കീം 2020 പ്രോസ്പക്ടസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളിലെ വിവിധ കോഴ്‌സുകളിലെ എല്ലാസീറ്റുകളും പ്രവേശനപരീക്ഷാ കമ്മിഷണര്‍ അല്ല നികത്തുന്നത്. പല കോഴ്‌സുകള്‍ക്കും അഖിലേന്ത്യാക്വാട്ടയില്‍ 15 ശതമാനം സീറ്റുകള്‍ ലഭ്യമാണ്. ഈ സീറ്റുകള്‍ നികത്തുന്നത് ദേശീയതലത്തില്‍ അലോട്ട്‌മെന്റ് നടത്തുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാണ്.
അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍
1. എം.ബി.ബി.എസ്./ബി.ഡി.എസ്.
രാജ്യത്തെ സര്‍ക്കാര്‍ മെഡിക്കല്‍/ഡെന്റല്‍ കോളേജുകളില്‍ എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകള്‍ക്കുള്ള സീറ്റില്‍ 15 ശതമാനം നീറ്റ് റാങ്ക് അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സിയായ മെഡിക്കല്‍ കൗണ്‍സലിങ് കമ്മിറ്റി (എം.സി.സി.) ആണ് നികത്തുന്നത്. വിവരങ്ങള്‍ക്ക്: https://mcc.nic.in/UGCounselling/. കേരളത്തിലെ 10 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെയും ആറു സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളിലെയും 15 ശതമാനം എം.ബി.ബി. എസ്./ബി.ഡി.എസ്. സീറ്റുകള്‍ ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടും. സീറ്റ് ലഭ്യത കീം 2020 പ്രോസ്പക്ടസ് അനുുബന്ധം III (2)ല്‍.
2. ബി.എ.എം.എസ്./ബി.എച്ച്.എം.എസ്./ ബി.എസ്.എം. എസ്./ബി.യു.എം.എസ്.
സംസ്ഥാനത്തെ ഗവണ്‍മെന്റ്/ എയ്ഡഡ്/സെല്‍ഫ് ഫിനാന്‍സിങ് ആയുര്‍വേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോളേജുകളില്‍ 15 ശതമാനം സീറ്റുകള്‍ നീറ്റ് റാങ്ക് അടിസ്ഥാനത്തില്‍ അഖിലേന്ത്യാ ക്വാട്ട സീറ്റുകളായി നികത്തും. ആയുഷ് അഡ്മിഷന്‍ സെന്‍ട്രല്‍ കൗണ്‍സിലിങ് കമ്മിറ്റി (എ.എ.സി.സി.സി) യാണ് അലോട്ട്‌മെന്റ് നടത്തുന്നത്. വിവരങ്ങള്‍ക്ക്്: https://aaccc.gov.in കേരളത്തില്‍ ലഭ്യമായ സീറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കീം 2020 പ്രോസ്പക്ടസ് അനുബന്ധം IV (2), V(2), VI (2) എന്നിവയില്‍ കാണാം.
3. ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്.
രാജ്യത്തെ അംഗീകൃത വെറ്ററിനറി കോളേജുകളിലെ ബി.വി.എസ്‌സി. ആന്‍ഡ് എ.എച്ച്. (വെറ്ററിനറി) കോഴ്‌സിലെ 15 ശതമാനം സീറ്റുകള്‍ നീറ്റ് റാങ്ക് അടിസ്ഥാനത്തില്‍ അഖിലേന്ത്യാക്വാട്ടയായി വെറ്ററിനറി കൗണ്‍സില്‍ ഓഫ് ഇന്ത്യ നികത്തും. വിവരങ്ങള്‍ക്ക്: http://www.vcicounseling.nic.in/ കേരളത്തിലെ രണ്ടു വെറ്ററിനറി കോളേജുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ ഇതിന്റെ പരിധിയില്‍വരും. കീം 2020 പ്രോസ്പക്ടസ് അനുബന്ധം VII (4) ല്‍ സീറ്റിന്റെ ലഭ്യത സംബന്ധിച്ച വിവരമുണ്ട്.
