കേരളത്തിലെ 2020-ലെ എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ തീയതി പ്രവേശന പരീക്ഷാകമ്മിഷണർ പ്രഖ്യാപിച്ചു. ഏപ്രിൽ 20, 21 തീയതികളിൽ രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷ. ആദ്യ ദിവസം ഫിസിക്സ് ആൻഡ് കെമിസ്ട്രി പേപ്പറാണ്. രണ്ടാം ദിവസം മാത്തമാറ്റിക്സ് പേപ്പർ. പരീക്ഷയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ, പ്രോസ്‌പെക്ടസ്‌ വരുമ്പോൾ മാത്രമേ വ്യക്തമാകൂ. അതിനാൽ നിലവിലെ വ്യവസ്ഥകൾ മനസ്സിലാക്കിയുള്ള തയ്യാറെടുപ്പുകൾ നടത്താനേ ഇപ്പോൾ കഴിയൂ. പേപ്പറും പേനയും ഉപയോഗിച്ചുള്ള പരീക്ഷാ രീതിയാണ് നിലവിലുള്ളത്.

പരീക്ഷാ ഘടന

രണ്ടു പേപ്പറിലും 120 വീതം ഓബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് രീതിയിലെ ചോദ്യങ്ങളാണ് ഉണ്ടാവുക. ഫിസിക്സ് ആൻഡ് കെമിസ്ട്രി പേപ്പറിൽ ഫിസിക്സിൽ നിന്ന് 72-ഉം കെമിസ്ട്രിയിൽ നിന്ന് 48-ഉം ചോദ്യങ്ങൾ ഉണ്ടാകും. രണ്ടാം പേപ്പറിൽ മാത്തമാറ്റിക്സിൽനിന്ന് 120 ചോദ്യങ്ങൾ. ഏതെങ്കിലും പ്രത്യേക ബോർഡിന്റെ സിലബസ് അടിസ്ഥാനമാക്കി മാത്രം ആയിരിക്കില്ല ചോദ്യങ്ങൾ. വിവിധ പ്ലസ്ടു സിലബസുകൾ അടിസ്ഥാനമാക്കി, പ്രവേശന പരീക്ഷയ്ക്കായി തയ്യാറാക്കിയ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളുടെ സിലബസ് അടിസ്ഥാനമാക്കിയാകും ചോദ്യങ്ങൾ. സിലബസ് പ്രോസ്പെക്ടസിൽ ഉണ്ടാകും. 2019-ലെ പ്രോസ്പെക്ടസ് http://www.cee-kerala.org-ൽ ലഭിക്കും.  

ചോദ്യങ്ങൾ

ഓരോ ചോദ്യത്തിനു നേരെയും അഞ്ച് ഉത്തരങ്ങൾ നൽകിയിരിക്കും. അവയിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് നീല/കറുപ്പ് മഷിയുള്ള ബോൾപോയന്റ് പേന കൊണ്ട് നിർദേശിച്ചിട്ടുള്ള രീതിയിൽ ഓപ്റ്റിക്കൽ മാർക്ക് റെസ്‌പോണ്‍സ്‌ (ഒ.എം.ആർ.) ഷീറ്റിൽ ഉത്തരം രേഖപ്പെടുത്തുന്നതാണ് നിലവിലെ രീതി. ഉത്തരത്തിനു നേരെയുള്ള അക്ഷരം (A/B/C/D/E) ഉൾക്കൊള്ളുന്ന വൃത്തം, ഉത്തരക്കടലാസിൽ ആ ചോദ്യ നമ്പറിനു നേരെയുള്ളത് പൂർണമായും ‘ഡാർക്കൻ’ ചെയ്ത്‌, ഉത്തരം രേഖപ്പെടുത്തണം. 

മാർക്ക് 

ഓരോ ശരിയുത്തരത്തിനും നാലുമാർക്ക് വെച്ച് കിട്ടും. തെറ്റായ ഉത്തരം രേഖപ്പെടുത്തിയാൽ ഒരു മാർക്കുെവച്ച് നഷ്ടപ്പെടും. അപ്പോൾ, ഒരു പേപ്പറിൽ ലഭിക്കാവുന്ന പരമാവധി മാർക്ക് 480 ആയിരിക്കും. രണ്ടു പേപ്പറിലും കൂടി ലഭിക്കാവുന്ന പരമാവധി മാർക്ക് 960. എന്നാൽ, പ്രവേശന പരീക്ഷയിൽ യോഗ്യത നേടാൻ ഓരോ പേപ്പറിലും പത്തു മാർക്ക് വീതം നേടണം. ഇപ്രകാരം മാർക്കു നേടുന്നവരെ മാത്രമേ എൻജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കാൻ പരിഗണിക്കൂ. എന്നാൽ, പട്ടിക വിഭാഗക്കാർക്ക് ഈ മാർക്ക് വ്യവസ്ഥയില്ല. അവർ, ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം രേഖപ്പെടുത്തിയിരിക്കണം.

