക്കാണ് റാങ്കിങ്ങിന് പരിഗണിക്കുക.

ഓർമിക്കാൻ

ഇവിടെ സൂചിപ്പിച്ചത് റാങ്ക് നിർണയ രീതി മാത്രമാണ്. പ്രവേശന സമയത്ത് കോഴ്സ് പ്രവേശനത്തിനു ബാധകമായ വിദ്യാഭ്യാസയോഗ്യത തെളിയിക്കേണ്ടത് വിദ്യാർഥിയുടെ ഉത്തരവാദിത്വമാണ്. റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ടോ, അലോട്ട്മെന്റ് ലഭിച്ചതുകൊണ്ടോ ഒരാൾക്ക് അഡ്മിഷൻ കിട്ടണമെന്നില്ല. പ്രവേശന വേളയിൽ വിദ്യാഭ്യാസ യോഗ്യത തൃപ്തിപ്പെടുത്തുന്നില്ലെങ്കിൽ അലോട്ട്മെന്റ് ഉണ്ടെങ്കിലും പ്രവേശനം ലഭിക്കില്ല.

Content Highlights: KEAM: CEE to publish six rank lists