പ്രിലില്‍ നടക്കുന്ന കീം 2020 പരീക്ഷയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിക്കുന്നത്. സ്ഥിരമായി വരുന്ന ചോദ്യങ്ങളും അവയ്ക്കുള്ള മറുപടിയുമാണ് ചുവടെ നല്കിയിട്ടുള്ളത്. താത്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് (www.cee.kerala.gov.in) വഴി ഫെബ്രുവരി 25 വരെ അപേക്ഷിക്കാം.

? 2019-ലെ നീറ്റ് റാങ്ക്‌വെച്ച് മെഡിക്കൽ കോഴ്സുകൾക്ക് അപേക്ഷിക്കാമോ
  

= പറ്റില്ല. ഒരു വർഷത്തെ പ്രവേശനത്തിനു നടത്തുന്ന നീറ്റ് യു.ജി. പരീക്ഷയുടെ റാങ്ക് ഇന്ത്യയിലെ മെഡിക്കൽ പഠനത്തിന് ആ വർഷത്തെ പ്രവേശനത്തിനുമാത്രമാണ് ബാധകം. 2019-ലെ നീറ്റ് റാങ്ക്‌വെച്ച് ഇന്ത്യയിൽ ഇനി അപേക്ഷിക്കാൻ കഴിയില്ല. എന്നാൽ, 2019-ലെ നീറ്റ് റാങ്ക് വിദേശ മെഡിക്കൽ പഠനത്തിന് 2019, 2020, 2021 വർഷങ്ങളിലെ പ്രവേശനങ്ങൾക്ക് സാധുവാണ്. 

? കേരളത്തിലല്ല ജനിച്ചത്. അമ്മയുടെ എസ്.എസ്.എൽ.സി.യിലെ പേര് വിനീത കെ. അച്ഛന്റെ പേര് വിജയൻ. എന്റെ സ്കൂൾ രേഖയിൽ അമ്മയുടെ പേര് വിനീത വിജയൻ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിനീത കെ. എന്നു രേഖപ്പെടുത്തിയിട്ടുള്ള അമ്മയുടെ എസ്.എസ്.എൽ.സി.യും അമ്മയുടെ പേരു വിനീത വിജയൻ എന്നുള്ള എന്റെ സ്കൂൾ രേഖയും (കൊറോബറേറ്റീവ് എവിഡൻസ്) കൊടുത്താൽ എനിക്ക് കേരളീയൻ ആനുകൂല്യം കിട്ടുമോ 

= അമ്മ കേരളത്തിലാണു ജനിച്ചതെന്നു തെളിയിക്കുന്ന എസ്.എസ്.എൽ.സി. അടിസ്ഥാനമാക്കിയാണ് കേരളീയൻ ആനുകൂല്യത്തിനു അവകാശം ഉന്നയിക്കുന്നതെന്നു കരുതുന്നു. അമ്മയുടെ എസ്.എസ്.എൽ.സി.യിൽ കേരളത്തിലെ ജനനസ്ഥലം ഉണ്ടായിരിക്കണം. അതിനുവേണ്ട അനുബന്ധ രേഖയാണ് നിങ്ങളുടെ സ്കൂൾ രേഖ. രണ്ടിലെയും അമ്മയുടെ പേര് രേഖപ്പെടുത്തിയത്‌ ഒരുപോലെ ആയിരിക്കണം എന്നാണ് ചട്ടം. പേരിൽ ചെറിയ വ്യത്യാസം ഉള്ളതിനാൽ നിശ്ചിത നമ്പർ ഉള്ള എസ്.എസ്.എൽ.സി.യിലെ വിനീത കെ.യും നിശ്ചിത നമ്പറുള്ള നിങ്ങളുടെ സ്കൂൾ രേഖയിലെ വിനീത വിജയൻ എന്ന ആളും ഒന്നുതന്നെയെന്നു സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റ് (വൺ ആൻഡ് ദി സെയിം പേഴ്സൺ സർട്ടിഫിക്കറ്റ്) വില്ലേജ് ഓഫീസിൽനിന്ന്‌ വാങ്ങി കീം അപേക്ഷയ്ക്കൊപ്പം നൽകുക. 

? 2019-ൽ നാറ്റ യോഗ്യത നേടി. ഈ വർഷത്തെ ബി.ആർക്. പ്രവേശനത്തിന് വീണ്ടും നാറ്റ എഴുതണോ 

= വേണം. 2019-ലെ നാറ്റ സ്കോർ 2019-ലെ പ്രവേശനത്തിനുമാത്രമാണ് ബാധകം. നാറ്റ 2020-ന് ഇപ്പോൾ അപേക്ഷിക്കാം.