കീമിന് അപേക്ഷ നല്‍കിയവര്‍ക്കും ഈ മൂന്നുപ്രക്രിയകളില്‍ ഉള്‍പ്പെടുന്ന സീറ്റുകളിലേക്ക് അര്‍ഹതയുണ്ട്. നീറ്റ് യോഗ്യത നേടണം. അതിനുശേഷം ബന്ധപ്പെട്ട ഏജന്‍സികള്‍ നടത്തുന്ന കൗണ്‍സിലിങ് നടപടിക്രമങ്ങളില്‍ യഥാസമയം ചോയ്‌സ് നല്‍കി പങ്കെടുക്കണം. ഇതിനായി പ്രത്യേകം അപേക്ഷയൊന്നും ആര്‍ക്കും നല്‍കേണ്ടതില്ല. കീം 2020 അപേക്ഷ നല്‍കിയില്ലെങ്കിലും നീറ്റ് 2020 യോഗ്യതയുണ്ടെങ്കില്‍ ഇവയില്‍ പങ്കെടുക്കാം.
4. ഐ.സി.എ.ആര്‍. അഖിലേന്ത്യാ ക്വാട്ട
ബി.എസ്‌സി. അഗ്രിക്കള്‍ച്ചര്‍, ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്, ബി.എസ്‌സി. ഫോറസ്ട്രി, ബി.ടെക്. അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്, ബി.ടെക്. ഡെയറി ടെക്‌നോളജി, ബി.ടെക്. ഫുഡ് ടെക്‌നോളജി എന്നിവയുള്‍പ്പെടെയുള്ള അഗ്രിക്കള്‍ച്ചര്‍, അനുബന്ധ കോഴ്‌സുകളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകള്‍ നികത്തുന്നത് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍.), നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി വഴി നടത്തുന്ന അഖിലേന്ത്യാ അഗ്രിക്കള്‍ച്ചര്‍ പ്രവേശനപരീക്ഷ വഴിയാണ്.
പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷന്‍ മാര്‍ച്ച് ഒന്നിന് https://ntaicar.nic.in/ ല്‍ ആരംഭിക്കും. പരീക്ഷ ജൂണ്‍ ഒന്നിനാണ്. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക് ഐ.സി.എ.ആര്‍. അലോട്ട്‌മെന്റില്‍ പങ്കെടുക്കാം. ഈ പ്രക്രിയയില്‍ ഉള്‍പ്പെട്ടിട്ടുള്ള കേരളത്തിലെ കാര്‍ഷിക/വെറ്ററിനറി/ഫിഷറീസ് സര്‍വകലാശാലാ കോഴ്‌സുകളുടെ വിശദാംശങ്ങള്‍ കീം പ്രോസ്പക്ടസ് അനുബന്ധം VII (4) ല്‍ ലഭ്യമാണ്.
ഈ നാല് അലോട്ട്‌മെന്റുകളില്‍ കേരളത്തിലെ കോളേജുകളിലെ സീറ്റ് ലഭ്യത സംബന്ധിച്ച അന്തിമപട്ടിക കൗണ്‍സിലിങ്ങിനുമുമ്പായി അതത് അലോട്ട്‌മെന്റ് ഏജന്‍സികള്‍ പ്രസിദ്ധപ്പെടുത്തും. ഇവ കൂടാതെ വിവിധ കോഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍, മറ്റുസംസ്ഥാനങ്ങള്‍, കേന്ദ്രഭരണപ്രദേശങ്ങള്‍ എന്നിവ നാമനിര്‍ദേശം ചെയ്യുന്ന സീറ്റുകള്‍, റസിപ്രോക്കല്‍ ക്വാട്ട തുടങ്ങിയ വിഭാഗങ്ങളിലായി കേരളത്തില്‍ സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്.
എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്‌സുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നാമനിര്‍ദേശസീറ്റുകളുടെ വിഭാഗങ്ങള്‍, അവ അനുവദിക്കുന്ന വകുപ്പുകള്‍ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങള്‍ അനുബന്ധം III (3) ല്‍ ലഭിക്കും. മറ്റുകോഴ്‌സുകളുടെ വിവരങ്ങള്‍ തുടര്‍ന്നുള്ള അനുബന്ധങ്ങളിലും കിട്ടും. എയ്ഡഡ് കോളേജുകളിലെ ചില സീറ്റുകള്‍ മാനേജ്‌മെന്റ് ക്വാട്ട എന്ന വിഭാഗത്തില്‍ സംവരണം ചെയ്തിട്ടുണ്ട്. ഇവ അതത് മാനേജ്‌മെന്റ്/കോളേജ് നികത്തുന്നു. വിശദാംശങ്ങള്‍ പ്രോസ്പക്ടസില്‍ ഉണ്ട്.
Content Highlights: KEAM 2020: Allotment of International Quota Seats , Seat Allotment