റാങ്ക് പട്ടിക  

യോഗ്യതാ പരീക്ഷയുടെ മാർക്ക് റാങ്ക് പട്ടിക തയ്യാറാക്കുന്നതിനുമുമ്പ് യഥാസമയം പ്രവേശന പരീക്ഷാ കമ്മിഷണറെ അറിയിക്കണം. എൻജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ 50 ശതമാനം വെയ്റ്റേജ് പ്രവേശന പരീക്ഷയിലെ മൊത്തം മാർക്കിനാണ്. പ്രവേശന പരീക്ഷയിൽ യോഗ്യത ലഭിക്കുന്നവർക്ക് 960-ൽ ലഭിക്കുന്ന മാർക്ക് 300-ൽ മാറ്റി കണക്കാക്കും. യോഗ്യതാ പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, എന്നീ വിഷയങ്ങൾക്ക് ഓരോന്നിനും പ്ലസ് ടു രണ്ടാം വർഷ പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് (100-ൽ ഉള്ളത്) ആദ്യം പരിഗണിക്കും. അത്, പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരം ഏകീകരിക്കും (വിവിധ ബോർഡുകളിൽ പരീക്ഷ എഴുതുന്നവരുടെ, ഓരോ വിഷയത്തിലെയും മാർക്ക്, താരതമ്യം ചെയ്യാവുന്ന നിലയിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണ് മാർക്ക് ഏകീകരണം. അതിനായി ഓരോ ബോർഡിലും പരീക്ഷ എഴുതിയവരുടെ ഓരോ വിഷയത്തിലെയും മാർക്കുമായി ബന്ധപ്പെട്ട ചില മൂല്യങ്ങൾ പരിഗണിക്കും. 

കഴിഞ്ഞ കുറെ വർഷങ്ങളിൽ ഓരോ വിഷയത്തിലും വിദ്യാർഥികൾക്ക്‌ ലഭിച്ച മാർക്കിന്റെ ശരാശരി, വ്യതിയാനം; അപേക്ഷാർഥി പരീക്ഷ എഴുതിയ വർഷത്തെ ഈ മൂല്യങ്ങൾ എന്നിവ). മൂന്നു വിഷയങ്ങളുടെയും ഏകീകരിച്ച മൊത്തം മാർക്ക് 300-ൽ കണക്കാക്കിയതിന് റാങ്ക് നിർണയത്തിൽ 50 ശതമാനം വെയ്‌റ്റേജാണ് നൽകുക. അങ്ങനെ, 600-ൽ ലഭിക്കുന്ന മൊത്തം മാർക്ക് അടിസ്ഥാനമാക്കിയാണ് എൻജിനിയറിങ് റാങ്ക് പട്ടിക തയ്യാറാക്കുക. 

ബി.ഫാം. പ്രവേശനം 

കേരളത്തിലെ എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യപേപ്പർ (ഫിസിക്സ് ആൻഡ് കെമിസ്ട്രി) നിലവിൽ ബി.ഫാം. പ്രവേശനത്തിനുള്ള പരീക്ഷ കൂടിയാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിൽ പ്രവേശനത്തിനായി ചെല്ലുമ്പോൾ പ്രോസ്പെക്ടസ് പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യത തൃപ്തിപ്പെടുത്തണം. 

ഇതൊക്കെ നിലവിലെ വ്യവസ്ഥകളാണെന്ന കാര്യം പ്രത്യേകം ഓർക്കുക. അന്തിമ വ്യവസ്ഥകൾ, പ്രോസ്പെക്ടസ് പ്രസിദ്ധപ്പെടുത്തുമ്പോൾ മാത്രമേ അറിയാൻ കഴിയൂ. അത് വായിച്ച് മാറ്റങ്ങൾ മനസ്സിലാക്കി മുന്നോട്ടു പോകണം.

പ്രവേശന, യോഗ്യതാ പരീക്ഷകൾ

രണ്ടു വർഷത്തെ അധ്വാനമാണ് ഏപ്രിലിലെ പരീക്ഷയോടെ പൂർത്തിയാവുക. മികച്ച റാങ്കു നേടിയാൽ മാത്രമേ താത്‌പര്യമുള്ള ബ്രാഞ്ചിലും മികച്ച കോളേജിലും പ്രവേശനം കിട്ടൂ. അതിന് പ്രവേശനപരീക്ഷയിൽ മാത്രം മുന്നിലെത്തിയാൽ പോരാ. കാരണം എൻജിനിയറിങ് റാങ്ക് നിർണയത്തിൽ പകുതി പരിഗണന (50 ശതമാനം) മാത്രമേ പ്രവേശന പരീക്ഷയിലെ മാർക്കിനുള്ളൂ. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് പ്ലസ് ടു രണ്ടാം വർഷ പരീക്ഷയിലെ ഏകീകരിച്ച മാർക്കിനാണ് പകുതി പരിഗണന. (കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തിൽ കംപ്യൂട്ടർ സയൻസ്/ ബയോടെക്നോളജി/ബയോളജി എന്നിവയിലൊന്ന് പരിഗണിക്കും) 

Content Highlights: KEAM 2020 Preparation Strategy