? എസ്.ഇ.ബി.സി. (നോൺ ക്രീമിലെയർ) സംവരണ ആനുകൂല്യമുണ്ട്. വാർഷിക കുടുംബവരുമാനം രണ്ടുലക്ഷം രൂപയിൽ താഴെയാണ്. സാമ്പത്തികമായി ബുദ്ധിമുട്ടുള്ള എനിക്ക് സമ്പത്തികമായ പിന്നാക്കംനിൽക്കുന്നവർക്കായുള്ള സംവരണത്തിന് അർഹതയുണ്ടോ? ഈ വിഭാഗത്തിന് ഫീസിളവുണ്ടോ 

= ഒരു സംവരണ ആനുകൂല്യവും ഇല്ലാത്ത വിഭാഗത്തിലെ (ജനറൽ കാറ്റഗറി) സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങളെയാണ് അതിനുള്ള അർഹതാ വ്യവസ്ഥകൾക്കു വിധേയമായി ഇക്കണോമിക്കലി വീക്കർ സെക്‌ഷൻസ് (ഇ.ഡബ്ല്യു.എസ്.) സംവരണത്തിന് പരിഗണിക്കുക. നിങ്ങൾക്ക് എസ്.ഇ.ബി.സി. സംവരണം ഉള്ളതിനാൽ ഇ.ഡബ്ല്യു.എസ്. സംവരണത്തിന് അർഹതയില്ല. ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്കുള്ള സംവരണത്തിന് അർഹരാകുന്നവർക്ക് അതിന്റെ അടിസ്ഥാനത്തിൽ ഒരു ഫീസിളവും ലഭിക്കില്ല. വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നൽകുന്ന ഫീസിളവുകൾ ഉണ്ടെങ്കിൽ അപേക്ഷിക്കുക.

? ജെ.ഇ.ഇ. മെയിൻ ബി.ആർക്. ആദ്യപരീക്ഷ എഴുതി. എൻ.ടി.എ. സ്കോർ കിട്ടി. കേരളത്തിൽ ബി.ആർക്. പഠിക്കാൻ നാറ്റയും എഴുതണോ 

= ഇത്, നിങ്ങൾ കേരളത്തിൽ ബി.ആർക്. പ്രവേശനം ആഗ്രഹിക്കുന്ന സ്ഥാപനത്തെ ആശ്രയിച്ചിരിക്കും. കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) യിൽ ബി.ആർക്. പഠിക്കാൻ ജെ.ഇ.ഇ. മെയിൻ ബി.ആർക്. പ്രവേശന പരീക്ഷയിലെ റാങ്ക്‌വെച്ച് ശ്രമിക്കാം. എന്നാൽ, കേരളത്തിലെ പ്രവേശന പരീക്ഷാകമ്മിഷണർ നടത്തുന്ന ബി.ആർക്. അലോട്ട്മെന്റിന് (കോഴിക്കോട് എൻ.ഐ.ടി. ഇതിൽ വരില്ല) ജെ.ഇ.ഇ. മെയിൻ ബി.ആർക് പ്രവേശന പരീക്ഷയിലെ റാങ്ക് പരിഗണിക്കില്ല. അതിന് നാറ്റ യോഗ്യതതന്നെ വേണം. നാറ്റ യോഗ്യത നേടി സ്കോർ കമ്മിഷണർക്കു നിശ്ചിത സമയത്തിനകം നൽകുന്നവരെമാത്രമേ എൻട്രൻസ് കമ്മിഷണറേറ്റ് വഴിയുള്ള പ്രവേശന പ്രക്രിയയിലേക്ക് പരിഗണിക്കൂ. 

? കീം എൻജിനിയറിങ് പരീക്ഷയുടെ പുതുക്കിയ സിലബസ് എവിടെ കിട്ടും 

= പ്രവേശന പരീക്ഷാ കമ്മിഷണുടെ അപേക്ഷാ പോർട്ടലിൽനിന്ന് പ്രോസ്പക്ടസ് ഡൗൺലോഡു ചെയ്യാം. അതിൽ അനുബന്ധം ഒന്നിൽ (പേജ് 54) എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളുടെ വിശദമായ സിലബസ് യൂണിറ്റ് തിരിച്ച് നൽകിയിട്ടുണ്ട്. പരീക്ഷയ്ക്കുള്ള വിഷയങ്ങളുടെ ഒരു രൂപരേഖമാത്രമാണ് പ്രസിദ്ധപ്പെടുത്തിയ സിലബസ് എന്നും സിലബസിൽ ഉള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട ഉയർന്ന നിലവാരമുള്ളതും പ്രയോഗ യോഗ്യമായതുമായ ചോദ്യങ്ങൾ പ്രതീക്ഷിക്കാമെന്നും ചോദ്യങ്ങൾ എൻ.സി.ഇ.ആർ.ടി. ടെക്‌സ്റ്റ്‌ ബുക്കുകളോ മറ്റേതെങ്കിലും ടെക്‌സ്റ്റ്‌ ബുക്കുകളോ മാത്രം അടിസ്ഥാനമാക്കി ഉള്ളവയാകില്ലെന്നും ക്ലോസ് 9.5.2 -ൽ വ്യക്തമാക്കിയിട്ടുണ്ട്.  

Content Highlights: KEAM 2020 Entrance Exam and Admission Criteria